മനുഷ്യമാംസം ഭക്ഷിച്ച്‌, മരണത്തിന്റെ താഴ് വരയിൽ….!


വിമാന ദുരന്തങ്ങൾ ഒന്നിനു പിറകേ ഒന്നായി വാർത്തയിൽ  നിറയുകയാണ്. എന്നാൽ  ഒരു വിമാനത്തിന്റെ തിരോധാനവും അവിശ്വസനീയമാം വിധം അതിനെ അതിജീവിച്ചവരുടെ ചെറുത്തു നിൽപ്പിന്റെയും മോക്ഷത്തിന്റെയും ഒരു വലിയ ഉദാഹരണം ചരിത്രത്തിന്റെ ഏടുകളിൽ ഉണ്ട്. 1972 ഒക്ടോബർ 13-ന്   45 യാത്രികരെയും കൊണ്ട് ഉറുഗ്വയിൽ നിന്നും ചിലിയിലേക്ക് യാത്ര തിരിച്ച ഉറുഗ്വൻ എയർ -ഫോഴ്സ് വിമാനത്തിന്റെ ചരിത്രമാണ് അത്.

ഏതാനും റഗ്ബി കളിക്കാരും അവരുടെ ചില കുടുംബാംഗങ്ങളും ആയിരുന്നു വിമാനത്തിലെ പ്രധാന യാത്രികർ. കാലാവസ്ഥ മോശമായതിനാൽ അർജന്റിന വഴി തിരിച്ചു കൊണ്ടാണ് വിമാനം പറന്നത്. ആശയവിനിമയത്തിലുള്ള പിഴവ് മൂലം വേണ്ടതിലും താഴ്ത്തി പറന്ന വിമാനം അന്ദെസ് (Andes)പർവതനിരകളിൽ ഇടിച്ചു തകരുകയായിരുന്നു.

Friday the 13th

മേഘങ്ങൾക്കടിയിൽ പതിയിരുന്ന അന്ദെസ് മലനിരകളിൽ ഇടിച്ച് ആ വിമാനം ഛിന്നഭിന്നമായി. എന്നാൽ മുൻവശത്തിന്റെ നല്ലൊരു ഭാഗം മഞ്ഞിൽക്കൂടി ഊളിയിറങ്ങി, ഒരു കിടങ്ങിൽ വന്നു കിടന്നു. ഒരു പൈലറ്റ് ഉൾപ്പടെ 27 പേരായിരുന്നു അതിൽ  ആദ്യ ദിനത്തിൽ അവശേഷിച്ചവർ. പൈലറ്റ് അധികം വൈകാതെ തന്നെ വേദന കൊണ്ട് പുളഞ്ഞു മരിച്ചു.

കൂട്ടത്തിലെ ഏറ്റവും പ്രിയപ്പെട്ടവനായിരുന്നു നാന്ദൊ പെറാദൊ. ഈ യാത്രയിൽ അവൻ തന്റെ അമ്മയേയും സഹോദരിയേയും ഒപ്പം കൂട്ടിയിരുന്നു. എന്നാൽ സീറ്റു കൾക്കിടയിൽ ഞെരിഞ്ഞു കിടന്ന അവന്റെ അമ്മയ്ക്ക്  ഒരു ദിവസം മാത്രമാണ് ആയുസ് ഉണ്ടായിരുന്നത്. വിമാനക്കഷണത്തെ ഒരു ചെറിയ വീട് പോലെ കണക്കാക്കി -30 ഡിഗ്രീ തണുപ്പിൽ 12000 അടിയോളം മുകളിലെ ആ തണുത്ത മല നിരകളിൽ ഒന്നാം ദിവസം അവർ കഴിച്ചു കൂട്ടി.

മൂന്നാം നാൾ

മൂന്നാം ദിവസം നാന്ദൊ ഒന്നനങ്ങി. മരണത്തിൽ നിന്നും ഉയിർത്തെഴുന്നേറ്റ പോലെ അവൻ ചുറ്റും നോക്കി. നാല് ദിക്കിലും മഞ്ഞു മൂടിയ പർവ്വത നിരകളാൽ ചുറ്റപ്പെട്ട ഒരു തുരുത്തിൽ അകപ്പെട്ട കുറച്ചു “ശ്വസിക്കുന്ന ജഡങ്ങൾ “എന്നാണ് അവനു തോന്നിയത്. പിന്നീട് അവൻ കണ്ടത് ഹൃദയ ഭേദകമായ ഒരു കാഴ്ചയാണ്, മൃതുപ്രാണയായ തന്റെ അനുജത്തി. അവൻ അവളെ നെഞ്ചോടു ചേർത്ത് പുണർന്നു, രാത്രി വെളുക്കുവോളം ഇരുന്നു, അവളുടെ മരണം വരെ. അതിനു ശേഷം അവൻ അമ്മയേയും അനിജത്തിയെയും ഒരുമിച്ചു കുഴിച്ചു മൂടി.

