ഇറോം ശര്‍മിള മോചിതയായി.

ഇംഫാല്‍: പതിന്നാല് വര്‍ഷത്തെ തടവിനുശേഷം മണിപ്പുരിന്റെ ‘ഉരുക്കു വനിത’ ഇറോം ശര്‍മിള ബുധനാഴ്ച മോചിതയായി. ജയിലാക്കി മാറ്റിയ ഇംഫാലിലെ ജവാഹര്‍ലാല്‍ നെഹ്രു ആസ്​പത്രിമുറിയില്‍നിന്ന് കണ്ണീരോടെ പുറത്തുവന്ന ശര്‍മിള എന്തുവന്നാലും നിരാഹാരസമരം തുടരുമെന്ന് പ്രഖ്യാപിച്ചു.

സൈന്യത്തിന്റെ പ്രത്യേകാധികാര നിയമം (അഫ്‌സ്​പ) റദ്ദാക്കണമെന്നാവശ്യപ്പെട്ട് 2000 നവംബര്‍ നാല് മുതല്‍ നിരാഹാര സമരം നടത്തുകയാണ് ശര്‍മിള. 2000 നവംബറില്‍ അസം റൈഫിള്‍സ് ഭടന്‍മാര്‍ ഇംഫാലില്‍ 10 പേരെ വെടിവെച്ചുകൊന്നതിനെത്തുടര്‍ന്നാണ് അഫ്‌സ്​പ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ശര്‍മിള അനിശ്ചിതകാല നിരാഹാരം തുടങ്ങിയത്. സമരം തുടങ്ങി മൂന്നാംനാള്‍ അവരെ അറസ്റ്റുചെയ്തു. ‘ആസ്​പത്രി ജയിലി’ലാക്കിയ അവര്‍ക്ക് മൂക്കിലൂടിട്ട കുഴല്‍ വഴി നിര്‍ബന്ധിതമായി ഭക്ഷണം നല്‍കുകയായിരുന്നു. ശര്‍മിളയുടെ നിരാഹാരം ആത്മഹത്യാശ്രമമായി കണക്കാക്കി കേസെടുത്ത് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വെച്ചിരിക്കുകയായിരുന്നു. ആത്മഹത്യാശ്രമത്തിന് തെളിവില്ലെന്നും ശര്‍മിളയെ ഉടന്‍ മോചിപ്പിക്കണമെന്നും മണിപ്പുരിലെ സെഷന്‍സ് കോടതി ചൊവ്വാഴ്ച ഉത്തരവിട്ടിരുന്നു.

ജയില്‍മോചിതയായതില്‍ സന്തോഷമുണ്ടെന്ന് ശര്‍മിള പറഞ്ഞു. തീര്‍ത്തും ദുര്‍ബലയായി കാണപ്പെട്ട അവരുടെ ശബ്ദം ഇടറുന്നുണ്ടായിരുന്നു. ‘എന്റെ ആവശ്യം നിറവേറുംവരെ വാ കൊണ്ട് ഒന്നും തൊടില്ല. ഞാനിപ്പോള്‍ സ്വതന്ത്രയാണ്. അതെന്റെ അവകാശമാണ.്’ ”നമ്മുടെ ആളുകള്‍ എന്റെ മഹത്ത്വം പാടിനടക്കണമെന്നതല്ല എന്റെ ആഗ്രഹം. അവരുടെ കൂട്ടായ പിന്തുണയാണ് ഞാന്‍ ആഗ്രഹിക്കുന്നത്. ആവശ്യമുള്ളപ്പോഴെല്ലാം എനിക്കതുതരിക” -ഇംഫാലിലെ ആസ്​പത്രിക്ക് പുറത്തുകാണാന്‍ തടിച്ചുകൂടിയ വാര്‍ത്താലേഖകരും അല്ലാത്തവരുമായ ജനത്തോട് ശര്‍മിള പറഞ്ഞു. പൂക്കളുമായി ആഘോഷപൂര്‍വമാണ് ജനം അവരെ സ്വീകരിച്ചത്. ജനപിന്തുണ ആനന്ദത്തിലാഴ്ത്തുന്നുവെന്ന് അവര്‍ പറഞ്ഞു.

ഉറ്റകുടുംബാംഗങ്ങള്‍ക്കുപോലും അവരെ സന്ദർശിക്കുന്നതിന് വിലക്കുണ്ടായിരുന്നു. സന്ദര്‍ശകര്‍ മണിപ്പുര്‍ ആഭ്യന്തരസെക്രട്ടറിയുടെ അനുമതി വാങ്ങണമെന്നായിരുന്നു ചട്ടം. ജസ്റ്റിസ് കെ.ജി. ബാലകൃഷ്ണന്‍ തലവനായ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ 2013 ഒക്ടോബര്‍ 30-ന് ശര്‍മിളയെ സന്ദര്‍ശിച്ചശേഷമാണ് ഈ ചട്ടം സംസ്ഥാന സര്‍ക്കാര്‍ എടുത്തുകളഞ്ഞത്. ശര്‍മിളയുടെ മോചനം നിയമപരവും ധാര്‍മികവുമായ വിജയമാണെന്ന് അന്താരാഷ്ട്ര മനുഷ്യാവകാശപ്രസ്ഥാനമായ ആംനെസ്റ്റി ഇന്റര്‍നാഷണല്‍ പ്രസ്താവനയില്‍ അഭിപ്രായപ്പെട്ടു.

Comments

comments