പ്രദ്യുത് ബോറ ബിജെപി വിട്ടു!

“Madness has gripped the party. The desire to win at any cost has destroyed the very ethos of the party. This is not the party I joined in 2004,”

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ സൈബര്‍ പ്രചാരണ തന്ത്രങ്ങളിലൂടെ അസാമാന്യ നേതാവാക്കി വളര്‍ത്തിയ പ്രദ്യുത് ബോറ ബിജെപി വിട്ടു. സര്‍ക്കാരിലും പാര്‍ട്ടിയിലും ജനാധിപത്യ മൂല്യങ്ങള്‍ അട്ടിമറിക്കപ്പെടുന്നു എന്നാരോപിച്ചാണ് ബിജെപിയുടെ ഐടി സെല്‍ സ്ഥാപകനും ദേശീയ കൗണ്‍സില്‍ അംഗവുമായ ബോറയുടെ രാജി.

പ്രധാനമന്ത്രി നരേന്ദ്ര മോഡിയെയും പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷായെയയും നിശിതമായി വിമര്‍ശിച്ചാണ് ആസാമില്‍ നിന്നുള്ള ഈ സൈബര്‍ ബുദ്ധിജീവി സംഘപരിവാര്‍ ബന്ധം ഉപേക്ഷിക്കുന്നത്. പാര്‍ട്ടിയെ ബുദ്ധിശൂന്യത പിടികൂടിയിരിക്കുന്നു. ജനാധിപത്യ മൂല്യങ്ങള്‍ പാര്‍ട്ടിക്ക് നഷ്ടമായി. ജയിക്കാന്‍ വേണ്ടി എന്തും ചെയ്യുന്ന നിലയിലാണ് ഇന്ന് പാര്‍ട്ടി. ഇത് പാര്‍ട്ടിയുടെ ആദര്‍ശങ്ങള്‍ നഷ്ടപ്പെടുത്തി. 2004 ല്‍ ഞാന്‍ ചേര്‍ന്ന പാര്‍ട്ടി ഇങ്ങനെയായിരുന്നില്ല പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ അമിത് ഷായ്ക്ക് അയച്ച കത്തില്‍ ബോറ വ്യക്തമാക്കി.

പാര്‍ട്ടി പ്രാഥമികാംഗത്വവും ബോറ രാജിവെച്ചു. പാര്‍ട്ടിയില്‍ തനിക്കുള്ള വിശ്വാസം നഷ്ടപ്പെട്ടതായും അദ്ദേഹം വ്യക്തമാക്കി. മാറ്റത്തിന്റെ മറ്റൊരു രാഷ്ട്രീയമാണ് ഇന്ന് ഇന്ത്യയ്ക്ക് വേണ്ടത്. ഒന്നുകില്‍ ആ മാറ്റത്തിനായി ബി ജെ പിക്ക് ശ്രമിക്കാം. അല്ലെങ്കില്‍ ആളുകള്‍ വേറെ വഴി നോക്കും. ക്യാബിനറ്റ് വ്യവസ്ഥയില്‍ പ്രധാനമന്ത്രി എല്ലാവര്‍ക്കും തുല്യ പരിഗണ നല്‍കണമെന്ന ജനാധിപത്യ പാരമ്പര്യം മോഡി പാലിക്കുന്നില്ല. ഷായുടേത് തികച്ചും ഏകപക്ഷീയമായ തീരൂമാനങ്ങളാണെന്നും ഇത് പാര്‍ട്ടി ഘടകങ്ങളുടെ ചുമതലയുള്ള പലരെയും അധികാര ഭ്രഷ്ടരാക്കിയെന്നും അദ്ദേഹം കുറ്റപ്പെടുത്തുന്നു.

ബിജെപിയില്‍ നിന്നും രാജിവെച്ചതോടെ കോണ്‍ഗ്രസ്, ആം ആദ്മി പാര്‍ട്ടി, ആസം ഗണ പരിഷത് തുടങ്ങിയ പാര്‍ട്ടികളില്‍ നിന്നും ബോറെയ്ക്ക് ക്ഷണം വന്നിട്ടുണ്ട്. എന്നാല്‍ വേറെ പാര്‍ട്ടിയില്‍ ചേരുന്ന കാര്യം ഇപ്പോള്‍ പരിഗണനയിലില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ലോക്‌സഭ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ വന്‍ പ്രശംസ പിടിച്ചുപറ്റിയതാണ് ബിജെപിയുടെ ഐ ടി സെല്‍.

ഐഐഎം അഹമ്മദാബാദില്‍ നിന്നും ബിരുദപഠനം പൂര്‍ത്തിയാക്കിയ ശേഷം 2004ലാണ് ബോറ ബിജെപിയില്‍ ചേരുന്നത്. 2007ല്‍ പാര്‍ട്ടിയുടെ ഐടി സെല്‍ നാഷണല്‍ കണ്‍വീനര്‍, 2010ല്‍ സ്‌റ്റേറ്റ് ജനറല്‍ സെക്രട്ടറി, 2013ല്‍ നാഷണല്‍ എക്‌സിക്യുട്ടീവ് മെമ്പര്‍ എന്നീ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. ബോറയുടെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിച്ചിരുന്ന സൈബര്‍ ഗ്രൂപ്പാണ് മോദിയുടെ ഓണ്‍ലൈന്‍ പ്രചാരണത്തിന് ചുക്കാന്‍ പിടിച്ചത്.

Comments

comments