മോഹന്‍ലാലിന്റെ മാന്ത്രിക പ്രകടനത്തോടെ മാജിക് പ്ലാനറ്റ് മിഴിതുറന്നു !


ലോകത്തെ ആദ്യത്തെ മാന്ത്രികക്കൊട്ടാരം – മാജിക് പ്ലാനറ്റ് – തിരുവനന്തപുരത്ത് പ്രവര്‍ത്തനമാരംഭിച്ചു. ഹാരി ഹൂഡിനിയുടെ സ്മരണയ്ക്കായി ലോകമെമ്പാടും മാന്ത്രിക ദിനമായി ആചരിക്കുന്ന ഒക്ടോബര്‍ 31ന് ലോകപ്രശസ്ത മജിഷ്യന്‍ ഗോപിനാഥ് മുതുകാടിന്റെ നേതൃത്വത്തില്‍ കഴക്കൂട്ടം കിന്‍ഫ്ര ഫിലിം ആന്‍ഡ് വീഡിയോ പാര്‍ക്കില്‍ മാജിക് പ്ലാനറ്റ് പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുത്തു.

മാജിക് പ്ലാനറ്റ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഔപചാരികമായി ഉത്ഘാടനം ചെയ്തു. സാംസ്കാരിക രാഷ്ട്രീയ രംഗങ്ങളിലെ പ്രമുഖര്‍ പങ്കെടുത്ത ചടങ്ങില്‍ പ്രതിപക്ഷനേതാവ് വി.എസ്.അച്യുതാനന്ദന്‍, പി.കെ.കുഞ്ഞാലിക്കുട്ടി, കെ.പി.മോഹനന്‍, കെ.പി.അനില്‍കുമാര്‍, കെ.സി.ജോസഫ് തുടങ്ങി മന്ത്രിമാരുടെയും മ്രമുഖരുടെയും ഒരു നീണ്ട നിരതന്നെ ഉണ്ടായിരുന്നു.ലോകപ്രശസ്ത ഇന്ദ്രജാലക്കാരനും എസ്‌കേപ്പ് കലാകാരനുമായ ഹൂഡിനിയോടുള്ള ആദരസൂചകമായി ‘ഹാരി’ എന്ന കണ്ണടവച്ച കുട്ടിപ്പയ്യന്‍ ആണ് മാജിക് പ്ലാനറ്റിന്റെ ഭാഗ്യചിഹ്നം.

മലയാളത്തിന്റെ നടനവിസ്മയം, ശ്രീ മോഹന്‍ലാല്‍ അവതരിപ്പിച്ച മാജിക് ആയിരുന്നു ചടങ്ങിലെ പ്രധാന ആകര്‍ഷണം. മാജിക് പ്ലാനറ്റിന്റെ മുഖ്യകവാടത്തിലൊരുക്കിയ മാജിക് പ്രകടനത്തിന്റെ ശില്‍പ്പത്തെ അനുസ്മരിപ്പിക്കുന്ന മാജിക്കാണ് മലയാളത്തിന്റെ മഹാനടൻ മോഹന്‍ലാല്‍ അവതരിപ്പിച്ചത്. ഉദ്ഘാടനത്തില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ആയിരത്തോളം മാന്ത്രികര്‍ പങ്കെടുത്തു.

ഇന്ദ്രിയങ്ങളെ അസാധാരണമായ അത്ഭുത ലോകത്തിലേക്ക് കൂട്ടിക്കൊണ്ടുപോകുന്നതിനായി മാജിക് അക്കാദമി ഒരുക്കുന്ന ഒരപൂര്‍വ പദ്ധതിയാണ് മാജിക് പ്‌ളാനറ്റ്. കലയും ശാസ്ത്രവും സാഹിത്യവും സാങ്കേതിക വിദ്യയുമെല്ലാം ഇന്ദ്രജാലത്തോട് സമന്വയിക്കുമ്പോള്‍ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുത്സവ കാഴ്ചയുടെ പ്രതീതിയാവും ഉണ്ടാവുക. ഇവയുടെ പ്രാധാന്യം കുട്ടികളിലെത്തിക്കാനും കുട്ടികളുടെ ബൗദ്ധിക വികാസം മെച്ചപ്പെടുത്താനും മാജിക് പ്‌ളാനറ്റ് അവസരമൊരുക്കുന്നു.

ശാസ്ത്രം, ഗണിതം, സാഹിത്യം തുടങ്ങിയവയിലെയെല്ലാം മാന്ത്രികഘടകങ്ങള്‍ കുട്ടികള്‍ക്ക് അനുഭവിച്ചറിയാനുള്ള ഒട്ടേറെ വിനോദോപാധികളാണ് ഇവിടെ ക്കിയിരിക്കുന്നത്. ശാസ്ത്രവും സാഹിത്യവും ഉള്‍ക്കൊള്ളുന്ന മാന്ത്രിക അതിന്റെ എല്ലാ പൂര്‍ണതകളോടും കൂടി കാഴ്ചക്കാരന് അനുഭവവേദ്യമാക്കുകയാണ് മാന്ത്രിക കൊട്ടാരത്തിന്റെ ലക്ഷ്യം. ഇന്ത്യന്‍ ജാലവിദ്യയുടെ പാരമ്ബര്യം ലോകത്തെ അറിയിക്കുകയും വളര്‍ത്തുകയും ചെയ്യുക തുടങ്ങിയിവയും ഇതിലൂടെ ലക്ഷ്യമിടുന്നു.

