ഇന്ത്യാവിരുദ്ധ വികാരത്തിൽ നിറഞ്ഞ് നേപ്പാൾ!

ഇന്ത്യയുടെ തൊട്ടയല്‍പക്കക്കാരായ നേപ്പാള്‍ പാരമ്പര്യമായി തന്നെ ഇന്ത്യയുടെ ഏറ്റവും അടുത്ത സുഹൃത്തുമാണ്, ലോകത്തിലെ ഏകഹിന്ദുരാജ്യമായിരുന്ന നേപ്പാള്‍ ഏഴുവര്‍ഷം നീണ്ട പരിശ്രമത്തിനൊടുവില്‍ ഒരുപുതിയ ഭരണഘടന സ്വീകരിച്ചു. ഭരണഘടനാ നിര്‍മാണ സഭ മഹാ ഭൂരിപക്ഷത്തോടെയാണ് അതു സ്വീകരിച്ചത്. സെപ്റ്റംബർ 20ആം തിയതി ഞായറാഴ്ച നടന്ന വോട്ടെടുപ്പില്‍ 601 അംഗ സഭയിലെ 507 പേര്‍ പുതിയ ഭരണഘടനയെ അനുകൂലിച്ചു. ഹിന്ദുരാഷ്ട്രം എന്ന പ്രതിശ്ചായയില്‍ നിന്ന് മതേതര, ഫെഡറല്‍, ജനാധിപത്യ, റിപ്പബ്ലിക്കന്‍ രാജ്യമായി നേപ്പാളിനെ ഈ ഭരണഘടന പ്രഖ്യാപിക്കുന്നു.

ഇപ്പോഴത്തെ പ്രശ്നങ്ങൾക്ക് കാരണം ഇന്ത്യയുടെ നയതന്ത്ര വീഴ്ചയും ചില ഇന്ത്യൻ നേതാക്കളുടെ അനാവശ്യ പ്രതികരണങ്ങളുമാണ്. എല്ലാത്തരം നയതന്ത്രമര്യാദകളെയു ലംഘിച്ച് “ഭൂരിപക്ഷം നോക്കിയല്ല അഭിപ്രായസമന്വയം ഉണ്ടാക്കിയാണു ഭരണഘടനയ്ക്കു രൂപം നല്‍കേണ്ടതെന്ന” മോദിയുടെ പരസ്യപ്രഖ്യാപനവും. നേപ്പാൾ ഹിന്ദു രാഷ്ട്രമാക്കണം എന്നു പലപ്പോഴായി പറഞ്ഞുകൊണ്ടിരിക്കുന്ന ഇന്ത്യയിലെ ചില നേതാക്കന്മാരുടെ നടപടികളും വിവാദത്തിന് ആക്കം കൂട്ടി. ‘മോഡി അധികാരത്തിൽ വരികയാണെങ്കിൽ നേപ്പാളിനെ ഹിന്ദു രാഷ്ട്രമാക്കും’ എന്ന വി.എച്ച്.പി നേതാവ് അശോക്‌ സിംഗാളിന്റെ പ്രസ്താവനക്കും മുൻപ് വൻപ്രചാരം കിട്ടിയിരുന്നു.

ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യമായ ഇന്ത്യയുടെ തൊട്ടടുത്ത രാജ്യത്തിനു ലഭിച്ച പുതിയ ഭരണഘടനയെന്ന ചരിത്രമുഹൂര്‍ത്തം ഇന്ത്യക്കു തലവേദനയാണു സമ്മാനിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിക്കു വ്യക്തിപരമായ വലിയ തിരിച്ചടിയും നേപ്പാളില്‍ ലഭിച്ചിരിക്കുന്നു എന്നാണു വിദേശ മാധ്യമങ്ങളുടെ നിരീക്ഷണം. ഈയാഴ്ച ന്യൂയോര്‍ക്കില്‍ യുഎന്‍ പൊതുസഭയുടെ സമ്മേളനവേളയില്‍ നേപ്പാള്‍ പ്രധാനമന്ത്രിയെ കാണാന്‍ മോദി വിസമ്മതിക്കുന്നിടത്തോളം എത്തി കാര്യങ്ങള്‍. മാത്രമല്ല ഇന്റര്‍നെറ്റില്‍ ഇന്ത്യയെ ബഹിഷ്‌കരിക്കുന്നതിനു പ്രത്യേക പ്രചാരണവും ഇപ്പോള്‍ തകൃതിയായി പുരോഗമിക്കുകയാണ്. ബ്ലാക്ക് ഓഫ് ഇന്ത്യ (#backoffindia) എന്ന പേരില്‍ ആണ് പ്രചാരണം. നേപ്പാളിന് സ്വന്തം ഭരണഘടന ഉണ്ടായതില്‍ ഇന്ത്യക്ക് എന്താണ് ചൊരുക്ക് എന്നാണ് പൊതുവെ ഈ പ്രചാരണത്തില്‍ മുഴുകിയിരിക്കുന്നവര്‍ ചോദിക്കുന്നത്.