കയ്യിൽ ആകെയുള്ള ട്രാസിസ്റ്റർ റേഡിയോയിൽ നിന്നും പത്താം നാൾ  അവർ ആ വാർത്ത‍ കേട്ടു “കാണാതായ വിമാനത്തിനു വേണ്ടിയുള്ള തിരച്ചിൽ മൂന്നു രാജ്യങ്ങളും അവസാനിപ്പിച്ചു”.  അവശേഷിച്ച ചോക്ലേറ്റുകളും മറ്റും തീർന്നപ്പോൾ, ഷൂസും സ്യൂട്ട് കേസും സീറ്റ് ലെതറും  മറ്റും തിന്നാൻ അവർ ശ്രമിച്ചു കൊണ്ടിരുന്നു. ഒടുവിൽ വിശപ്പ്‌ അവനവനെ കാർന്നുതിന്നു തുടങ്ങിയപ്പോൾ സുഹൃത്തായ കാർലിടോ നാന്ദൊയെ നോക്കി, അപ്പോൾ നാന്ദൊ പറഞ്ഞു “എനിക്ക് പൈലറ്റിനെ തിന്നണം”

നാന്ദൊ ഭ്രാന്തു പുലമ്പുന്നു എന്ന മട്ടിൽ കൂടെയുള്ളവരെ തിരിഞ്ഞു നോക്കിയപ്പോൾ അവരും അതിനെ മനസ്സോടെ അനുകൂലിക്കുന്നതാണ് കാർലിടോ കണ്ടത്! അവർ അതിനോട് മാനസികമായി പൊരുത്തപ്പെടാൻ പല ന്യായീകരണങ്ങളും കണ്ടെത്തിക്കൊണ്ടിരുന്നു. പണ്ട് ക്രിസ്തു തന്റെ ശരീരം അപ്പമാക്കി ഭക്ഷിച്ച് കൊള്ളുവാൻ  സുഹൃത്തുക്കൾക്ക് നിർദ്ദേശം നല്കിയിരുന്നത്രേ! എന്നാൽ, രക്ത ദാനവും അവയവ ദാനവും പോലെ തന്നെ ഇതിനെ കണ്ടാൽ മതി എന്ന നിർദേശമാണ് നാന്ദൊ നല്കിയത്. “ജഡങ്ങളെ നാളെ പുഴുക്കൾ കാർന്നു തിന്നും, പ്രയോജനപ്പെടുന്നെങ്കിൽ നമുക്ക് അവയെ ഉപയോഗിച്ച് കൂടെ?” എന്നും നന്ദൊ കൂട്ടിച്ചേർത്തു. തുടർന്ന്, ആകെയുള്ള ഒരു സ്ക്രൂ ഡ്രൈവറും വിമാനത്തിന്റെ പൊട്ടിയ ചില്ലിൻ കഷണങ്ങളും ആയുധങ്ങളാക്കി അവർ ആ കൃത്യം നിർവഹിച്ചു.

അഞ്ചാം നാൾ

ദുരന്തത്തിന് മേൽ പ്രകൃതിയുടെ കൂടി പങ്ക് എന്ന നിലയ്ക്കാകണം, മഞ്ഞുമലയിലെ സുനാമി എന്നറിയപ്പെടുന്ന അവലാഞ്ചെ, അത് മലകൾക്കിടയിലൂടെ വന്നിറങ്ങി അവരെ പൂർണ്ണമായും മൂടി. വിമാനക്കഷണം മറയായി ഉള്ളതിനാൽ അതിന്റെ പ്രഹരം അവര്ക്ക് അത്ര ഏറ്റില്ല, എങ്കിലും അടുത്ത മൂന്നു ദിവസം കഠിനമായ മഞ്ഞു വീഴ്ച കൂടി ഉണ്ടായതിനാൽ അവർ ശ്വസിക്കാൻ മാത്രം ഇടംകണ്ട്, മുകളിലെ ശബ്ദവിന്യാസങ്ങൾ കേട്ട്,മൂന്നു നാൾ മഞ്ഞിനടിയിൽ കഴിഞ്ഞു. എന്നാൽ എട്ടു പേരുടെ ജീവിതം കൂടി ഇതിനിടയിൽ പൊലിഞ്ഞു. തുടർന്നുള്ളദിവസങ്ങളിൽ  അപകടം മൂലമുള്ള ഇൻഫെക്ഷൻ മൂർച്ചിച്ച് കൂടെയുള്ള രണ്ടു പേർ കൂടി മരണം വരിച്ചു. ഇത്രയും ആയപ്പോൾ ബാക്കിയുള്ളവർക്ക് മനസ്സിലായി, മരണമായിരിക്കും ഏറ്റവും എളുപ്പം എന്ന്. എന്നാൽ ഇത്രയും പോരുതാനായെങ്കിൽ ഇനിയും അത് തുടരാൻ നാന്ദൊ അവരോടു പറഞ്ഞു. “എനിക്ക് എന്ത് ചെയ്യണം എന്നറിയില്ല, എങ്കിലും തിരിച്ചു പോയി അച്ഛനെ കാണും വരെ ഞാൻ പരിശ്രമിക്കും” നാന്ദൊ മനസ്സിൽ  പറഞ്ഞു.

