മോദിബ്രാന്‍ഡ് ഒരു കംപ്യൂട്ടര്‍ നിര്‍മിത വിഗ്രഹമോ?

മെല്‍ബണ്‍: ലോകത്തെ ഇളക്കിമറിക്കുന്നുവെന്ന് മോദി ഭക്തര്‍ അവകാശപ്പെടുന്ന മോദിബ്രാന്‍ഡ് ഒരു ഫോട്ടോഷോപ്പ് നിര്‍മിത വിഗ്രഹമാണോ? ഈമാസം അവസാനം ഓസ്‌ട്രേലിയയിലെത്തുന്ന നരേന്ദ്രമോദിയെ സ്വീകരിക്കാന്‍ വിവിധതരത്തിലുള്ള പ്രചാരണപരിപാടികളാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. മോദിയും സംഘവും ഫലപ്രദമായി നടത്തുന്ന പ്രചാരണം ഓസ്‌ട്രേലിയയെ മോദി മാനിയയില്‍ എത്തിച്ചുവെന്നുപറയുന്നു. എന്നാല്‍ ഇപ്പോള്‍ ഏറെ കൊട്ടിഘോഷിക്കുന്ന മോദിബ്രാന്‍ഡ് ബോധപൂര്‍വം രൂപപ്പെടുത്തിയെടുക്കുന്നതാണോ? അടുത്തിടെ പുറത്തുവന്ന ചില വാര്‍ത്തകളാണ് ഈ സംശയത്തിന് ആക്കം കൂട്ടുന്നത്.

ഇന്ത്യയില്‍ ഏറെക്കുറെ മെച്ചപ്പെട്ട ഭരണം തന്നെയാണ് മോദിയും സംഘവും കാഴ്ചവയ്ക്കുന്നത് എന്നത് സത്യമാണ്. എങ്കിലും അതിശക്തമായ പ്രചാരണ തന്ത്രങ്ങളാണ് മോദിയുടെ ജനപ്രീതി വര്‍ധിപ്പിക്കുന്നതിൽ പ്രമുഖം. അടുത്തിടെ ഇതുമായി ബന്ധപ്പെട്ട നിരവധി വെളിപ്പെടുത്തലുകളാണ് സോഷ്യല്‍ മീഡിയകളിലും സമാനന്തര പ്രസിദ്ധീകരണങ്ങളിലും നടന്നത്. തെഹല്‍ക ഗ്രൂപ്പിന്റെ ടെക്കിമിര്‍ച്ചില്‍ കഴിഞ്ഞദിവസം പ്രസിദ്ധീകരിച്ച ഫോട്ടോഫീച്ചര്‍ മോദിയുടെയും സംഘത്തിന്റെയും കള്ളക്കളികളെ പൊളിച്ചടുക്കുന്നതാണ്.

മോദി എപ്പോഴും ഉറക്കെപ്പറയുന്ന അഹമ്മദാബാദിലെ വികസനം ഒന്നാമത്തെ ഉദാഹരണം. അഹമ്മദാബാദിലെ തിരക്കേറിയ നരവിഥികള്‍ക്കുപകരം തെക്കന്‍ ചൈനയിലെ ഏറ്റവും അടുക്കുംചിട്ടയുമുള്ള നഗരമായ ഗ്വാന്‍ഷുവിനെ ചൂണ്ടിക്കാട്ടി അത് മോദി അഹമ്മദാബാദിനുവേണ്ടി നിര്‍മിച്ചതാണെന്ന് അവകാശപ്പെടുകയാണ് മോദിയുടെ അനുയായികള്‍.

ശുചിത്വഭാരതം എന്ന പദ്ധതിക്കൊപ്പം അദ്ധേഹം പാവപ്പെട്ട പശ്ചാത്തലത്തിൽ നിന്നും വന്നതാണെന്ന പ്രചാരണത്തിനായി മോദി ചൂലെടുത്ത് അടിച്ചുവാരുന്ന ചിത്രം പ്രദര്‍ശിപ്പിക്കുന്നുണ്ട് ബിജെപി. യഥാര്‍ത്ഥത്തില്‍ ഫോട്ടോഷോപ്പിലൂടെ മോദിയുടെ തല മറ്റൊരാളുടെ ചുമലില്‍ ഫിറ്റ്‌ചെയ്യുകയായിരുന്നു മോദിപരിവാറിലെ വിദഗ്ധര്‍.

