ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ പ്രധാന കേന്ദ്രമായി കാനഡ മാറുന്നു.

മെല്‍ബണ്‍: വിദേശത്ത് പഠനത്തിന് പോകുന്ന ഇന്ത്യന്‍ വിദ്യാര്‍ഥികളുട എണ്ണം കഴിഞ്ഞവര്‍ഷം 300,000 കവിഞ്ഞു. നാലുവര്‍ഷത്തെ മോശം പ്രകടനത്തിനുശേഷമായിരുന്നു ഈ ഉണര്‍വ്. നോര്‍ത്ത് അമേരിക്ക മുതല്‍ ന്യൂസിലന്‍ഡുവരെയുള്ള രാജ്യങ്ങളിലെ പുതിയ പ്രദേശങ്ങളിലേക്ക് വിദ്യാര്‍ഥികള്‍ പഠനത്തിനായി പോകുന്നുവെന്നും ഡല്‍ഹി കേന്ദ്രമായുള്ള എംഎം അഡൈ്വസറി സര്‍വീസിന്റെ മൊബിലിറ്റി റിസര്‍ച്ച് റിപ്പോര്‍ട്ട് 2015 വ്യക്തമാക്കുന്നു.

യുകെയിലെത്തുന്ന വിദേശവിദ്യാര്‍ഥികളുടെ എണ്ണത്തില്‍ മൊത്തത്തില്‍ 2.5 ശതമാനത്തിന്റെ ഉയര്‍ച്ച രേഖപ്പെടുത്തിയപ്പോള്‍ ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ 12 ശതമാനത്തിന്റെ ഇടിവ് ഉണ്ടായതായി കണക്കുകള്‍ പറയുന്നു. വിദേശ വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ 2013-14 വര്‍ഷം ഏറ്റവുംവലിയ ഉയര്‍ച്ചയുണ്ടാക്കിയത് ഓസ്‌ട്രേലിയയാണ്. 11.9 ശതമാനമായിരുന്നു ഈ മേഖലയില്‍ ഓസ്‌ട്രേലിയയുടെ വളര്‍ച്ച. 2013ഉമായി താരതമ്യപ്പെടുത്തുമ്പോള്‍ കഴിഞ്ഞവര്‍ഷം വിദേശത്തേക്കു പഠനത്തിനായി പോയ ഇന്ത്യക്കാരുടെ എണ്ണത്തില്‍ 28 ശതമാനത്തിന്റെ വളര്‍ച്ചയാണ് ഉണ്ടായത്.

ന്യൂസിലന്റിലെ വിദേശ വിദ്യാര്‍ഥികളുടെ എണ്ണം വലിയ തോതില്‍ ഉയരുന്നത് ഇന്ത്യന്‍ സഹായം കൊണ്ടാണെന്ന് കണക്കുകള്‍ പറയുന്നു. ന്യൂസിലന്റിലെ വിദ്യാര്‍ഥികളില്‍ 49 ശതമാനവും ഇന്ത്യക്കാരാണ്. അമേരിക്ക തന്നെയാണ് ഇപ്പോഴും ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ എറ്റവും പ്രധാനപ്പെട്ട പഠനകേന്ദ്രം. എന്നാല്‍ കാനഡ, ഓസ്‌ട്രേലിയ, ന്യൂസിലന്റ് എന്നിവിടങ്ങളിലേക്ക് പോകുന്ന വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ വലിയ വര്‍ധനയാണ് ഉണ്ടായിരിക്കുന്നതെന്ന് എംഎം അഡൈ്വസറി സര്‍വീസ് ഡയറക്ടര്‍ മരിയ മത്തായി പറഞ്ഞു. വരും നാളുകളില്‍ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ കൂടുതലായി ലക്ഷ്യമിടുക കാനഡയെ ആയിരിക്കുമെന്നും അവര്‍ നിരീക്കുന്നു.

Comments

comments