ഡിസംബർ 12

അപകടം നടന്ന് ഏകദേശം രണ്ടു മാസം അടുത്ത അവസരത്തിൽ നാന്ദൊയും മറ്റു രണ്ടു സുഹൃത്തുക്കളും ചേർന്ന് (റോബർടോ , അന്തോണിയോ) മലകൾ താണ്ടി മറുപക്കം എത്താനുള്ള ദൌത്യം ഏറ്റെടുത്തു. പോകാൻ നേരം നാന്ദൊ കാർലിടോയോട് പറഞ്ഞു “ഞാൻ തിരിച്ചു വന്നില്ലെങ്കിൽ, എന്റെ അമ്മയെയും പെങ്ങളെയും നിങ്ങൾ ഭക്ഷിക്കണം” എന്ന്. അവകാശമെന്നാകിലും നാന്ദൊയുടെ പക്കൽ നിന്നും ഉള്ള ആ അനുവാദം കേട്ടപ്പോൾ, അവർ വിങ്ങി.

45 ഡിഗ്രി ചെരുവിൽ 2000 അടിയോളം ഉയരമുള്ള മുന്നിൽ കണ്ട മഞ്ഞു മല താണ്ടാനായി അവർ നടന്നു തുടങ്ങി, അത്യാവശ്യം ഉടുപ്പുകൾ മാത്രം ധരിച്ച്, യാതൊരു മുൻപരിചയവുമില്ലാതെ കൊച്ചു കുട്ടികളെ പോലെ വീണും പിടഞ്ഞെണീറ്റും, ഭയപ്പാടോടെ അവർ യാത്ര തുടർന്നു. ആ മല താണ്ടിയപ്പോൾ അതിനു പിന്നിൽ മറഞ്ഞിരുന്ന അടുത്ത മല കണ്ട് അവർ ഞെട്ടി,  ”ശ്വസിക്കുന്നുണ്ടെങ്കിൽ ഇനിയും മുന്നോട്ട്” എന്ന്മനസ്സിൽ പറഞ്ഞു മൂവരും വീണ്ടും യാത്ര തുടർന്നു. 3 ദിവസങ്ങൾ വേണ്ടി വന്നു അവർക്ക്ആ മല താണ്ടാൻ. അതിനും മുകളിൽ എത്തിയപ്പോൾ കണ്ട കാഴ്ച അവരെ നിരാശക്കയത്തിൽ താഴ്ത്തി. ചുറ്റിനും പർവ്വതനിരകൾ മാത്രം. എന്നാൽ, ഏകദേശം 80 മൈൽ അപ്പുറം സമുദ്രമുള്ളതായി കാണപ്പെട്ടു. കൈയിലുള്ള മനുഷ്യമാംസം തീരാറായി, മൂന്നുപേർ ചേർന്നാൽ യാത്ര ഇനിയും വൈകും എന്ന് കണ്ടപ്പോൾ കൂടെയുള്ള അന്തോനിയോയെ തിരിച്ച്  അപകട സ്ഥലത്ത് ചെന്ന് കൂട്ടരോടൊപ്പം  തങ്ങളുടെ വരവിനായി കാത്തിരിയ്ക്കാൻ പറഞ്ഞയച്ച് നാന്ദൊയും റോബർടോയും യാത്ര തുടർന്നു. “മരിക്കുന്നെങ്കിൽ ഒരുമിച്ച്” എന്നാണ് കൈ കോർത്ത്‌ പിടിച്ചു റോബർടോ നാന്ദൊയോടു പറഞ്ഞത് .

