സ്‌പോര്‍ട്‌സ് കൗണ്‍സില്‍: അഞ്ജു ബോബി ജോര്‍ജ് രാജിവച്ചു.

തിരുവനന്തപുരം: സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അധ്യക്ഷ സ്ഥാനം അഞ്ജു ബോബി ജോര്‍ജ് രാജിവച്ചു. തിരുവനന്തപുരത്തു നടന്ന കൗണ്‍സില്‍ യോഗത്തിനുശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് രാജി പ്രഖ്യാപിച്ചത്. അപമാനം സഹിച്ച് തുടരാനാവില്ലെന്ന് അഞ്ജു ബോബി ജോര്‍ജ് യോഗത്തില്‍ വ്യക്തമാക്കി.

അതേസമയം സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പുനഃസംഘടിപ്പിക്കാന്‍ സര്‍ക്കാര്‍ നീക്കം തുടങ്ങിയതായും റിപ്പോര്‍ട്ടുകളുണ്ട്. ഈ മാസം 29നകം കൗണ്‍സില്‍ അഡ്മിനിസ്‌ട്രേറ്റീവ് ബോര്‍ഡില്‍ പുതിയ അംഗങ്ങളെ നിയമിക്കാനാണ് സര്‍ക്കാര്‍ തീരുമാനമെന്നാണ് അറിയുന്നത്. മുന്‍ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് ടി.പി.ദാസന്‍ വീണ്ടും കൗണ്‍സിലിന്റെ പ്രസിഡന്റായേക്കുമെന്നും വാര്‍ത്തയുണ്ടായിരുന്നു. 14 ജില്ലാ കൗണ്‍സിലുകളിലേക്ക് പ്രസിഡന്റുമാരെ കണ്ടെത്താനുള്ള ചര്‍ച്ചകളും തലസ്ഥാനത്ത് ആരംഭിച്ചിട്ടുണ്ട്.

UDF അധികാരത്തിൽ ഇരുന്നപ്പോൾ മുൻ ഗവൺമെന്റ് നിയമിച്ച കൗൺസിൽ അംഗങ്ങളെ തുടരാൻ അനുവദിച്ചിരുന്നു, കൗൺസിൽ പുനഃ സംഘടിപ്പിച്ചത് ഇലക്ഷൻ പ്രഖ്യാപനത്തിന് തൊട്ടുമുൻപ് മാത്രമാണ് എന്നാൽ അത്തരം ഒരു രാഷ്ട്രീയ മാന്യത LDF കാണിക്കാതിരുന്നത് പരക്കെ വിമർശനം ക്ഷണിച്ചുവരുത്തിയിട്ടുണ്ട്.

അഞ്ജുവിനൊപ്പം വോളിബോള്‍ താരം ടോം ജോസ് ഉള്‍പ്പെടെയുള്ള കൗണ്‍സിലിലെ 13 അംഗങ്ങളും രാജിവച്ചു. കഴിഞ്ഞ ദിവസങ്ങളിലെ വിവാദങ്ങളുടെ തുടര്‍ച്ചായാണ് രാജിയെന്ന് അഞ്ജു വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അധ്യക്ഷ സ്ഥാനം ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടപ്പോള്‍ തന്നെ തന്റെ തിരക്കുകള്‍ അറിയിച്ചിരുന്നെന്നും എന്നാല്‍ ധാര്‍മികതയുടെ പേരിലാണ് സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം അംഗീകരിക്കാന്‍ തീരുമാനിച്ചതെന്നും അഞ്ജു പറഞ്ഞു.

കായികരംഗത്തിന്റെ ഉന്നമനത്തിനാണ് പ്രസിഡന്റ് സ്ഥാനം ഏറ്റെടുത്തത്. എന്നാല്‍ സ്‌പോര്‍ട്‌സ് കൗണ്‍സിലെ കാര്യങ്ങള്‍ വിചാരിച്ചപോലെ എളുപ്പമായിരുന്നില്ല. തന്റെ മെയില്‍ വരെ ചോര്‍ത്തുന്ന അവസ്ഥയുണ്ടായി. സ്‌പോര്‍ട്‌സുമായി ബന്ധപ്പെട്ട എല്ലാ അഴിമതികളും അന്വേഷിക്കാന്‍ വേണ്ടി എത്തിക്ക്‌സ് കമ്മിറ്റി രൂപീകരിക്കാന്‍ തീരുമാനിച്ചു. ഇതാണ് പ്രധാന ഏറ്റുമുട്ടലിന് കാരണമായതെന്നും അഞ്ജു പറയുന്നു.

