കേരളത്തിലിനി ‘സ്മാർട്ട് ബസ്‌ ഷെൽട്ടർ’.

പാലക്കാട്: കേരളത്തിലെ ആദ്യ ‘സ്മാർട്ട് ബസ്‌ ഷെൽട്ടർ’ തൃത്താലയിൽ ഉദ്ഘാടനം ചെയ്തു. കോണ്‍ഗ്രസിലെ ശ്രദ്ധേയനായ യുവ എംഎല്‍എ വി.ടി. ബല്‍റാമിന്റെ പ്രാദേശിക വികസന ഫണ്ടുപയോഗിച്ച് നിര്‍മിച്ച സ്മാര്‍ട്ട് ബസ് ഷെല്‍ട്ടറിന്റെ ഉദ്ഘാടനം ജൂലൈ 3 വെള്ളിയാഴ്ച രാവിലെ ടൂറിസം മന്ത്രി എ.പി.അനില്‍ കുമാര്‍ നിര്‍വഹിച്ചു, ഉദ്ഘാടനച്ചടങ്ങിൽ വെച്ചു തന്നെ മന്ത്രി വൈഫൈ ഉപയോഗിച്ച് ലാപ്ടോപ്പിൽ നിന്ന് ടൂറിസം വകുപ്പിന്റെ വെബ് സൈറ്റ് സന്ദർശിച്ചു.

ചാലിശേരി സ്‌കൂളിലെ കുട്ടികള്‍ക്ക് ഇനി പേടിക്കാതെ ബസ് കാത്തുനില്‍ക്കാം. വെറുതെ കാത്തുനില്‍ക്കേണ്ട, ഏറ്റവും ആധുനിക സൗകര്യങ്ങളോടെ ഒരു ബസ് കാത്തിരിപ്പ് കേന്ദ്രമാണ് അവര്‍ക്ക് ലഭിച്ചിരിക്കുന്നത്. ചാലിശേരിയിൽ നിർമ്മിച്ചിരിക്കുന്നത് കേരളത്തിലെ ആദ്യത്തെ ‘സ്മാർട്ട് ബസ്‌ ഷെൽട്ടറാണ്’, ആളുകളുടെ സരക്ഷണം ഉറപ്പുവരുത്തുന്നതിനായി മേല്‍ക്കൂര ഫൈബര്‍ഷീറ്റ് ഉപയോഗിച്ചാണ് നിര്‍മിച്ചിരിക്കുന്നത്. താഴെ മനോഹരമായ സീലിങ്ങും നടത്തിയിട്ടുണ്ട്. രാത്രികാലങ്ങളില്‍ ബസ് കാത്തിരിപ്പു കേന്ദ്രം സോളാര്‍ പാനല്‍ വഴി പ്രകാശിക്കും. സ്റ്റീല്‍ തൂണുകളിലാണ് ഇരിപ്പിടം സജ്ജീകരിച്ചിരിക്കുന്നത്. മൊബൈൽ ഫോൺ ചാർജറുൾപ്പെടയുള്ള സൌകര്യങ്ങളോടുകൂടിയ കാത്തിരുപ്പു കേന്ദ്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകത യാത്രക്കാര്‍ക്ക് മടുപ്പ് ഒഴിവാക്കാനായി സജ്ജീകരിച്ചിരിക്കുന്ന എഫ്.എം. റേഡിയോ സംവിധാനവും വൈഫൈ സംവിധാനവുമാണ്. ഇത്രയും സൌകര്യങ്ങൾ ഒരുക്കാൻ ചിലയായത് വെറും 2.70 ലക്ഷം രൂപ മാത്രമാണ്.

മലയാളം, ഇംഗ്ലീഷ്, ഹിന്ദി എന്നീ മൂന്ന് ഭാഷകളിലായി സ്ഥലപ്പേരും “മൈ തൃത്താല” എന്ന ബ്രാൻഡ് ലോഗോയും പ്രാധാന്യത്തോടെ നൽകിയിരിക്കുന്ന ബസ്‌ ഷെൽട്ടറിൽ എം.എൽ.എയുടെ പേര് ഒരറ്റം മുതൽ മറ്റേയറ്റം വരെ നീട്ടി വലിച്ച് എഴുതിയിട്ടില്ല എന്നതും വലിയൊരു പ്രത്യേകതയാണ്. നിയമപരമായി നിർബന്ധമായതുകൊണ്ട് മാത്രം ഒരറ്റത്ത് ചെറിയ രീതിയിൽ പദ്ധതി വിശദീകരണം നടത്തിയിട്ടുണ്ട്.

നാലുവര്‍ഷത്തെ കാത്തിരിപ്പിനു ശേഷമാണ് ചാലിശേരി ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിനു മുന്നില്‍ ആധുനിക സൗകര്യങ്ങളോടെയുള്ള ഒരു വെയിറ്റിംഗ്് ഷെഡ് യാഥാര്‍ത്ഥ്യമായത്. 2011 മേയ് മാസത്തില്‍ കോണ്‍ക്രീറ്റ് അടര്‍ന്നു വീണ് വെയിറ്റിംഗ് ഷെഡിന് കേടുപാടുകള്‍ സംഭവിച്ചതോടെ പുതുക്കിപ്പണിയണെന്ന ആവശ്യം വിദ്യാര്‍ഥികളും രക്ഷിതാക്കളും നിരവധി തവണ അധികാരികളുടെ മുന്നിലെത്തിച്ചിരുന്നു.ഹയര്‍സെക്കന്‍ഡറി, ഹൈസ്‌കൂള്‍, യു.പി, എല്‍.പി. വിഭാഗങ്ങളില്‍ നിന്നായി 2500 വിദ്യാര്‍ഥികളുടെയും അധ്യാപകരുടെയും അടക്ക വില്പന കേന്ദ്രത്തില്‍ വരുന്നവരുടെയും യാത്രക്കായുള്ള ആശ്രയമായിരുന്നു ഈ കാത്തിരിപ്പു കേന്ദ്രം.

വൈഫൈ ഇന്റർനെറ്റ്, എഫ് എം റേഡിയോ, എൽഇഡി ലൈറ്റിംഗ്, സൗരോർജ പാനലുകൾ, മൊബൈൽ ഫോൺ ചാർജർ തുടങ്ങിയവയെല്ലാം ഒരുക്കിയ ഇത്തരം ഇരുപതോളം ‘സ്മാർട്ട് ബസ്‌ ഷെൽട്ടറുകൾ’ തൃത്താല മന്ധലത്തിന്റെ വിവിധ ഭാഗങ്ങളിൽ സ്ഥാപിക്കുമെന്ന് എംഎല്‍എ അറിയിച്ചു.

Comments

comments