ലോകമെമ്പാടുമുള്ള നേപ്പാളുകള്‍ ഇന്റര്‍നെറ്റിലൂടെ ഇന്ത്യാ വിരുദ്ധ പ്രചാരണത്തിന് ഇറങ്ങിയിരിക്കുകയാണിപ്പോള്‍. നേപ്പാളിന് ഇന്ത്യ നല്‍കിയ സഹായങ്ങളെ സമ്മതിക്കുമ്പോള്‍ത്തന്നെ ഒരു പരമാധികാരമെന്ന നിലയില്‍ തുടരാന്‍ അനുവദിക്കണമെന്നാവശ്യപ്പെടുന്ന മിതവാദികളും ഏറെയുണ്ട്.

ഇന്ത്യക്കെതിരേയുള്ള ആക്രമണം മോദിക്കെതിരേയും കൂടി ആകുന്നു എന്നതാണ് ഈ പ്രചാരണത്തിന്റെ പ്രത്യേകത. അതിന്റെ കാരണമറിയണമെങ്കില്‍ നമ്മള്‍ പിന്നാമ്പുറത്തേക്ക് സഞ്ചരിക്കണം. 2008-ല്‍ രാജവാഴ്ച അവസാനിപ്പിച്ചതു മുതല്‍ നേപ്പാളിനെ ജനാധിപത്യ റിപ്പബ്ലിക് ആക്കി മാറ്റാന്‍ ഇന്ത്യയും കാര്യമായി പരിശ്രമിച്ചു വരികയായിരുന്നു. പ്രമുഖ പാര്‍ട്ടികള്‍ക്കിടയില്‍ ധാരണ ഉണ്ടാക്കുന്നതിനും മറ്റും ഇന്ത്യ സഹായിച്ചു. ചൈനീസ്സ്വാ ധീനത്തില്‍നിന്നു നേപ്പാളിനെ മാറ്റിയെടുക്കാനും സമീപവര്‍ഷങ്ങളിലെ ഇന്ത്യന്‍ നയങ്ങള്‍ സഹായിച്ചു.

നരേന്ദ്രമോദി പ്രധാനമന്ത്രിയായശേഷം നേപ്പാളിന്റെ കാര്യത്തില്‍ പ്രത്യേക താത്പര്യമെടുത്തു. കഴിഞ്ഞവര്‍ഷം രണ്ടുതവണയാണ് അവിടം സന്ദര്‍ശിച്ചത്. നേപ്പാളിലേക്ക് 17 വര്‍ഷത്തിനു ശേഷമാണ് ഒരു പ്രധാനമന്ത്രി ചെല്ലുന്നതെന്ന കാര്യം മോദി എടുത്തുപറഞ്ഞു.

2014 ഓഗസ്റ്റിലെ ആദ്യ യാത്രയില്‍ 10 കരാറുകള്‍ ഒപ്പുവച്ചു. നേപ്പാളിന് 6500 കോടി ഡോളര്‍ വായ്പയും പ്രഖ്യാപിച്ചു. നവംബറില്‍ ചെന്നപ്പോള്‍ അത്ര നല്ലതായിരുന്നില്ല പ്രതികരണം. ഭരണഘടനയെ സംബന്ധിച്ചു മോദി ചില നിര്‍ദേശങ്ങള്‍ മുന്നോട്ടുവച്ചതു സ്വീകരിക്കാന്‍ പ്രധാനമന്ത്രി സുശീല്‍ കൊയ്‌രാള തയാറായില്ല. അതേത്തുടർന്നാണ് നയതന്ത്രമര്യാദ ലംഘിച്ചുകൊണ്ടുള്ള മോദിയുടെ പരസ്യപ്രഖ്യാപനം വന്നത്, സ്വാഭാവികമായു ഇന്ത്യയുടെ മര്യാദയില്ലാത്ത പെരുമാറ്റം നേപ്പാളികളെ രോഷാകുലരാക്കി, ജനങ്ങൾ മോഡിക്കെതിരെ തിരിയുകയും ചെയ്തു.

