ഡല്‍ഹിയില്‍ നിയമയുദ്ധം, പുനീതിനെ ഓസ്‌ട്രേലിയയിലേക്ക് തിരിച്ചയക്കരുതെന്ന് അഭിഭാഷകന്‍.

മെല്‍ബണ്‍: മെല്‍ബണില്‍ അമിതവേഗത്തില്‍ വാഹനമോടിച്ച് യുവാവിനെ കൊലചെയ്ത സംഭവത്തില്‍ അറസ്റ്റിലായശേഷം നാട്ടിലേക്ക് രക്ഷപെട്ട ഇന്ത്യക്കാരന്‍ പുനീത് പുനീത് എന്ന യുവാവ് വൃക്കരോഗത്താൽ വലയുന്നതായി അദ്ദേഹത്തിന്റെ അഭിഭാഷകന്‍. ഈ സാഹചര്യത്തില്‍ പുനീതിനെ നിയമ നടപടികള്‍ക്കുവേണ്ടി ഓസ്‌ട്രേലിയയിലേക്ക് തിരിച്ചയക്കരുതെന്നും അഭിഭാഷകന്‍ കോടതിയില്‍ ആവശ്യപ്പെട്ടു.

പുനീതിനെ ഓസ്‌ട്രേലിയയിലേക്കു തിരിച്ചയക്കണമോയെന്ന കാര്യത്തില്‍ ഡല്‍ഹിയില്‍ നിയമയുദ്ധം നടക്കുകയാണ്. വിക്ടോറിയന്‍ അധികൃതരാണ് തിരിച്ചയക്കണമെന്നാവശ്യപ്പെട്ട് കോടതിയിലെത്തിയത്. മെല്‍ബണില്‍ ശിക്ഷയെ അഭിമുഖീകരിക്കുന്നതിന് അവസരമൊരുക്കുകയാണ് അധികൃതരുടെ ലക്ഷ്യം. സര്‍ജിക്കല്‍ ഗ്ലൗസും കൈയില്‍ സ്ലിംഗും അണിഞ്ഞാണ് പുനീത് കഴിഞ്ഞദിവസം കോടതിയിലെത്തിയത്. അമ്മ ഗീതാ റാണിയുടെയും അച്ഛന്‍ നീരജ് കുമാറിന്റെയും സഹായത്തോടെയായിരുന്നു ഇയാള്‍ കോടതിക്കുള്ളിലേക്ക് നടന്നത്. വൃക്കരോഗം മൂലം വിഷമിക്കുന്ന പുനീതിനെ ഇന്ത്യയില്‍ തുടരാന്‍ അനുവദിക്കണമെന്നാണ് അഭിഭാഷകന്‍ എ.കെ.സിംഗാള്‍ ആവശ്യപ്പെടുകയും ചെയ്തു.

തന്റെ കക്ഷി ഗുരുതരമായ രോഗത്തെ അഭിമുഖീകരിക്കുകയാണെന്നും വിശ്രമം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. വാദംകേട്ട കോടതി പുനീതിനുള്ള ജാമ്യം ഒക്ടോബര്‍ 14 വരെ നീട്ടി ഉത്തരവിടുകയും ചെയ്തു. കഴിഞ്ഞമാസമാണ് പുനീതിന് ഇന്ത്യന്‍ കോടതി ജാമ്യം അനുവദിച്ചത്. ഓസ്‌ട്രേലിയ ഏറെ രോഷത്തോടെയാണ് ഈ വാര്‍ത്തയെ അഭിമുഖീകരിച്ചത്.

2008 ലാണ് കേസിന് ആസ്പദമായ സംഭവം. ക്യൂന്‍സ്‌ലന്റ് കാരനായ ഡീന്‍ഹോഫ്സ്റ്റീ എന്ന 19 കാരന്‍ ആണ് സൗത്ത് ബാങ്കിലെ സിറ്റി റോഡിലുണ്ടായ വാഹനാപകടത്തില്‍ കൊല്ലപ്പെട്ടത്. പുനീത് പുനീത് അമിതവേഗതയില്‍ ഓടിച്ച കാര്‍ ഇടിച്ചായിരുന്നു അപകടം. ഡീന്‍ ഹോഫ്സ്റ്റിയുടെ സുഹൃത്ത് ക്ലാന്‍സി കോക്കറിന് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. അപകടസമയത്ത് പുനീത് മദ്യപിച്ചിരുന്നു. അപകട സമയത്ത് 148 കിലോമീറ്ററായിരുന്നു വാഹനത്തിന്റെ വേഗം.

ഹോട്ടല്‍മാനേജ്‌മെന്റ് പഠനത്തിനാണ് ഈ യുവാവ് ഇന്ത്യയില്‍ നിന്ന് ഓസ്‌ട്രേലിയയിലെത്തിയത്. കേസില്‍ ശിക്ഷകാത്ത് കഴിയുന്ന വേളയില്‍ സുഹൃത്തിന്റെ പാസ്‌പോര്‍ട്ട് ഉപയോഗിച്ച് ഇയാള്‍ ഇന്ത്യയിലേക്ക് രക്ഷപെടുകയും ചെയ്തു. ഇതേത്തുടര്‍ന്ന് സുഹൃത്ത് ജയിലിലായി. 2013 ലാണ് പുനീത് ഇന്ത്യയില്‍ അറസ്റ്റിലാകുന്നത്. പുനീതിനെ ഓസ്‌ട്രേലിയയിലേക്ക് നാടുകടത്തുന്നതിനെതിരേ നിയമയുദ്ധം നടത്തുമെന്ന് അമ്മ ഗീതാറാണി നേരത്തെ വ്യക്തമാക്കിയിരുന്നു.

Comments

comments