ഓസ്‌ട്രേലിയന്‍ ഡെപ്യൂട്ടി ഹൈക്കമ്മിഷണറായി മലയാളി.


മെല്‍ബണ്‍: മലയാളിയായ എ. അജയകുമാര്‍ ഓസ്‌ട്രേലിയയില്‍ ഡെപ്യൂട്ടി ഹൈക്കമ്മീഷണറായി നിയമിതനായി. കണ്ണൂര്‍ മട്ടന്നൂര്‍ ഇല്ലംമൂലയിലെ പരേതരായ ടി.പി. കുഞ്ഞിക്കണ്ണന്റെയും അമ്പന്‍ ശാരദയുടേയും മകനായ അജയകുമാറാണ് ചുമതലയേൽക്കുന്നത്, ഇദ്ധേഹം 2001 ബാച്ച് ഐഎഫ്എസ് കാരനാണ്.

അടുത്തദിവസംതന്നെ ഓസ്‌ട്രേലിയയില്‍ ഡെപ്യൂട്ടി ഹൈക്കമ്മീഷണറായി അജയന്‍ ചുമതലയേല്‍ക്കും. മട്ടന്നൂര്‍ ഹൈസ്‌കൂളില്‍ നിന്ന് എസ്എസ്എല്‍സി പരീക്ഷയില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്കുനേടിയാണ് വിജയിച്ചത്. തുടര്‍ന്ന് മട്ടന്നൂര്‍ പഴശ്ശിരാജാ എന്‍എസ്എസ് കോളജ്, കൂത്തുപറമ്പ് നിര്‍മ്മലഗിരി കോളജ്, കോഴിക്കോട് ലോ കോളജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. പൊന്നാനി സ്വദേശി എ.എം. സ്മിതയാണ് ഭാര്യ. അമോല്‍ കിരണ്‍, ആരുഷ് കിരണ്‍ എന്നിവരാണ് മക്കള്‍.

കേന്ദ്ര ഏജന്‍സിയില്‍ ഇന്റലിജന്‍സ് ബ്യൂറോ ഓഫീസറായി പ്രവര്‍ ത്തിച്ച അജയകുമാര്‍ ബഹറിന്‍, ഇറാന്‍ എന്നിവിടങ്ങളില്‍ ഇന്ത്യയുടെ ഫസ്റ്റ് സെക്രട്ടറി, സെക്കന്റ് സെക്രട്ടറി എന്നീ നിലകളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2014-15 കാലഘട്ടത്തില്‍ ഇറാഖ് അംബാസിഡറായി നിയമിതനായി. ഒരു മാസം പിന്നിടുമ്പോഴേക്കും ആഭ്യന്തരകലാപത്തിന്റെ പിടിയിലമര്‍ന്ന ഇറാഖില്‍ നിന്നും ഏഴായിരത്തില്‍പ്പരം ഇന്ത്യക്കാരെയും തൊഴിലാളികളേയും മലയാളികളടക്കം 200ല്‍പ്പരം നഴ്‌സുമാരേയും ഭീകരരില്‍ നിന്നു രക്ഷപ്പെടുത്തി നാട്ടിലെ ത്തിക്കുവാന്‍ സാധിച്ചത് അജയന്റെ ദീര്‍ഘവീക്ഷണം കൊണ്ടായിരുന്നു.

Comments

comments