സ്വന്തംപേരെഴുതിയ സ്യൂട്ട്: പ്രധാനമന്ത്രിയെ പരിഹസിച്ച് വിദേശമാധ്യമങ്ങള്‍!

ന്യൂഡല്‍ഹി: അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമയുടെ ഇന്ത്യാ സന്ദര്‍ശനം ചരിത്രവിജയമായാണ് ഇന്ത്യന്‍ മാധ്യമങ്ങള്‍ വിശേഷിപ്പിക്കുന്നത്. ഇന്ത്യ-അമേരിക്ക ബന്ധം കൂടുതല്‍ ഊഷ്മളമായെന്നും വാര്‍ത്തകള്‍ വരുന്നു. എല്ലാം നരേന്ദ്രമോദിയുടെ കഴിവാണെന്ന് സംഘപരിവാര്‍ വിശദീകരണവും അതിനുപിന്നാലെയുണ്ട്. എന്നാല്‍ അമേരിക്കയെ സംബന്ധിച്ചിടത്തോളം ചൈനയില്‍ നിന്നുള്ള ഭീഷണിയെ പ്രതിരോധിക്കാന്‍ ഇന്ത്യയുമായി തന്ത്രപ്രധാനമായ സഹകരണം അനിവാര്യമാണ്. അതിനാല്‍ മോദിയായാലും മന്‍മോഹന്‍ ആയാലും ഒബാമ ഇന്ത്യയുമായി സൗഹൃദത്തിനു കോപ്പുകൂട്ടിയേന. മാത്രമല്ല ഡോ.മന്‍മോഹന്‍ സിംഗിനെ കണക്കിന് പരിഹസിച്ചതുപോലെ മോദിയെയും അമേരിക്കന്‍ മാധ്യമങ്ങള്‍ ഇപ്പോള്‍ കണക്കിന് വിമര്‍ശിക്കുകയും പരിഹസിക്കുകയും ചെയ്യുന്നുണ്ട്. സായിപ്പിനെന്ത് മോദി, എന്ത് മന്‍മോഹന്‍ അല്ലേ?

ഒബമായുടെ ഇന്ത്യാ സന്ദര്‍ശനവേളിയില്‍ മോദി അണിഞ്ഞ കുപ്പായത്തെച്ചൊല്ലിയാണ് ഏറ്റവുമൊടുവില്‍ പാശ്ചാത്യ മാധ്യമങ്ങള്‍ തനി സ്വഭാവം പുറത്തെടുത്തത് സ്വന്തം പേര് ആയിരം തവണ തയ്ച്ച കോട്ടുമായി അമേരിക്കന്‍ പ്രസിഡന്റ് ഒബാമയെ കണ്ട മോദിയെ പാശ്ചാത്യ മാധ്യമങ്ങളും സോഷ്യല്‍ മീഡിയയുംകണക്കറ്റ് പരിഹസിക്കുകയാണിപ്പോള്‍. ഹൈദരാബാദ് ഹൗസില്‍ ഒബാമയോടൊപ്പം നടത്തിയ ചായ സല്‍ക്കാരത്തില്‍ മോദി ഈ കോട്ട് ധരിച്ച കാര്യം മറച്ചുവെച്ച ദേശീയ മാധ്യമങ്ങളും ചാനലുകളും സംഭവം വിവാദമായപ്പോള്‍ മോദിയെ ന്യായീകരിക്കാന്‍ രംഗത്തത്തെിയെങ്കിലും വിദേശമാധ്യമങ്ങള്‍ക്ക് ഒരു മയവും ഉണ്ടായിരുന്നില്ല.

മുമ്പ് ഇതുപോലെയുള്ള കോട്ടിട്ട മുന്‍ ഈജിപ്ഷ്യന്‍ പ്രസിഡന്റും സ്വേച്ഛാധിപതിയുമായ ഹുസ്‌നി മുബാറകിനോടാണ് പാശ്ചാത്യ മീഡിയ മോദിയെ താരതമ്യപ്പെടുത്തിയത്. ‘വ്യക്തിപൂജ വിഡ്ഢിത്തത്തിന്റെ അറ്റത്തത്തെിക്കുന്ന കോട്ടുമായി പ്രധാനമന്ത്രി മോദി’ എന്നാണ് വാഷിങ്ടണ്‍ പോസ്റ്റ് വിശേഷിപ്പിച്ചത്. ഒബാമയോടൊപ്പം ചായ കുടിക്കാന്‍ നേരത്ത് അണിഞ്ഞ നീല നിറമുള്ള ഈ സ്യൂട്ടിന് പത്തു ലക്ഷത്തിനടുത്ത് രൂപ വരെ ചെലവു വരുമെന്ന് ഫാഷന്‍ ഡിസൈനിങ് രംഗത്തുള്ളവര്‍ പറയുന്നു.

അഹ്മദാബാദ് സ്വദേശി രാകേഷ് അഗര്‍വാള്‍ രൂപകല്‍പന ചെയ്ത കോട്ട് തയ്‌ച്ചെടുത്ത സ്ഥാപനമാണ് തെരഞ്ഞെടുപ്പു വേളയില്‍ ‘മോദി കുര്‍ത്ത’ ഇറക്കിയത്്. കോട്ടില്‍ കൈകള്‍ കൊണ്ടു തുന്നിച്ചേര്‍ത്തതാണ് മോദിയുടെ പേരെന്ന് രാകേഷ് അഗര്‍വാള്‍ പറഞ്ഞു. പ്രത്യേക സാങ്കേതികവിദ്യ കൊണ്ടാണിത് ചെയ്തത്. ‘നരേന്ദ്ര ദാമോദര്‍ ദാസ് മോദി’ എന്ന് കോട്ടിന്റെ എല്ലാ ഭാഗത്തുമായി മോണോഗ്രാം ചെയ്യുകയായിരുന്നുവെന്ന് 1989 മുതല്‍ മോദിയുടെ വസ്ത്രങ്ങള്‍ തയ്ക്കുന്ന ജേഡ് ബ്‌ളൂ ഫാഷന്‍ ഡിസൈന്‍ ഷോപ് ഉടമ ബിപിന്‍ ചൗഹാന്‍ പറഞ്ഞു. ഈ രൂപകല്‍പന തങ്ങളുടെ സവിശേഷ ഇനമായി എടുത്തുപറഞ്ഞ ബിപിന്‍ ചൗഹാന്‍ ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി സ്വന്തം പേര് എഴുതിച്ചേര്‍ത്ത വസ്ത്രം ധരിക്കുന്നത് ഇതാദ്യമാണെന്നും കൂട്ടിച്ചേര്‍ത്തു.

നിരവധി സെലിബ്രിറ്റികള്‍ക്ക് ഇത്തരത്തില്‍ സ്വന്തം പേര് തയ്ച്ച് വസ്ത്രം താന്‍ ഡിസൈന്‍ ചെയ്തിട്ടുണ്ടെങ്കിലും മോദിക്ക് ആദ്യമായാണ് ഇത്തരമൊന്ന് ഉണ്ടാക്കിയതെന്നും ബിപിന്‍ തുടര്‍ന്നു. അദ്ദേഹത്തിന്റെ വ്യക്തിത്വത്തിനുള്ള ആദരമര്‍പ്പിക്കലാണ് സ്വന്തം പേരെഴുതിയ കോട്ടെന്നും ബിപിന്‍ ചൗഹാന്‍ കൂട്ടിച്ചേര്‍ത്തുവെങ്കിലും അതുകൊണ്ടൊന്നും വിദേശമാധ്യമങ്ങള്‍ തൃപ്തിയടയുന്നില്ല.

Comments

comments