നേപ്പാളിന്റെ പ്രശ്‌നങ്ങളില്‍ ഇന്ത്യ ഇടപെടുമ്പോള്‍ പണ്ടുമുതലേ അതിനെതിരേ പ്രതികരണങ്ങളും ഉണ്ടാകാറുണ്ട്. ഇന്ത്യ വല്യേട്ടന്‍ കളിക്കുകയാണെന്നു നേപ്പാളിലെ ചില പാര്‍ട്ടികളും മാധ്യമങ്ങളും പണ്ടുമുതലേ പറയാറുണ്ടായിരുന്നു. പാശ്ചാത്യ മാധ്യമങ്ങളും അത് ഏറ്റുപാടിയിരുന്നു. ഭരണഘടനാ നിര്‍മാണത്തെപ്പറ്റിയുള്ള പരാമര്‍ശങ്ങള്‍ ഇത്തരം പ്രചാരകര്‍ ആയുധമാക്കി. പിന്നീടു ഭൂകമ്പമുണ്ടായപ്പോള്‍ ഇന്ത്യയുടെ ചില ചെയ്തികള്‍ക്കു നേപ്പാളി മാധ്യമങ്ങളിൽ വൻ പ്രചാരണമാണ് ലഭിച്ചത്.

പ്രധാനമന്ത്രി മോദിയുടെ ട്വീറ്റില്‍നിന്നാണു നേപ്പാളി പ്രധാനമന്ത്രി കൊയ്‌രാള ഭൂകമ്പവിവരം അറിഞ്ഞതെന്നും, രക്ഷാപ്രവര്‍ത്തനത്തിനു ശരിയായ ഏകോപനം നല്‍കാന്‍ ഇന്ത്യന്‍ പട്ടാളം വേണ്ടിവന്നുവെന്നും. ഇതേപ്പറ്റി മോദി സര്‍ക്കാര്‍ പറഞ്ഞതിനു വലിയ വിമര്‍ശനമാണ് നേപ്പാളി മാധ്യമങ്ങള്‍ നടത്തിയത്. തുടർന്നുണ്ടായ ശക്തമായ എതിർപ്പിനെ തുടർന്ന് ഇന്ത്യന്‍ സേനയെ രക്ഷാപ്രവര്‍ത്തനം തീരും മുമ്പേ തിരിച്ചുവിട്ട സാഹചര്യവും ഉണ്ടായി.

തര്‍ക്കം പ്രധാനമായും മാധേശികളെ സംബന്ധിച്ച്

ഇപ്പോള്‍ ഭരണഘടന തയാറായപ്പോള്‍ ഇന്ത്യ ഉന്നയിച്ച സുപ്രധാനമായ പല വിഷയങ്ങളും അവഗണിക്കപ്പെട്ടു. ഏറ്റവും പ്രധാനം മാധേശികളുടേതാണ്. ഇന്ത്യയില്‍നിന്നു കുടിയേറിയവരും തദ്ദേശീയരും ഒക്കെച്ചേര്‍ന്ന ഒരു വംശീയ ന്യൂനപക്ഷമാണു മാധേശികള്‍. ഇവര്‍ പ്രധാനമായും തറായ് (താഴ്‌വാരം) എന്നു വിളിക്കപ്പെടുന്ന പ്രദേശത്താണു താമസം. ഇന്ത്യയോടു ചേര്‍ന്നുള്ള സമതല മേഖലയാണിവിടം. വലിയ മലനിരകള്‍ക്കു താഴെ കഴിയുന്ന ഇവരുടെ ആശങ്കകള്‍ ഭരണഘടനാ നിര്‍മാണസഭ പാടേ അവഗണിച്ചു.

