വസന്തകാലമെത്തി; സൗത്ത് ഓസ്‌ട്രേലിയയില്‍ പാമ്പുകള്‍ പെരുകുമെന്ന് വിദഗ്ധര്‍


അഡ്‌ലൈഡ്:വസന്തകാലമെത്തിയതോടെ തൊടികളില്‍ പൂക്കളുടെ സാന്നിധ്യം വര്‍ധിക്കുമെന്ന സന്തോഷവാര്‍ത്തയ്‌ക്കൊപ്പം പാമ്പുകളുടെ ശല്യം ഏറുമെന്ന പേടിപ്പെടുത്തുന്ന വാര്‍ത്തയും. സൗത്ത് ഓസ്‌ട്രേലിയയുടെ എല്ലാ ഭാഗത്തും കൊടുംവിഷമുള്ള പാമ്പുകളുടെ സാന്നിധ്യം സെപ്റ്റംബര്‍ മുതലുള്ള ഏതാനും മാസം പ്രകടമാകുമെന്ന് വിദഗ്ധര്‍ പറയുന്നു. അതിനാല്‍ ആളുകള്‍ ജാഗ്രത പാലിക്കണം.

സെപ്റ്റംബര്‍ മുതലുള്ള മാസങ്ങളില്‍ പാമ്പുകള്‍ ഏറെ സമയം മയക്കത്തിലായിരിക്കും. അതിനാല്‍ ചെറിയ പ്രകോപനം പോലും ആക്രമണത്തിനുള്ള സാധ്യത വര്‍ധിപ്പിക്കുമെന്ന് സൗത്ത് ഓസ്‌ട്രേലിയന്‍ ഡിപ്പാര്‍ട്ടമെന്റ് ഓഫ് എന്‍വയണ്‍മെന്റിലെ ഡെബ് കെല്ലി മുന്നറിയിപ്പ് നല്‍കി. വിശപ്പ് മൂലം ആക്രമണസജ്ജമായിരിക്കും ഇവ.

ബ്രൗണ്‍ സ്‌നേക്ക് ഉള്‍പ്പെടെ കൊടുംവിഷമുള്ള നിരവധി ഇനം പാമ്പുകള്‍ സംസ്ഥാനത്തിന്റെ എല്ലാ ഭാഗത്തും ഉണ്ട്. കങ്കാരു ഐലന്റ് പ്രദേശത്ത് കോപ്പര്‍ഹെഡ്, റിവര്‍മുറേ ഭാഗത്ത് ടൈഗര്‍സ്‌നേക്ക് എന്നിവയും സാധാരണമാണ്. മുള്‍ഗ സ്‌നേക്കുകള്‍ കൂടുതലായി കാണുന്നത് വടക്കന്‍ പ്രദേശത്താണ്. പാമ്പുകളെ നേരിടുമ്പോള്‍ ആളുകള്‍ അതീവ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു. വെറുതെ ഹീറോയാകാനുള്ള ശ്രമം വലിയ അപകടത്തില്‍ കലാശിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കുന്നു.

Comments

comments