കാറപകടത്തിൽ മലയാളി യുവാവ് മരിച്ചു; ഭാര്യ പരുക്കുകളോടെ ആശുപത്രിയിൽ.

പെർത്ത്: പെർത്തിനു സമീപം ശനിയാഴ്ച്ച രാവിലെ ഉണ്ടായ കാറപകടത്തിൽ മലയാളിയായ സോണി ജോസ് (30) എന്ന യുവാവ് തൽക്ഷണം മരിച്ചു. ഇയാൾ കോട്ടയം ജില്ലയിലെ രാമപുരം സ്വദേശിയാണ്. ഒപ്പമുണ്ടായിരുന്ന ഭാര്യ അൽഫോൻസയെ പരുക്കുകളോടെ പെർത്തിലെ റോയൽ പെർത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ് ഇവർ അപകടനില തരണംചെയ്തു.

2008 ൽ സ്റ്റുഡന്റായി സൗത്ത് ഓസ്‌ട്രേലിയയിലെത്തിയ സോണി, രണ്ടു വർഷം മുൻപാണ് ഭാര്യ അൽഫോൻസയോടൊത്ത് നോർത്താമിലേക്ക് കുടിയേറിയത്. നോർത്താമിലെ ചൈൽഡ് പ്രൊട്ടക്ഷൻ ഡിപ്പാർട്മെന്റിൽ ഇരുവരും ജോലി ചെയ്തു വരികയായിരുന്നു. ഭാര്യ അൽഫോസായെ മെൽബണിലേക്ക് യാത്രയാക്കുവാൻ എയർപോർട്ടിലേക്ക് പോകുന്ന വഴിയായിരുന്നു അപകടം സംഭവിച്ചത്. നോർത്താമിൽ നിന്നും പെർത്ത് എയർ പോർട്ടിലേക്കു ഭാര്യയെ യാത്രയാക്കുവാൻ പോകുന്ന വഴി പെർത്തിൽ നിന്നും 55 കിലോമീറ്റർ അകലെ ഗ്രേസ്റ്റ് ഈസ്റ്റേൺ ഹൈവേയിൽ ശനിയാഴ്ച്ച രാവിലെ 7.50 ഓടെയായിരുന്നു അപകടം സംഭവിച്ചത്.

പത്തോളം മലയാളി കുടുംബങ്ങൾ മാത്രമുള്ള നോർത്താമിലെ മലയാളിയായ ജോർജ് അച്ചന്റെ നേതൃത്വത്തിൽ മലയാളി സമൂഹം അടിയന്തിരമായി ചെയ്യണ്ട നടപടികൾ നടത്തിവരികയാണ്. സോണിയുടെ മൃതദേഹം ഇപ്പോൾ പെർത്തിലെ സർ ചാൾസ് ഹോസ്പിറ്റലിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഇപ്പോൾ റോയൽ പെർത്ത് ആശുപത്രിയിലുള്ള ഭാര്യ അൽഫോൻസയുടെ ആരോഗ്യ നില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. പോലീസ് നടപടികൾ പൂർത്തിയാക്കി മൃതദേഹം ബന്ധുക്കൾക്ക് നൽകുവാനുള്ള ക്രമീകരണങ്ങൾ നടന്നു വരികയാണ്.

Comments

comments