നേപ്പാളിലെ മൂന്നുകോടി ജനങ്ങളില്‍ 60 ലക്ഷം മാധേശികളാണ്. ഇവരുടെ ബലം കുറയ്ക്കാവുന്നവിധമാണു പുതിയ ഭരണഘടന രാജ്യത്തെ വിഭജിച്ചത്. രാജ്യം ഏഴു പ്രവിശ്യകളാക്കി. മാധേശികള്‍ അഞ്ചു പ്രവിശ്യകളില്‍ ചിതറിപ്പോകുന്നവിധമാണു വിഭജനം. ഒരു പ്രവിശ്യയില്‍ മാത്രമേ സമതലവാസികള്‍ക്കു ഭൂരിപക്ഷമുള്ളു. നിയോജകമണ്ഡല വിഭജനത്തിലും സമതലവാസികളെ ഒതുക്കി. അവര്‍ക്കു വിജയിക്കാന്‍ പറ്റാത്ത വിധത്തിലായി മണ്ഡലങ്ങള്‍. സമതലത്തിലെ പൂര്‍വനിവാസികളെ ഒതുക്കി പര്‍വതമേഖലയിലെ വരേണ്യവര്‍ഗത്തിനു ഭരണാധിപത്യം ഉറപ്പിക്കാനുള്ള കുത്സിതനീക്കം ഭരണഘടനാനിര്‍മാണത്തില്‍ സംഭവിച്ചതായാണു മാധേശികളുടെ പരാതി. തങ്ങളുടെ അപേക്ഷ പരിഗണിക്കാതെ ഭൂരിപക്ഷാഭിപ്രായ പ്രകാരം ഭരണഘടന ഉണ്ാകുമെന്ന് ഓഗസ്റ്റ് മൂന്നാംവാരത്തോടെ ഉറപ്പായി. ഇതോടെ മാധേശികള്‍ തെരുവിലിറങ്ങി, പ്രക്ഷോഭത്തില്‍ ഇതിനകം 40-ലേറെപ്പേര്‍ കൊല്ലപ്പെട്ടു.

സെപ്റ്റംബർ 20ആം തിയതി ഞായറാഴ്ച ഭരണഘടന പാസായതായി പ്രസിഡന്റ് റാം ബരേന്‍ യാദവ് പ്രഖ്യാപിച്ചശേഷം മാധേശി പ്രക്ഷോഭം കൂടുതല്‍ ശക്തമായി. വെടിവയ്പില്‍ മാധേശി പ്രക്ഷോഭനേതാക്കള്‍ക്കു പരിക്കേറ്റു. മാധേശികള്‍ക്കൊപ്പം മറ്റൊരു വംശീയ ന്യൂനപക്ഷമായ താരു വിഭാഗവും പുതിയ ഭരണഘടനയെ എതിര്‍ക്കുന്നു. അവരും ജനസംഖ്യയുടെ അഞ്ചിലൊന്നുവരും.

ഇന്ത്യയും ആശങ്കയില്‍

ജനസംഖ്യയുടെ 40 ശതമാനത്തോളം വരും മാധേശികളും താരുക്കളും ചേര്‍ന്നാല്‍. ഇവരുടെ ശബ്ദത്തെ അവഗണിച്ചു കാഠ്മണ്ഡുവിലെ ഭരണകൂടം മുന്നോട്ടുപോയാല്‍ രക്തച്ചൊരിച്ചിലാകും ഫലം. വംശീയ ന്യൂനപക്ഷങ്ങള്‍ക്കു പരിഗണന നല്‍കാമെന്ന് ഇന്ത്യക്ക് ഉറപ്പുനല്‍കിയിരുന്ന രാഷ്ട്രീയപാര്‍ട്ടികള്‍ ഒടുവില്‍ ചുവടുമാറ്റിയത് ഇന്ത്യന്‍ നേതൃത്വത്തെ വല്ലാതെ അസ്വസ്ഥമാക്കിയിട്ടുണ്ട്. ഭരണഘടന അംഗീകരിക്കുന്നതിനു രണ്ടു ദിവസം മുമ്പ് വിദേശകാര്യ സെക്രട്ടറി എസ്. ജയശങ്കര്‍ തിരക്കിട്ടു കാഠ്മണ്ഡുവിലെത്തി പ്രധാനമന്ത്രിയെയും മറ്റു നേതാക്കളെയും കണ്ടിരുന്നു. പക്ഷേ, ഫലമുണ്ടായില്ല. ഭരണഘടന അംഗീകരിക്കുന്നതിനു തലേന്നും അംഗീകരിച്ച ദിവസവും പിറ്റേന്നും ഇന്ത്യയുടെ വിദേശ മന്ത്രാലയം നേപ്പാള്‍ സംബന്ധിച്ച് ഔപചാരിക പ്രസ്താവനകള്‍ പുറപ്പെടുവിച്ചിരുന്നു. ഭരണഘടന അംഗീകരിച്ചതില്‍ സന്തോഷം പ്രകടിപ്പിക്കുകയോ അഭിനന്ദനം അറിയിക്കുകയോ ചെയ്യാതെയായിരുന്നു പ്രസ്താവനകള്‍. എല്ലാ വിഭാഗങ്ങളെയും ഉള്‍ക്കൊള്ളിച്ചു വേണ്ടിയിരുന്നു ഭരണഘടന എന്നു പ്രസ്താവനയില്‍ തുറന്നുപറയുകയും ചെയ്തു. ഇന്ത്യ-നേപ്പാള്‍ ബന്ധം അങ്ങേയറ്റം വഷളായി എന്നു വ്യക്തം.

