ട്രാന്‍സ്‌ജെന്‍ഡര്‍: ഇനിയെങ്കിലും ഇന്ത്യയിലെ അയിത്തം മാറുമോ?

ന്യൂഡല്‍ഹി: മൂന്നാംലിംഗക്കാര്‍ എന്ന വിശേഷണത്തില്‍ അറിയപ്പെടുന്ന വിഭാഗത്തിന് ഇന്ത്യയില്‍ ഇനിയെങ്കിലും അയിത്തം മാറുമോ?. ചെന്നൈയിലെ പ്രതിക എന്ന മൂന്നാംലിംഗക്കാരിയുടെ നിയമപോരാട്ടം വിജയത്തിലെത്തിയതോടെയാണ് ഈ ചോദ്യം ഉയർന്നിരിക്കുന്നത്.  ഇന്ത്യയിലെ ഭിന്നലിംഗക്കാരിയായ ആദ്യ സബ് ഇന്‍സ്‌പെക്ടറായിരിക്കുകയാണ് സേലം കന്തപ്പട്ടി സ്വദേശി കെ. പ്രിതിക യാഷിനി. ഇനി തന്റെ ലക്ഷ്യം ഐ.പി.എസ് ആണെന്ന് പ്രദീപായി പിറന്ന് പ്രിതികയായി മാറിയ ഈ ഭിന്നലിംഗക്കാരി പറയുന്നു. പ്രിതിക യാഷിനിയെ തമിഴ്‌നാട് പൊലീസില്‍ സബ് ഇന്‍സ്‌പെക്ടറായി നിയമിക്കാന്‍ മദ്രാസ് ഹൈകോടതിയാണ് ഉത്തരവിട്ടത്.

പ്രതിസന്ധികളുടെ നെടുമ്പാത മറികടന്നാണ് പ്രിതിക (24) എസ്.ഐ പദവിയില്‍ എത്തിയത്. സ്‌കൂള്‍ പഠനകാലത്ത് സബ് ഇന്‍സ്‌പെക്ടര്‍ ആകണമെന്ന ആഗ്രഹത്തോടെ കളിക്കളങ്ങളില്‍ പരിശീലനം തുടങ്ങി. കമ്പ്യൂട്ടര്‍ ആപ്‌ളിക്കേഷനില്‍ ബിരുദം പൂര്‍ത്തിയാക്കിയശേഷമാണ് എസ്.ഐ പരീക്ഷക്ക് അപേക്ഷിച്ചത്. യോഗ്യതാ സര്‍ട്ടിഫിക്കറ്റിലെയും അപേക്ഷയിലെയും പേരും ലിംഗവിഭാഗവും സംബന്ധിച്ച പൊരുത്തക്കേട് ചൂണ്ടിക്കാട്ടി അപേക്ഷ നിരസിച്ചു. മൂന്നാംലിഗക്കാരെ സേനയിലേക്ക് പരിഗണിക്കാന്‍ വകുപ്പില്ലെന്ന് സംസ്ഥാന ആഭ്യന്തര വകുപ്പും നിലപാടെടുത്തു.

പ്രിതികയുടെ സ്‌കൂള്‍, ബിരുദ സര്‍ട്ടിഫിക്കറ്റുകളില്‍ കെ. പ്രദീപ് കുമാറെന്നും പുരുഷനെന്നുമാണ് രേഖപ്പെടുത്തിയിരുന്നത്. ഇതിനിടെ ലിംഗമാറ്റ ശസ്ത്രക്രിയ നടത്തി കെ.പ്രിതിക യാഷിനി എന്ന പേര് സ്വീകരിച്ചിരുന്നു. മൂന്നാംലിംഗത്തിലേക്ക് മാറിയെന്നത് സര്‍ക്കാര്‍ ഗസറ്റില്‍ നല്‍കി ഔദ്യോഗിക അംഗീകാരവും സമ്പാദിച്ചിരുന്നു. ഇത് ചൂണ്ടിക്കാട്ടി മദ്രാസ് ഹൈകോടതിയെ സമീപിച്ചപ്പോള്‍ പരീക്ഷക്കിരുത്താന്‍ ഉത്തരവിട്ടു. പൊലീസില്‍ മൂന്നാംലിംഗക്കാരെ പരിഗണിക്കാത്തതിനാല്‍ സ്ത്രീ വിഭാഗത്തില്‍ ഉള്‍പ്പെടുത്തി പരീക്ഷ എഴുതിപ്പിക്കാനാണ് കോടതി നിര്‍ദേശിച്ചത്. ഉയര്‍ന്ന മാര്‍ക്കോടെ എഴുത്തുപരീക്ഷയും അഭിമുഖവും വിജയിച്ചു. കായികക്ഷമതാ പരിശോധനയിലും വിജയിക്കുകയായിരുന്നു.

Comments

comments