തകർന്നടിഞ്ഞ് മോഡിസം!


ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടിയുടെ തേരോട്ടത്തില്‍ തകര്‍ന്നടിഞ്ഞത് കോണ്‍ഗ്രസ്സ് മാത്രമല്ല. നെഞ്ചളവില്‍ അഭിമാനം കൊണ്ടിരുന്ന നരേന്ദ്രമോദിയും അവരുടെ സ്തുതിപാഠകരുമാണ്. മഹാഭൂരിപക്ഷത്തോടെ നരേന്ദ്ര മോഡിയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം പിന്നീടുള്ള തെരഞ്ഞെടുപ്പ് വിജയങ്ങളെല്ലാം മോഡി തരംഗമെന്ന പേരിലാണ് ബി.ജെ.പി ആഘോഷിച്ചിരുന്നത്. എന്നാല്‍ ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ് ഫലം മോദി തരംഗം വെറുമൊരു മരീചിക മാത്രമെന്ന് തെളിയിച്ചിരിക്കുകയാണ്. സ്വാഭാവികമായും ഡല്‍ഹിയിലെ പരാജയം മോഡിയുടെ അക്കൗണ്ടിലേക്ക് പോകുന്നതിന് പകരം കിരണ്‍ ബേദിയുടെ അക്കൗണ്ടിലേക്ക് തിരിച്ചു വിടാനാണ് ബി.ജെ.പി ശ്രമിക്കുക. അതുവഴി മോഡി തരംഗം നിലനില്‍ക്കുന്നുണ്ടെന്ന് ഉറപ്പിക്കാനുമായി ബി.ജെ.പി നേതാക്കള്‍ ചാനല്‍ ചര്‍ച്ചകളിലും അല്ലാതെയും വാഗ്വാദം തുടരുകയും ചെയ്യും.

അധികാരത്തില്‍ നിന്ന് രാജി വെച്ച് പുറത്ത് നില്‍ക്കുമ്പോഴും ആം ആദ്മി പാര്‍ട്ടി പ്രവര്‍ത്തകര്‍ ജനങ്ങളുമായുള്ള നിരന്തര ബന്ധം സ്ഥാപിച്ചു മുന്നേറുകയായിരുന്നു. അവര്‍ ഡല്‍ഹിയുടെ ഗലി മൊഹല്ലകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഫാക്ടറികളിലും വാണിജ്യ കേന്ദ്രങ്ങളിലും വമ്പന്‍ മാളുകളിലുമൊക്കെ ജനങ്ങളുമായി സംവദിച്ചുകൊണ്ടിരിക്കുകയായിരുന്നു. തെറ്റുകുറ്റങ്ങള്‍ ഏറ്റുപറയുകയും പുതിയ പദ്ധതികളും പ്രതീക്ഷകളും വരച്ചുകാട്ടുകയും ചെയ്തു. അമിതമായ ബഹളങ്ങളിലേക്ക് അവര്‍ ഇറങ്ങിച്ചെന്നില്ല.

റിപ്പബ്‌ളിക് ദിനത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമയെ കൊണ്ടുവന്നതു വഴി ജനങ്ങള്‍ ബി.ജെ.പിയുടെ കൂടെ നില്‍ക്കുമെന്ന മോഡിയുടെ കണക്കുകൂട്ടലുകളാണ് ഇതോടെ അടിമേല്‍ മറിഞ്ഞത്. സ്വന്തം പേര് സുവര്‍ണാക്ഷരങ്ങളില്‍ തുന്നിക്കൂട്ടിയ ലക്ഷങ്ങള്‍ വിലമതിക്കുന്ന കോട്ടിട്ടതും ആണവ കരാര്‍ വഴി ഇന്ത്യയെ അമേരിക്കക്ക് തീറെഴുതിക്കൊടുത്തതും ജനങ്ങള്‍ തിരിച്ചറിഞ്ഞതിന്റെ തെളിവാണ് എ.എ.പിയുടെ വിജയമെന്ന് അനുമാനിക്കാം.

The BJP office in Delhi looked dejected as election results came in

Comments

comments