ഒരു ഷെൽടെർ പോലും ഇല്ലാതെ മുന്നോട്ടുള്ള വിശ്രമമില്ലാത്ത 10 ദിവസത്തോളം എടുത്ത ഈ യാത്രയിൽ നാന്ദൊയ്ക്ക് 30 കിലോ ശരീര ഭാരം നഷ്ടമായി . ഒടുവിൽ അവർ ആ അതിര് കണ്ടു, മഞ്ഞ് അവസാനിച്ച് പാറ കഷണങ്ങൾ തെളിഞ്ഞു കിടക്കുന്ന “മരണത്തിനും ജീവിതത്തിനും ഇടയിലുള്ള” ആ അതിര്. പിന്നീട് ഒരു അരുവി, ഒരു പശു, ചെറിയ പൂക്കൾ, അങ്ങിനെയുള്ള ജീവിതാംശങ്ങൾ. അങ്ങനെയിരിക്കെ നാന്ദൊ ആ കാഴ്ച കണ്ടു, അരുവിക്കപ്പുറം കുതിരപ്പുറത്ത്‌ ദൈവദൂതനെപ്പോലെ ഒരു മനുഷ്യൻ. അയാൾ ഒരു പേപ്പറും പേനയും കല്ലിൽ കെട്ടി എറിഞ്ഞു. നാന്ദൊ അതിന് മറുപടി എഴുതി തിരിച്ച് എറിഞ്ഞു. അപ്പോൾ അയാള് കുറച്ചു ഭക്ഷണം കല്ലിൽ കെട്ടി വീണ്ടും എറിഞ്ഞു. നീണ്ട 2 മാസങ്ങൾക്ക് ശേഷം അവർ ഇരുവരും കഴിക്കുന്ന, മനുഷ്യച്ചുവയില്ലാത്ത, ഇതര ഭക്ഷണം.

ഡിസംബർ 22

ക്രിസ്തുമസിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ, ലോകം മുഴുവൻ ആഘോഷ രാവിനായി തയ്യാറെടുക്കേ, മരണം മനസ്സ് കൊണ്ട് വരിച്ചു നിരാശരായി കിടന്ന 14 മനുഷ്യക്കൂട്ടങ്ങൾക്ക് മുകളിലായി രണ്ടു ഹെലികോപ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു. അവയെ നയിച്ച്‌ കൊണ്ട് നാന്ദൊയും!

അടുത്ത ദിവസങ്ങളിൽനാന്ദൊയുടെ അച്ഛനും, മക്കളുടെ നഷ്ടം മനസ്സിൽ കുറിച്ചിട്ട മറ്റു 15 വീടുകളിലേക്കും ആ സന്ദേശം ചെന്നു. മനുഷ്യ ജീവൻ എത്രത്തോളം വിലമതിക്കാനാകാത്തതാണ് എന്ന പൊരുൾ അടങ്ങിയ ആ സന്ദേശം.

പിൻ കുറിപ്പ്:
ഒരു വിമാന അപകടത്തിൽ നിന്നും പ്രകൃതി ദുരന്തത്തിൽ നിന്നും കരകയറി,കൊടും തണുപ്പിൽ, യാതൊരു സന്നാഹങ്ങളും ഇല്ലാതെ ഭൂമിയിലെ ഏറ്റവും നീളമേറിയ പർവ്വത നിരകൾ മറികടന്ന്  , 63 ദിവസങ്ങൾ കൊണ്ട്  80-ഓളം കിലോ മീറ്റർ താണ്ടി, മരണത്തെ അതിജീവിച്ച്, മഞ്ഞിൻറെ മരവിപ്പിൽ നിന്നും ജീവിതത്തിന്റെ പച്ചപ്പിലേക്ക് കാലെടുത്തു കുത്തിയപ്പോഴേക്കും അവര്ക്ക് കിട്ടിയ പട്ടം ”നരഭോജികൾ” എന്നായിരുന്നു. “ഈ അവസ്ഥയിലൂടെ കടന്നു പോകാത്തിടത്തോളം ഒരു മനശാസ്ത്ര വിദഗ്ദ്ധനും ഞങ്ങളെ മനസിലാക്കാൻ കഴിയില്ല” എന്നാണ് നാന്ദൊ അതിന്  മറുപടി പറഞ്ഞത്.

ഹിസ്റ്ററി ചാനൽ സംപ്രേക്ഷണം ചെയ്ത “I Am Alive” എന്ന ഡോക്യു മെന്ററിയെ ആധാരപ്പെടുത്തിയുള്ള ലേഖനം.
(തയ്യാറാക്കിയത്: കൃഷ്ണേന്ദു….)

Comments

comments