മലയാളി അസോസിയേഷന്‍ ഓഫ് വിക്ടോറിയയുടെ ഓണം പൊന്നോണം സെപ്റ്റംബര്‍ ആറിന്

മെല്‍ബണ്‍:പൊന്നിന്‍ചിങ്ങത്തിലെ പൊന്നോളനാളുകളുടെ സമ്പദ്‌സമൃദ്ധി  വര്‍ഷംമുഴുവന്‍ നീളട്ടെയെന്ന പ്രാര്‍ത്ഥനയോടെ , ജനിച്ച മണ്ണിന്റെ ഓര്‍മ്മകള്‍ അയവിറക്കി വിക്ടോറിയയിലെ മലയാളികള്‍ ഓണം  ആഘോഷിക്കാനൊരുങ്ങുകയാണ്. വിക്ടോറിയയിലെ മലയാളികളുടെ കൂട്ടായ്മയായ മലയാളി അസോസിയേഷന്‍ ഓഫ് വിക്ടോറിയ (എംഎവി)യുടെ നേതൃത്വത്തില്‍ നോബിള്‍പാര്‍ക്കില്‍ സെപ്റ്റംബര്‍ ആറിന് ആണ് ആഘോഷപരിപാടികള്‍. രാവിലെ 11 മണി മുതല്‍ രാത്രി 7 മണി വരെ നോബിള്‍ പാര്‍ക്ക് സെക്കന്‍ട്രി കോളേജ് ഓഡിറ്റോറിയത്തില്‍ മലയാളത്തനിമയോടെയാണ് പരിപാടികള്‍  സംഘടിപ്പിച്ചിരിക്കുന്നത്.

തെന്നിന്ത്യന്‍ ചലചിത്രവേദിയിലെ തലയെടുപ്പുള്ള താരം സ്ഫടികം ജോര്‍ജാണ്  ഇത്തവണ ഓണാഘോഷത്തിന് മലയാളികള്‍ക്കൊപ്പം ചേരുന്നത്. ഇതോടൊപ്പം ആര്‍ത്തുല്ലസിക്കാന്‍ കോമഡി കസിന്‍സിന്റെ സാന്നിധ്യവും ഉണ്ടാകും. വിക്ടോറിയയിലെ മലയാളി സമൂഹത്തില്‍ നിന്നും വളര്‍ന്നുവരുന്ന താരങ്ങളുടെ സാന്നിധ്യവും പരിപാടികളെ വര്‍ണാഭമാക്കും. ആറാംതീയതി രാവിലെ 11 മണിക്ക്  അത്തപ്പൂക്കളം  ഒരുക്കുന്നതോടെ  ഓണാഘോഷത്തിനു തുടക്കമാകും. 12:30 ന്  പരമ്പരാഗത രീതിയിലുള്ള ഓണസദ്യ. ഇതിനുശേഷം ലഘുവിശ്രമം. ഉച്ചതിരിഞ്ഞ് രണ്ടരയോടെ സിനിമാതാരം സ്ഫടികം ജോര്‍ജ് മുഖ്യാതിഥിയായി പങ്കെടുക്കുന്ന  ഉദ്ഘാടനചടങ്ങുകള്‍. നാലുമണിയോടെ കോമഡികസിന്‍സ് അരങ്ങിലെത്തും. ആറുമണിയോടെ പരിപാടികള്‍ പൂര്‍ത്തിയാകും.

38 വര്‍ഷം മുമ്പ് 1976 ല്‍ രൂപീകൃതമായ ദി മലയാളി അസോസിയേഷന്‍ ഓഫ്  വിക്ടോറി (എംഎവി) ഇന്ന് ഓസ്‌ട്രേലിയയിലെ ഏറ്റവുംവലിയ മലയാളി കൂട്ടായ്മയാണ്. 1250 ഓളം മലയാളി കുടുംബങ്ങളുടെ കരുത്തിലാണ് സംഘടന  വളരുന്നത്. ഓണം പൊന്നോണം 2014 ആഘോഷിക്കാനും ആനന്ദകരമാക്കാനും എല്ലാവരെയും സെപ്റ്റംബര്‍ ആറാം തിയതി നോബിള്‍ പാര്‍ക്ക് സെന്‍ട്രി കോളജിലേക്ക് ക്ഷണിക്കുകയാണെന്ന് സംഘാടകര്‍ അറിയിച്ചു. വിശദവിവരങ്ങള്‍ എംഎവിയുടെ  വെബ്‌സൈറ്റ് ആയ www.mavaustralia.com.au എന്ന സൈറ്റിൽ നിന്നോ ഇതോടൊപ്പം ഉള്ള ഫേസ്ബുക്ക് ലിങ്കിൽ നിന്നോ ലഭ്യമാണ്

Comments

comments