മോദിയുടെ പ്രസംഗം ടെലിവിഷനില്‍ കാണുന്ന ഒബാമയുടെ ചിത്രവും ഇത്തരത്തില്‍ വ്യാജമാണെന്നാണ് ആരോപണം. ബിജെപി എം.പി സി.ആര്‍ പാട്ടിലാണ് മോദിയുടെ ഫാനാണ് ഒബാമ എന്ന മട്ടിലുള്ള ചിത്രം പ്രചരിപ്പിക്കുന്നത്.

മോദി അഴിമതിരഹിതനായതിനാല്‍ അമേരിക്കയും അദ്ദേഹത്തെ ഭയപ്പെടുകയാണെന്ന വിക്കിലീക്‌സ് സ്ഥാപകന്‍ ജൂലിയന്‍ അസാഞ്ചെ പറഞ്ഞതും ഫോട്ടോഷോപ്പില്‍ തട്ടിക്കൂട്ടിയ തരികിടയാണെന്നാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന വിവരം.

“ബംഗ്ലാദേശില്‍ മുസ് ലിംങ്ങള്‍ ഹിന്ദുക്കളെ കൊന്നൊടുക്കുന്നു” എന്നമട്ടിൽ സുബ്രമണ്യം സ്വാമി പ്രചരിപ്പിച്ച ചിത്രവും


മോദിക്കൊപ്പം കൂടിയിരിക്കുന്ന ജനക്കൂട്ടത്തിന്റെ ചിത്രം, മോദിയുടെ ചിത്രം പുറംഭാഗത്ത് പച്ചകൊത്തിയ സുന്ദരി, ബുള്ളറ്റ് ട്രെയിനിനുവേണ്ടിയുള്ള പ്രചാരണ ചിത്രം, ഒബാമയും മോദിയും തമ്മിലുള്ള സ്വകാര്യസംഭാഷണം എന്നിവയ്‌ക്കൊപ്പം മോദി പ്രാവുകളെ പറത്തുന്ന പ്രശസ്തചിത്രവും നിര്‍മിച്ചിരിക്കുന്നത് ഫോട്ടോഷോപ്പിലാണെന്ന് ലേഖനം പറഞ്ഞുവയ്ക്കുന്നു.

കഴിഞ്ഞദിവസം ശുചിത്വ ഭാരത പരിപാടിയുടെ ഭാഗമായി ഫോട്ടോ എടുത്തു പത്രങ്ങളിലും ടെലിവിഷനുകളിലും നല്‍കാനായി ബിജെപി നടത്തിയ തട്ടിപ്പു വെളിച്ചത്തായത് ഇതിനു പിന്നാലെയാണ്. ഫോട്ടോഷോപ്പിലൂടെ സൃഷ്ടിച്ചെടുക്കുന്ന ഇത്തരം ബിംബങ്ങള്‍ ബിജെപിക്കു മാത്രമല്ല നരേന്ദ്രമോദിക്കും കനത്ത നാണക്കേടാണ് സമ്മാനിച്ചിരിക്കുന്നത്.

ഡല്‍ഹിയിലെ ലോധി റോഡിലുള്ള ഇന്ത്യ ഇസ്‌ലാമിക് കള്‍ച്ചറല്‍ സെന്ററിന്റെ മുന്നിലാണു കരിയിലകളും മറ്റും ട്രോളിയില്‍ കൊണ്ടു വന്നു വിതറിയ ശേഷം ഫോട്ടോ എടുക്കാനായി പിന്നീടു അടിച്ചു വാരുന്നതിന്റെ ചിത്രങ്ങളാണ് കഴിഞ്ഞദിവസം പുറത്തുവന്നത്. സ്വച്ഛ് ഭാരത അഭിയാന്‍ പരിപാടിയുടെയും ശുചിത്വ ഭാരത ലക്ഷ്യത്തിന്റെയും ഉദ്ദേശ ശുദ്ധി തന്നെ ചോദ്യം ചെയ്യപ്പെടുന്ന തട്ടിപ്പിന്റെ വിവിധ ചിത്രങ്ങള്‍ ഇന്നലെ മെയില്‍ ടുഡെ എന്ന ഇംഗ്ലീഷ് പത്രമാണു പുറത്തുവിടുകയായിരുന്നു.

