അമേരിക്കയിലെ കുടിയേറ്റ നിയമത്തിനെതിരേ ശക്തമായ ചെറുത്തുനില്‍പ്പ്.

വാഷിംഗ്ടണ്‍: ഇന്ത്യക്കാരുള്‍പ്പെടെ 110 ദക്ഷിണേഷ്യന്‍ കുടിയേറ്റക്കാര്‍ അമേരിക്കയില്‍ നിരാഹാര സമരത്തില്‍. അനിശ്ചിതമായി നീളുന്ന നിയന്ത്രണം അവസാനിപ്പിക്കണമെന്നും കടുത്ത നിബന്ധനകള്‍ ഒഴിവാക്കണമെന്നുമാവശ്യപ്പെട്ട് ദക്ഷിണേഷ്യന്‍ കുടിയേറ്റക്കാരുടെ സംഘടനയായ ഡെസിസ് റൈസിംഗ് അപ് ആന്‍ഡ് മൂവിംഗ് (ഡ്രം) എന്ന സംഘടനയുടെ നേതൃത്വത്തിലാണ് സമരം നടത്തുന്നത്.

ബുധനാഴ്ച തുടങ്ങിയ സമരം അലബാമ, കാലിഫോര്‍ണിയ, സാന്‍ഡിയഗോ എമിഗ്രേഷന്‍ സെന്ററുകള്‍ക്ക് മുന്നിലാണ് നടത്തുന്നത്. ബംഗ്‌ളാദേശില്‍നിന്നുള്ള കുടിയേറ്റക്കാരാണ് കൂടുതല്‍. ഇന്ത്യ, പാകിസ്താന്‍, നൈജീരിയ, കാമറൂണ്‍, ഇത്യോപ്യ, ടോഗോ തുടങ്ങിയ രാജ്യങ്ങളില്‍നിന്നുള്ള കുടിയേറ്റക്കാരും സമരത്തില്‍ പങ്കെടുക്കുന്നുണ്ട്.

കുടിയേറ്റ നിയമത്തിന്റെ പേരിലുള്ള അറസ്റ്റും നാടുകടത്തലും അവസാനിപ്പിക്കണമെന്നാണ് സമരക്കാരുടെ പ്രധാന ആവശ്യം. കുടിയേറ്റക്കാര്‍ക്കുള്ള ബെഡ് ക്വോട്ട സംവിധാനം അവസാനിപ്പിക്കണമെന്നും സമരക്കാര്‍ പറയുന്നു. ഇതുവരെ 34,000 കുടിയേറ്റക്കാരെ അധികൃതര്‍ തടഞ്ഞുവെച്ചിട്ടുണ്ടെന്നും സമരക്കാര്‍ ആരോപിച്ചു. ഇതേ ആവശ്യമുന്നയിച്ച് ഒക്ടോബറിലും ഇവര്‍ നിരാഹാര സമരം നടത്തിയിരുന്നു. ഇവരെ പീഡിപ്പിക്കുന്ന നയമാണ് അധികൃതര്‍ സ്വീകരിച്ചത്. നാടുകടത്തുമെന്ന ഭയത്താല്‍ നിരവധി കുടിയേറ്റക്കാര്‍ആത്മഹത്യക്ക് ശ്രമിച്ചിട്ടുണ്ടെന്ന് സമരക്കാര്‍ പറഞ്ഞു.

Comments

comments