വംശീയ ന്യൂനപക്ഷങ്ങള്‍ പ്രക്ഷോഭം തുടരുകയും ഭരണകൂടം അടിച്ചമര്‍ത്തലിനു മുതിരുകയും ചെയ്താല്‍ ഇന്ത്യയിലേക്ക്, പ്രത്യേകിച്ചു തെരഞ്ഞെടുപ്പു നടക്കുന്ന ബിഹാറിലേക്ക്, അഭയാര്‍ഥി പ്രവാഹമുണ്ടാകും. ഇതു തടയാന്‍ മോദി സര്‍ക്കാരിനു വഴി കണ്ടേ മതിയാകൂ. ഇപ്പോള്‍ത്തന്നെ ഇന്ത്യയില്‍നിന്നു നേപ്പാളിലേക്കുള്ള ചരക്കു നീക്കം, പ്രക്ഷോഭം മൂലം, പലേടത്തും തടസപ്പെട്ടിരിക്കുകയാണ്. നേപ്പാളിന് അവശ്യസാധനങ്ങളെല്ലാം ഇന്ത്യയിലൂടെവേണം കിട്ടാന്‍. മാധേശി പ്രക്ഷോഭംമൂലം അതു തടസപ്പെട്ടാല്‍ ജനജീവിതം ദുസഹമാകും.

ഇന്ത്യക്കു ചൈനയെയും പരിഗണിക്കേണ്ടതുണ്ട്. ചൈന പുതിയ ഭരണഘടനയെ സ്വാഗതം ചെയ്യുന്നു. നേരത്തേ മുതല്‍ നേപ്പാളിനെ തങ്ങളുടെ വലയത്തിലാക്കാന്‍ ചൈന വഴിവിട്ട സഹായങ്ങള്‍ ചെയ്യുന്നതാണ്. ഇതു ചൈന അവസരമാക്കാതിരിക്കില്ല. നേപ്പാളിന് ഇന്ത്യയെ തീരെ അവഗണിക്കാനും പറ്റില്ല. ആ രാജ്യത്തിന്റെ വാണിജ്യത്തില്‍ 65 ശതമാനം ഇന്ത്യയോടാണ്. അവിടെ എത്തുന്ന ടൂറിസ്റ്റുകളില്‍ നാലിലൊന്ന് ഇന്ത്യക്കാരാണ്. നേപ്പാളിലെ മൂലധന നിക്ഷേപത്തില്‍ 46 ശതമാനം ഇന്ത്യക്കാരുടേതാണ്. ഇന്ത്യയില്‍ ജോലിചെയ്യുന്ന നേപ്പാളികള്‍ ലക്ഷക്കണക്കിനാണ്. പരസ്പരബന്ധം ഉപേക്ഷിക്കാനാവില്ല. എന്നാല്‍ പരസ്പര വിശ്വാസം നഷ്ടമായാലോ? ഇന്ത്യ-നേപ്പാള്‍ ബന്ധം ഈയൊരു പതനത്തിന്റെ വക്കിലാണ്. അതിന് കൂടുതല്‍ ശക്തിപകരുന്നതാണ് ഇപ്പോള്‍ ഇന്റര്‍നെറ്റില്‍ ആടിത്തിമിര്‍ക്കുന്ന പ്രതിഷേധം.

Comments

comments