ഡല്‍ഹി സംസ്ഥാന ബിജെപി പ്രസിഡന്റ് സതീഷ് ഉപാധ്യായ, അടുത്തിടെ ആം ആദ്മി പാര്‍ട്ടി വിട്ടു ബിജെപിയില്‍ ചേക്കാറാന്‍ കാത്തിരിക്കുന്ന ഷാസിയ ഇല്‍മി തുടങ്ങിയ നേതാക്കളാണു പൊതുജനങ്ങളെ വിഡ്ഢികളാക്കിയ പരിപാടിയിലെ പ്രമുഖര്‍. ബിജെപി ഭരിക്കുന്ന ന്യൂഡല്‍ഹി മുനിസിപ്പല്‍ കൗണ്‍സില്‍ കൗണ്‍സിലിന്റെ (എന്‍ഡിഎംസി) തൂപ്പൂകാരന്‍ കരിയിലകളും മറ്റും ട്രോളിയില്‍ കൊണ്ടുവന്നു വിതറിയ ശേഷം ബിജെപി നേതാക്കള്‍ ചൂലു കൊണ്ടടിച്ചു മാറ്റുന്നതിന്റെ നാലു തുടര്‍ ചിത്രങ്ങളാണു ഇംഗ്ലീഷ് ദിനപത്രമായ മെയില്‍ ടുഡെ ബുധനാഴ്ച പ്രസിദ്ധീകരിച്ചത്. ഫോട്ടോഗ്രാഫര്‍മാരെ വിളിച്ചുകൂട്ടി പരിപാടി തുടങ്ങുന്നതിനു മുമ്പു ഇസ്‌ലാമിക് സെന്ററിന്റെ പരിസരം വൃത്തിയായിരുന്നു എന്നതും ശ്രദ്ധേയമായി. രാവിലെ അടിച്ചുവെടിപ്പാക്കിയ മുറ്റത്താണു പിന്നീടു കരിയിലകള്‍ കൊണ്ടുവന്നു വിതറിയ ശേഷം പത്രക്കാരെ വിളിച്ചുവരുത്തി ബിജെപി നേതാക്കള്‍ അടിച്ചു വെടിപ്പാക്കിയത്. ജനങ്ങളെ കബളിപ്പിക്കുന്ന പരിപാടി മറ്റു പല ഫോട്ടോഗ്രാഫര്‍മാരും ടെലിവിഷന്‍ കാമറാമാന്‍മാരും കാണുകയും പകര്‍ത്തുകയും ചെയ്തിരുന്നെങ്കിലും ഒരു പത്രം മാത്രമാണു പ്രസിദ്ധീകരിച്ചതെന്നും ചില ദൃക്‌സാക്ഷികള്‍ പറഞ്ഞു. മുമ്പു ചില കേന്ദ്രമന്ത്രിമാരും ഇത്തരത്തില്‍ കബളിപ്പിക്കല്‍ പരിപാടി സംഘടിപ്പിച്ചതായും ആരോപണമുണ്ട്.

ചുരുക്കത്തില്‍ മോദിയുടെ ജനപ്രീതിയും ബിജെപി സര്‍ക്കാരിന്റെ നേട്ടവും ഒരു ഫോട്ടോഷോപ്പ് വിദഗ്ധന്റെ വിരല്‍ത്തുമ്പിലൂടെ രൂപപ്പെട്ടുവരുന്നതാണോ എന്നതാണ് സംശയം.

Comments

comments