ബിജെപി യുടെ വൻവിജയം, യു പി യിലെ പ്രചാരണ തന്ത്രങ്ങളുടെ മികവിന്റെ പ്രതിഫലനം !

ലക്‌നൗ: ഉത്തര്‍പ്രദേശ് നിയസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്കു വൻവിജയം. എന്നാല്‍ ഈ വിജയം ബിജെപി അക്കൗണ്ടില്‍ ഒരു സുപ്രഭാതത്തില്‍ വന്നുചേര്‍ന്നതല്ല. തിരഞ്ഞെടുപ്പിന് രണ്ടു വര്‍ഷം മുമ്പെ ബിജെപി തുടങ്ങിയ തയ്യാറെടുപ്പുകളുടെ ഭലമാണിത്.

കഠിന പ്രയത്‌നത്തിന്റെയും ആസൂത്രണത്തിന്റെയും ഫലമായാണ് 26 വര്‍ഷത്തിന് ശേഷം ഒറ്റയ്ക്ക് ഭൂരിപക്ഷം നേടി യുപിയുടെ അധികാരം പിടിച്ചെടുക്കാൻ ബിജെപിക്കു പറ്റിയത്. 403ല്‍ 312 സീറ്റുകളും സ്വന്തമാക്കി രാഷ്ട്രീയ ചരിത്രത്തിലെ ബിജെപിയുടെ ഏറ്റവും വലിയ വിജയം.

1999ല്‍ രാമജന്മഭൂമി വിവാദകാലത്താണു ബിജെപി ഇതിനു മുമ്പ് ഒറ്റയ്ക്കു ഭൂരിപക്ഷം നേടിയത്. അന്ന് അവിഭക്ത യുപിയിലെ 425 മണ്ഡലങ്ങളില്‍ 221 എണ്ണം നേടിയാണ് ബിജെപി അധികാരത്തിലെത്തിയത്. തുടര്‍ന്ന് ബിജെപിയുടെ സീറ്റുകള്‍ ഓരോ തിരഞ്ഞെടുപ്പുകളിലും കുറഞ്ഞ് കുറഞ്ഞു വരുന്നതാണ് കണ്ടത്. 1996ല്‍ 174, 2002ല്‍ 88, 2007ല്‍ 51, 2012ല്‍ 47 എന്നിങ്ങനെ ക്ഷയിച്ച് പോകുന്നതിനിടയിലാണ് ഇത്തവണ ചരിത്രത്തിലെ ഏറ്റവും വലിയ നേട്ടം കൊയ്തത്.

സെപ്തംബറില്‍ നടത്തിയ പുതിയ വോട്ടര്‍മാരെ ചേര്‍ക്കുന്നതിനുള്ള ക്യാമ്പയിനായിരുന്നു ബിജെപി വിജയത്തിലെ സുപ്രധാന വഴിത്തിരിവ്. കോളേജ് ക്യാമ്പസുകളും പൊതുയിടങ്ങളും കേന്ദ്രീകരിച്ച് സെപ്തംബര്‍ ഒന്നു മുതല്‍ 17 വരെ നടത്തിയ ക്യമ്പയിനില്‍ 9.14 ലക്ഷം യുവ വോട്ടര്‍മാരെയാണ് ചേര്‍ത്തത്. 6,235 ക്യാമ്പുകളാണ് ഇതിനായി സംഘടിപ്പിച്ചത്.

യുവ വോട്ടര്‍മാരെ ലക്ഷ്യമിട്ട് 1650 കോളേജ് സഭകള്‍ സംഘടിപ്പിച്ചു. പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷാ യുവാക്കളുമായി വീഡിയോ കോണ്‍ഫറന്‍സിങ് നടത്തി. വിദ്യാര്‍ത്ഥിനികളേയും വനിതകളേയും ലക്ഷ്യമിട്ട് സമൃതി ഇറാനിയുടെ നേതൃത്വത്തില്‍ 88 യുവ സമ്മേളനങ്ങളും 77 വനിതാ സമ്മേളനങ്ങളും നടത്തി.

ഒബിസി വിഭാഗക്കാര്‍ക്കായി 200 പിച്ച്ദാ വര്‍ഗ് സമ്മേളനങ്ങളും പട്ടികജാതി-വര്‍ഗക്കാര്‍ക്കായി സ്വഭിമാന്‍ സമ്മേളനങ്ങളും കച്ചവടക്കാര്‍ക്കായി വ്യാപാരി സമ്മേളനവും സംഘടിപ്പിച്ചു.

വിവര സാങ്കേതിക വിദ്യയില്‍ വിദഗ്ദ്ധരായ 25 അംഗ ടീമായിരുന്നു സോഷ്യല്‍ മീഡിയയിലെ പ്രചാരണം നിയന്ത്രിച്ചിരുന്നത്. ഇവര്‍ക്ക് കീഴില്‍ 21 അംഗങ്ങള്‍ വീതമുള്ള ആറു റീജ്യണല്‍ യൂണിറ്റുകള്‍, 15 അംഗങ്ങളുള്ള 90 ജില്ലാ യൂണിറ്റുകളും സമൂഹമാധ്യമങ്ങളിലുടെയുള്ള പ്രചാരണത്തിന് പ്രചാരണത്തിന് മുഴുവന്‍ സമയം പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടു. 10,344 വാട്‌സ് ആപ്പ് ഗ്രൂപ്പുകള്‍ വഴി വീഡിയോ ക്ലിപ്പുകളും ഓഡിയോ സന്ദേശങ്ങളും കൈമാറിക്കൊണ്ടിരുന്നു. നാലു ഫേസ്ബുക്ക് പേജുകളും പ്രചാരണത്തിനുണ്ടായിരുന്നു.

പ്രത്യേക ക്യാമ്പയിനുകള്‍ വഴി ബിജെപിയില്‍ പുതുതായി 2.03 കോടി അംഗങ്ങള്‍ ചേര്‍ന്നുവെന്നാണ് പറയുന്നത്. തിരഞ്ഞെടുപ്പിനായി 67,000 സജീവ അംഗങ്ങളാണ് പ്രവര്‍ത്തന സജ്ജരായി ഉണ്ടായിരുന്നത്. ഇവര്‍ക്കായി 10,25 പരിശീലനക്യാമ്പുകളാണ് നടത്തിയത്. അജീവന്‍ സഹ്യയോഗ് നിധി എന്ന പേരില്‍ പാര്‍ട്ടി പരിപാടികള്‍ക്കായി അംഗങ്ങളില്‍ നിന്ന്‌ 16.91 കോടി രൂപയാണ് പിരിച്ചെടുത്തത്.

Comments

comments