ലോക മാജിക്കിന്റെ ചരിത്രം പങ്കുവയ്ക്കുന്ന ഹിസ്റ്ററി മ്യൂസിയം, സാഹിത്യത്തിലെ മാന്ത്രികത വെളിവാക്കുന്ന വില്യം ഷേക്‌സ്പിയറിന്റെ ‘ദി ടെംപസ്റ്റ്’ എന്ന നാടകത്തിന്റെ മാന്ത്രിക പുനരവതരണം, സ്വപ്നത്തിന്റെ മായാജാലം കാട്ടിത്തരുന്ന ഭൂഗര്‍ഭ തുരങ്കം കുട്ടികള്‍ക്ക് കുടുംബത്തിന്റെ മഹത്വം കാട്ടിക്കൊടുക്കുന്നു. കൈയടക്കത്തിന്റെ അതിവേഗ കലയെ അവതരിപ്പിക്കുന്ന ക്ളോസപ്പ് തീയറ്റര്‍, സയന്‍സ് കോര്‍ണര്‍, തെരുവു ജാലവിദ്യാ കോര്‍ണര്‍, മായക്കണ്ണാടി കൊട്ടാരം, വിശാലമായ ഓഡിറ്റോറിയം അങ്ങനെ നീളന്നു മാന്ത്രിക കൊട്ടാരത്തിലെ മായക്കാഴ്ചകള്‍.

ഇന്ദ്രജാലമെന്ന പാരമ്പര്യ കലാരൂപത്തെ കൂടുതല്‍ ജനകീയമാക്കി അതിലൂടെ ഇന്ത്യന്‍ ജാലവിദ്യകളുടെ വളര്‍ച്ച ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്ന മാജിക് പ്‌ളാനറ്റില്‍ ഇന്ത്യന്‍ പാരമ്പര്യ ജാലവിദ്യയുടെ നെടുംതൂണുകള്‍ എന്ന് വിശേഷിപ്പിക്കുന്ന തെരുവു മാന്ത്രികരെ സംരക്ഷിക്കാനുള്ള വലിയ കൂട്ടായ ശ്രമം കൂടിയാണ് നടക്കുന്നത്. ഇന്ത്യന്‍ തെരുവു മാന്ത്രികര്‍ക്കായി പ്രത്യേക വിഭാഗവും ഇവിടെയുണ്ടാകും. അവരുടെ പരമ്പരാഗത ജാലവിദ്യകള്‍ക്കാണ് ഈ വിഭാഗം അരങ്ങൊരുക്കുക. തെരുവില്‍ അലഞ്ഞ് ജീവിയ്ക്കുന്ന ഈ കലാകാരന്‍മാരെ മാജിക് എന്ന കലാ കുടുംബത്തിലേയ്ക്ക് ചേര്‍ക്കണമെന്ന് ആഗ്രഹിച്ചത് സ്ഥാപകനായ ഗോപിനാഥ് മുതുകാട് തന്നെയാണ്.

ഉത്തരേന്ത്യയിലും മറ്റും അനേകം തെരുവമാന്ത്രികര്‍ ജീവിതമാര്‍ഗം തേടി ബുദ്ധിമുട്ടുന്നുണ്ടെന്നും അവരെ ഇവിടെ കൊണ്ടുവന്ന് മാജിക് അവതരിപ്പിക്കാന്‍ അവസരമുണ്ടാക്കിക്കൊടുക്കുന്നതിലൂടെ ഒരു പുനരധിവാസപ്രവര്‍ത്തനംകൂടി ലക്ഷ്യമിടുന്നുണ്ടെന്നും ശ്രീ ഗോപിനാഥ് മുതുകാട് ചൂണ്ടിക്കാട്ടി. മാജിക് പ്ലാനറ്റില്‍ നിന്നും കിട്ടുന്ന വരുമാനത്തിലൊരുഭാഗം തെരുവ് മായാജാലക്കാരെ പുനരധിവസിപ്പിക്കുന്നതിനും അവരുടെ മക്കള്‍ക്കു വിദ്യാഭ്യാസം നല്‍കുന്നതിനുമായി നീക്കി െവയ്ക്കുമെന്ന് മുതുകാട് അറിയിച്ചു.

15 കോടിയോളം രൂപയാണ് പദ്ധതിയുടെ മൊത്തം ചെലവ്. ഒരു ദിവസം 500 പേര്‍ക്കു മാത്രമായിരിക്കും ഇവിടെ പ്രവേശനം അനുവദിക്കുക. രാവിലെ 11 മുതല്‍ രാത്രി ആറു മണിവരെ നീളുന്ന ഒരു സമ്പൂര്‍ണ അനുഭവമായിരിക്കും മാജിക് പ്ലാനറ്റെന്ന് ശ്രീ ഗോപിനാഥ് മുതുകാട് പറഞ്ഞു. കാണികളായി ഇവിടെ വര്‍ഷം ഒരു ലക്ഷം പേരെയാണ് പ്രതീക്ഷിക്കുന്നത്. നടത്തിപ്പിനായി 70 ഓളം ജീവനക്കാരുണ്ട്.

Comments

comments