ഒ. പനീര്‍ശെല്‍വം തമിഴ്‌നാട് മുഖ്യമന്ത്രിയാവും.


ചെന്നൈ: ഒ. പനീര്‍ശെല്‍വം തമിഴ്‌നാട് മുഖ്യമന്ത്രിയാവും. ഞായറാഴ്ച ചെന്നൈയില്‍ എ.ഐ.എ.ഡി.എം.കെ. ആസ്ഥാനത്ത് ചേര്‍ന്ന പാര്‍ട്ടി നിയമസഭാകക്ഷി യോഗമാണ് അദ്ദേഹത്തെ നിയമസഭാകക്ഷി നേതാവും മുഖ്യമന്ത്രിയുമായി തിരഞ്ഞെടുത്തത്. തിങ്കളാഴ്ച രാവിലെ 11-ന് ചെന്നൈയിലെ രാജ്ഭവനില്‍ നടക്കുന്ന ചടങ്ങില്‍ പനീര്‍ശെല്‍വം മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുമെന്നാണ് റിപ്പോര്‍ട്ട്.

ജയലളിതയുടെ വിശ്വസ്തനായാണ് പനീര്‍ശെല്‍വം അറിയപ്പെടുന്നത്. തമിഴ്‌നാട് മുഖ്യമന്ത്രിക്കസേരയിലേക്ക് പനീര്‍ശെല്‍വം എത്തുന്നത് രണ്ടാം തവണയാണ്. 2001 സപ്തംബറില്‍ സുപ്രീംകോടതി വിധിയെത്തുടര്‍ന്ന് ജയലളിതയ്ക്ക് മുഖ്യമന്ത്രിസ്ഥാനം രാജി വെക്കേണ്ടി വന്നപ്പോഴാണ് പനീര്‍ശെല്‍വം ആദ്യം മുഖ്യമന്ത്രിയായത്. ആറുമാസത്തിനുശേഷം കോടതി ജയലളിതയെ കുറ്റവിമുക്തയാക്കിയപ്പോള്‍ പനീര്‍ശെല്‍വം സ്ഥാനമൊഴിഞ്ഞുകൊടുത്തു.

ജയലളിത ബാംഗ്ലൂരിലെത്തിയതു മുതല്‍ അവിടെയുണ്ടായിരുന്ന പനീര്‍ശെല്‍വം ഞായറാഴ്ച രാവിലെയാണ് ചെന്നൈയില്‍ തിരിച്ചെത്തിയത്. ശനിയാഴ്ച കോടതി വിധിക്ക് മുമ്പും ശേഷവും ജയലളിത പനീര്‍ശെല്‍വവുമായി ദീര്‍ഘനേരം സംഭാഷണം നടത്തിയിരുന്നു.

അനധികൃതസ്വത്ത് സമ്പാദനക്കേസില്‍ മുഖ്യമന്ത്രി ജയലളിതയെ നാലുവര്‍ഷത്തേക്ക് ശിക്ഷിച്ചതിനെത്തുടര്‍ന്നാണ് പനീര്‍ശെല്‍വത്തിന് അവസരം ലഭിച്ചത്. ജയലളിതയുടെ എം.എല്‍.എ.സ്ഥാനം നഷ്ടമായ സാഹചര്യത്തില്‍ 234-അംഗ നിയമസഭയില്‍ സ്പീക്കര്‍ ഉള്‍പ്പെടെ 151-അംഗങ്ങളാണ് എ.ഐ.എ.ഡി.എം.കെ.യ്ക്കുള്ളത്. ഡി.എം.ഡി.കെ.- 28, ഡി.എം.കെ.-23 എന്നിങ്ങനെയാണ് പ്രമുഖ പ്രതിപക്ഷ പാര്‍ട്ടികളുടെ സീറ്റ് നില.

തേനി ജില്ലയില്‍ ബോഡിനായ്ക്കനൂര്‍ നിയമസഭാമണ്ഡലത്തില്‍ നിന്നാണ് 63 -കാരനായ പനീര്‍ശെല്‍വം നിയമസഭയിലെത്തിയത്. പെരിയകുളം മുനിസിപ്പല്‍ ചെയര്‍മാനായി രാഷ്ട്രീയജീവിതം തുടങ്ങി. 2001-ലെ ജയലളിത മന്ത്രിസഭയില്‍ റവന്യൂ മന്ത്രിയായിരുന്നു. 2002-ല്‍ ജയലളിത മുഖ്യമന്ത്രിസ്ഥാനത്തേക്ക് തിരിച്ചെത്തിയപ്പോള്‍ ധനമന്ത്രിയായി. 2011-ലും ജയലളിത മന്ത്രിസഭയില്‍ പനീര്‍ശെല്‍വത്തിന് ധനമന്ത്രിസ്ഥാനം ലഭിച്ചു.

Comments

comments