തലയ്ക്ക് സുഖമില്ലാത്തതിനുള്ള ഭാരതരത്‌ന ആദ്യം നല്‍കേണ്ടത് പി.ജെ കുര്യന്: രൂക്ഷ പ്രതികരണവുമായി കെ.എസ്.യു സംസ്ഥാന ജനറല്‍ സെക്രട്ടറി.


കോഴിക്കോട്: അമൃതാനന്ദമയിക്ക് ഭാരതരത്‌നം നല്‍കണമെന്ന് പറഞ്ഞ രാജ്യസഭാ ഉപാധ്യക്ഷനും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ പി.ജെ കുര്യന് ബി.ജെ.പിയില്‍ ചേര്‍ന്നുകൂടേ എന്ന യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. ടി.ജി സുനിലിന്റെ പ്രസ്താവനക്ക് പിന്നാലെ പി.ജെ കുര്യനെതിരെ രൂക്ഷമായ പ്രതികരണവുമായി കെ.എസ്.യു സംസ്ഥാന ജനറല്‍ സെക്രട്ടറി മഞ്ചുക്കുട്ടനും രംഗത്തെത്തി. തലയ്ക്ക് സുഖമില്ലാത്തതിനുള്ള ഭാരതരത്‌ന ആദ്യം നല്‍കേണ്ടത് കുര്യനാണ് എന്നാണ് മഞ്ചുക്കുട്ടന്‍ പ്രതികരിച്ചത്.

അതിനിടയില്‍ കോണ്‍ഗ്രസിന്റെ പ്രവാസി സംഘടനയുടെ അധ്യക്ഷന്‍ തന്നെ കോഴിക്കോട് ബി.ജെ.പിയുടെ ദേശീയ നിര്‍വാഹക യോഗത്തില്‍ വന്ന മോദിയെ സ്വാഗതം ചെയ്തുകൊണ്ട് സംഘപരിവാര്‍ സംഘനടയുടെ ബാനറില്‍ പത്രപരസ്യം നല്‍കിയ സംഭവം ശക്തമായി ഉന്നയിച്ചിട്ടും വിഷയത്തില്‍ മേനോനോട് ഒരു വിശദീകരണം പോലും ചോദിക്കാന്‍ കഴിയാത്ത ദുര്‍ബലതയിലാണ് കേരളത്തിലെ കോണ്‍ഗ്രസ് സംഘടന എന്ന് രാജീവ് ഗന്ധി സ്റ്റഡി സര്‍ക്കിളിന്റെ കേരളത്തിന്റെ ചുമതലയുള്ള അനൂപ് വി.ആര്‍ അഭിപ്രായപ്പെട്ടു.

ഇതിനിടെയാണ് അമൃതാനന്ദമയിക്ക് ഭാരതരത്‌ന കിട്ടാന്‍ ആര്‍.എസ്.എസ് മേധാവിയുടെ മുന്നില്‍ അപേക്ഷകനായി പി.ജെ കുര്യനെപ്പോലെ ഉന്നതനായ ഒരാള്‍ നില്‍ക്കുന്നത്. ഇനി ഈ പാര്‍ട്ടിയില്‍ കോണ്‍ഗ്രസുകാരനായി തുടരുകയെന്നതാണ് ഏറ്റവും വലിയ പ്രതിരോധമെന്നും വി.ആര്‍ അനൂപ് അഭിപ്രായപ്പെടുന്നു.

അമൃതാനന്ദമയിക്ക് ഭാരതരത്‌നം നല്‍കണമെന്ന് കുര്യന്‍ ആവശ്യപ്പെട്ടതിനെതിരെയായിരുന്നു യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. ടി.ജി സുനില്‍ രംഗത്തെത്തിയത്.

കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി അങ്ങ് കോണ്‍ഗ്രസ് പാര്‍ട്ടിക്ക് ഒരു വലിയ ബാധ്യതയും അപമാനവുമാണെന്നും കുറുക്കുവഴികളിലൂടെയും കുതന്ത്രങ്ങളിലൂടെയും അധികാരത്തില്‍ അള്ളിപ്പിടിച്ചിരിക്കുന്ന അങ്ങ് കേരളത്തില്‍ വരുമ്പോള്‍ സ്വയം കല്‍പ്പിക്കപ്പെടുന്ന സീനിയര്‍ നേതാവ് പദവിയും കുര്യന്‍ സാര്‍ വിളിയും കോണ്‍ഗ്രസ് പാര്‍ട്ടിക്കും പ്രവര്‍ത്തകര്‍ക്കും ഒരു ഗുണവും ഇല്ലെന്ന് മാത്രമല്ല വലിയ അപമാനമാണെന്നും സുനില്‍ ആരോപിച്ചിരുന്നു.

(ഡൂൾ ന്യൂസ്)

Comments

comments