മോദിക്ക് അടിപതറുന്നോ? എഎപി വീണ്ടും അത്ഭുതം സൃഷ്ടിക്കുന്നുവോ?

ന്യൂഡല്‍ഹി: സര്‍വം മോദിമയം എന്ന മന്ത്രം സംഖപരിവാര്‍ ഉപേക്ഷിക്കാന്‍ സമയമായോ? ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ് സംബന്ധിച്ച അഭിപ്രായ സര്‍വേകള്‍ ഇത്തരമൊരു ചോദ്യത്തിന് ആക്കംകൂട്ടുകയാണ്. രാജ്യത്തെ ബിജെപി തരംഗത്തെ മറികടന്ന് ഡല്‍ഹി തെരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടി വീണ്ടും കറുത്ത കുതിരകളാകുമെന്ന സൂചന നല്‍കി ദേശീയ മാധ്യമങ്ങളുടെ തെരഞ്ഞെടുപ്പ് സര്‍വെ പുറത്തുവന്നു. ഇക്കണോമിക് ടൈംസ്, എബിപി ന്യൂസ് എന്നീ മാധ്യമങ്ങള്‍ നടത്തിയ സര്‍വെയിലാണ് എഎപി 35 സീറ്റുകളെങ്കിലും നേടി ഡല്‍ഹി പിടിക്കുമെന്ന് കണ്ടെത്തിയിരിക്കുന്നത്. എക്കണോമിക് ടൈംസ് ടിഎന്‍എസുമായും എബിപി ന്യൂസ് നീല്‍സണുമായും സഹകരിച്ചാണ് സര്‍വെ നടത്തിയത്.

എക്കണോമിക് ടൈംസ് നടത്തിയ സര്‍വെ ഫലം ഇങ്ങനെ എഎപി 36 മുതല്‍ 40 സീറ്റുകള്‍ വരെ നേടുമ്പോള്‍ ബിജെപി 28 മുതല്‍ 35 സീറ്റുകള്‍ കൊണ്ട് തൃപ്തിപ്പെടേണ്ടി വരും. കോണ്‍ഗ്രസിന് രണ്ട് മുതല്‍ നാല് സീറ്റുകള്‍ വരെ ലഭിക്കു. വോട്ട് ഷെയറില്‍ 49 ശതമാനവും എഎപിക്ക് ലഭിക്കുമെന്നും സര്‍വെയെ ഉദ്ധരിച്ച് എക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ജനുവരി മാസം അവസാനത്തെ ആഴ്ച്ചയാണ് എക്കണോമിക് ടൈംസ് സര്‍വെ നടത്തിയത്. കഴിഞ്ഞ വര്‍ഷം നവംബര്‍ ഡിസംബര്‍ മാസത്തില്‍ എക്കണോമിക് ടൈംസ്ടിഎന്‍എസ് നടത്തിയ സര്‍വേയില്‍ ബിജെപി ജയിക്കുമെന്നായിരുന്നു കണ്ടെത്തിയിരുന്നത്. എന്നാല്‍ അതിന് ശേഷം ഡല്‍ഹിയിലെ രാഷ്ട്രീയ സ്ഥിതിഗതികള്‍ മാറി മറിഞ്ഞെന്നും എഎപിക്കുള്ള ജനപിന്തുണയില്‍ വര്‍ദ്ധനവുണ്ടാകുകയും ചെയ്തു.

ആര്‍എസ്എസിന്റെ നേതൃത്വത്തില്‍ ഘര്‍ വാപസി നടത്തിയതും, യൂബര്‍ ടാക്‌സി ബലാത്സംഗവും, ഒബാമയുടെ ഇന്ത്യാ സന്ദര്‍ശനവും ഈ രണ്ട് അഭിപ്രായ സര്‍വെകള്‍ക്ക് ഇടയിലായിരുന്നു സംഭവിച്ചത്. അരവിന്ദ് കെജ്‌രിവാളിന് എതിരായി ബിജെപി, അദ്ദേഹത്തിന്റെ മുന്‍ പാളയത്തിലുണ്ടായിരുന്ന കിരണ്‍ ബേദിയെ ഉയര്‍ത്തി കാട്ടിയപ്പോള്‍ അത് ബിജെപിക്ക് ക്ഷീണമുണ്ടാക്കി. ഡല്‍ഹിയില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാക്കാന്‍ ബിജെപിക്ക് വിശ്വാസ്യതയുള്ള ഒരു മുഖംപോലുമില്ലെന്ന ചിന്ത ജനങ്ങള്‍ക്കിടയിലുണ്ടാക്കി. ഈ സംഭവങ്ങള്‍ക്ക് ശേഷം നടന്ന അഭിപ്രായ സര്‍വെയില്‍ ഡല്‍ഹിക്കാര്‍ മുഖ്യമന്ത്രി ആകണമെന്ന് ആഗ്രഹിക്കുന്നത് അരവിന്ദ് കെജ്‌രിവാളിനെയാണ്.

സര്‍വെയില്‍ പങ്കെടുത്ത 54 ശതമാനം ആളുകളും ആഗ്രഹിക്കുന്നത് കെജ്‌രിവാള്‍ ഡല്‍ഹിയുടെ സാരഥ്യം ഏറ്റെടുക്കണമെന്നാണ്. 38 ശതമാനം പേര്‍ കിരണ്‍ ബേദി മുഖ്യമന്ത്രിയാകണമെന്നും ആറ് ശതമാനം പേര്‍ അജയ് മാക്കന്‍ മുഖ്യമന്ത്രിയാകണമെന്നും താല്‍പര്യപ്പെടുന്നു. 2014ല്‍ നടന്ന പൊതു തെരഞ്ഞെടുപ്പില്‍ ഡല്‍ഹി തൂത്തുവാരിയ ബിജെപിക്ക് ഒമ്പത് മാസങ്ങള്‍ക്കിപ്പുറം അടിപതറി തുടങ്ങുകയാണെന്നാണ് സര്‍വെ ഫലം സൂചിപ്പിക്കുന്നത്.

Comments

comments