ജിവി രാജയെ വരെ കരയിപ്പിച്ചുവിട്ട പ്രസ്ഥാനമാണ് സ്‌പോര്‍ട്‌സ് കൗണ്‍സില്‍. അതിന് മുന്‍പും തങ്ങളുടെ വിഷമമൊന്നും ഒന്നുമല്ലെന്നും അഞ്ജു പറയുന്നു. സ്‌പോര്‍ട്‌സിനെ തോല്‍പ്പിക്കാം. കായികതാരങ്ങളെ തോല്‍പ്പിക്കാനാവില്ല. സ്‌പോര്‍ട് മതത്തിനും രാഷ്ട്രീയത്തിനും അതീതമാണെന്നാണ് കരുതിയത്. തെറ്റിദ്ധാരയുണ്ടായ സ്ഥിതിക്ക് താന്‍ രാജിവെക്കുകയാണെന്നും അഞ്ജു അറിയിച്ചു.

“ഈ നൂറ്റാണ്ടില്‍ കായിക കേരളം കണ്ട ഏറ്റവും വലിയ അഴിമതിയാണ് സ്‌പോര്‍ട്‌സ് ലോട്ടറി. അത് വന്‍ തട്ടിപ്പാണ്. ഇത് പുറത്തുകൊണ്ടുവരണം. പല ഫയലുകളിലും ക്രമേക്കേടുകളുണ്ട്. മാധ്യമങ്ങളും ജനങ്ങളും ചേര്‍ന്ന് അഴിമതി പുറത്തുകൊണ്ടുവരണം. കായികതാരങ്ങളുടെ അടിസ്ഥാന സൗകര്യങ്ങളില്‍ പോലും തട്ടിപ്പ് നടത്തി.

അജിത് മാര്‍ക്കോസിന്റെ നിയമം സര്‍ക്കാരാണ് നടത്തിയത്. അതില്‍ സ്‌പോര്‍ട്‌സ് കൗണ്‍സിലിന് പങ്കില്ല. പരിശീലകനാകാനുള്ള എല്ലാ യോഗ്യതയും അജിത്തിനുണ്ട്. 5 മെഡലുകള്‍ കിട്ടിയ കോച്ച് എന്ന നിലയിലാണ് അജിത്തിനെ നിയമിച്ചത്. തന്റെ സഹോദരന്‍ പരിശീലകന സ്ഥാനം രാജിവെക്കുകയാണ്”, എന്നും അഞ്ജു അറിയിച്ചു.

കായികമന്ത്രി ഇ.പി.ജയരാജന്‍ തന്നോട് മോശമായി പെരുമാറിയെന്ന് അഞ്ജു ബോബി ജോര്‍ജ് ആരോപിച്ചിരുന്നതിലൂടെയാണ് വിവാദം ആരംഭിക്കുന്നത്. അഞ്ജു അടക്കം സ്‌പോര്‍ട്സ് കൗണ്‍സിലില്‍ മുഴുവന്‍ അഴിമതിക്കാരും പാര്‍ട്ടി വിരുദ്ധരുമാണെന്ന് ആരോപിച്ചു തട്ടിക്കയറിയ കായിക മന്ത്രി, എല്ലാവരും കാത്തിരുന്നു കണ്ടോ എന്ന ഭീഷണിയും മുഴക്കിയെന്നായിരുന്നു അഞ്ജുവിന്റെ ആരോപണം.

ഇതിനുപിന്നാലെ താന്‍ അത്തരത്തിലൊന്നും പറഞ്ഞിട്ടില്ലെന്ന് മന്ത്രി ഇ.പി.ജയരാജന്‍ പറഞ്ഞിരുന്നു. വിമാനയാത്രയെക്കുറിച്ചാണ് ചോദിച്ചതെന്നും അതെങ്ങനെ മോശം പെരുമാറ്റം ആകുമെന്നും അദ്ദേഹം ചോദിച്ചിരുന്നു. ഇ.പി ജയരാജന് പിന്തുണയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കമുള്ളവര്‍ രംഗത്തെത്തുകയും ചെയ്തിരുന്നു.

Comments

comments