സ്‌പീക്കര്‍ ജി.കാര്‍ത്തികേയന്‍: ജീവിതരേഖ

തിരുവനന്തപുരം: ജി.കാര്‍ത്തികേയന്‍ അഥവാ ‘ജി.കെ.’ എന്ന രാഷ്ട്രീയക്കാരന്‍ ഒരു സുപ്രഭാതത്തില്‍ പൊട്ടിമുളച്ചതോ മുകളില്‍ നിന്നു കെട്ടിയിറക്കപ്പെട്ടതോ അല്ല. വിദ്യാര്‍ത്ഥി പ്രവര്‍ത്തകനായി തുടങ്ങി, ഓരോ പടിയിലും ചുവടുറപ്പിച്ചു കയറി ഒടുവില്‍ കേരള നിയമസഭയുടെ അദ്ധ്യക്ഷ പീഠം വരെയെത്തി നില്‍ക്കുന്ന വളര്‍ച്ച. പരേതനായ എന്‍.പി.ഗോപാലപിള്ളയുടെയും വനജാക്ഷി അമ്മയുടെയും മകനാണ് 62കാരനായ കാര്‍ത്തികേയന്‍. 1949 ജനവരി 20ന് വര്‍ക്കലയില്‍ ജനനം. വിദ്യാര്‍ത്ഥി സംഘടനാ പ്രവര്‍ത്തനകാലത്ത് കെ.എസ്.യുവിന്റെ യൂണിറ്റ് പ്രസിഡന്റ് മുതല്‍ സംസ്ഥാന പ്രസിഡന്റ് വരെ വിവിധ പദവികള്‍ വഹിച്ചു. കേരള സര്‍വകലാശാല യൂണിയന്‍ ജനറല്‍ സെക്രട്ടറിയും കേരള സര്‍വകലാശാല സെനറ്റിലെ വിദ്യാര്‍ത്ഥി പ്രതിനിധിയുമായിരുന്നു. യൂത്ത് കോണ്‍ഗ്രസ്സിലെത്തിയപ്പോഴും ബ്ലോക്ക് പ്രസിഡന്റില്‍ തുടങ്ങി സംസ്ഥാന ജനറല്‍ സെക്രട്ടറി, പ്രസിഡന്റ് തുടങ്ങി വിവിധ ഉത്തരവാദിത്വങ്ങള്‍ നിറവേറ്റി. പിന്നീട് കെ.പി.സി.സിയുടെ ജനറല്‍ സെക്രട്ടറിയും തിരഞ്ഞെടുക്കപ്പെട്ട ഏക വൈസ് പ്രസിഡന്റുമായി ഈ നിയമ ബിരുദധാരി ഉയര്‍ന്നു.

1980ല്‍ വര്‍ക്കലയില്‍ നിന്ന് നിയമസഭയിലേക്കുള്ള കന്നിമത്സരത്തില്‍ കാര്‍ത്തികേയന് പരാജയമായിരുന്നു. സി.പി.എമ്മിലെ കരുത്തനായ വര്‍ക്കല രാധാകൃഷ്ണനായിരുന്നു എതിരാളി. എന്നാല്‍, 1982ല്‍ തിരുവനന്തപുരം നോര്‍ത്തില്‍ നിന്ന് സി.പി.എമ്മിന്റെ മറ്റൊരു കരുത്തനായ കെ.അനിരുദ്ധനെ അട്ടിമറിച്ച് ആദ്യമായി നിയമസഭയിലെത്തി. 1987ല്‍ സി.പി.എമ്മിലെ എം.വിജയകുമാറിനോടു തോറ്റു. 1991ല്‍ ആര്യനാട്ടെത്തിയ കാര്‍ത്തികേയന്‍ അവിടെ നിന്ന് 2006 വരെ തുടര്‍ച്ചയായി 20 വര്‍ഷം എം.എല്‍.എ. ആയി. ഇക്കുറി ആര്യനാട് അരുവിക്കരയായി രൂപം മാറിയപ്പോഴും എം.എല്‍.എ. കാര്‍ത്തികേയന്‍ തന്നെ. ജില്ലയില്‍ യു.ഡി.എഫ്. ഏറ്റവുമാദ്യം വിജയമുറപ്പിച്ച മണ്ഡലം. തിരുവനന്തപുരം ജില്ലയില്‍ നിന്ന് തുടര്‍ച്ചയായി അഞ്ചുതവണ നിയമസഭാംഗമായതിന്റെ ഖ്യാതിയും ഇദ്ദേഹത്തിനു മാത്രം സ്വന്തം.

ജി.കെ. രണ്ടുതവണ സംസ്ഥാന മന്ത്രിസഭാംഗമായിരുന്നു. രണ്ടുതവണയും മുഖ്യമന്ത്രി എ.കെ.ആന്റണി തന്നെ. 1995ല്‍ വൈദ്യുതി മന്ത്രിയായിരുന്നുവെങ്കില്‍ 2001ല്‍ ഭക്ഷ്യ പൊതുവിതരണ വകുപ്പിന്റെ ചുമതലയായിരുന്നു. രണ്ടുതവണയും അഞ്ചുവര്‍ഷം തികച്ച് മന്ത്രിയായിരുന്നില്ല എന്ന വസ്തുതയുമുണ്ട്. ആദ്യതവണ പകുതിവഴിക്കാണ് മന്ത്രിയായതെങ്കില്‍ രണ്ടാംവട്ടം പകുതിവഴിക്ക് മുഖ്യമന്ത്രിസ്ഥാനമൊഴിഞ്ഞ ആന്റണിക്കൊപ്പം കാര്‍ത്തികേയനും മാറിനിന്നു. 1991ല്‍ കെ.കരുണാകരനുകീഴില്‍ കോണ്‍ഗ്രസ് നിയമസഭാ കക്ഷി ചീഫ് വിപ്പുമായിരുന്നു. 1995 മുതല്‍ 2001 വരെയും 2006 മുതല്‍ 2011 വരെയും നിയമസഭയില്‍ പ്രതിപക്ഷ നിരയിലെ രണ്ടാമനായിരുന്ന ജി.കെ. പിന്നീട് നിയമസഭാ നാഥനായി ഉയര്‍ത്തപ്പെട്ടു.

അമേരിക്ക, ചൈന, യുഗോസ്ലാവ്യ, ഇറ്റലി, ബ്രിട്ടന്‍, ഫ്രാന്‍സ്, യു.എ.ഇ., സിംഗപ്പൂര്‍, കാനഡ, നോര്‍വേ, സ്വീഡന്‍, സ്വിറ്റ്‌സര്‍ലന്‍ഡ്, ബ്രൂണെയ് തുടങ്ങിയ രാജ്യങ്ങളെല്ലാം കാര്‍ത്തികേയന്‍ സന്ദര്‍ശിച്ചിട്ടുണ്ട്. യാത്രയ്‌ക്കൊപ്പം വായന, സംഗീതം, സിനിമ, ഫുട്‌ബോള്‍ എന്നിവയും ഇഷ്ടവിനോദങ്ങളാണ്. ആഴത്തിലുള്ള വായന കൈമുതലായ ചുരുക്കം രാഷ്ട്രീയക്കാരിലൊരാളായിരുന്നു കാര്‍ത്തികേയന്‍.

കടപ്പാട്: മാതൃഭൂമി SPECIAL

Comments

comments