നരേന്ദ്രമോദിയെ കാണാന്‍ തിരക്കിട്ടെത്തിയ ഉമ്മന്‍ചാണ്ടിയോട് കോണ്‍ഗ്രസ് നേതൃത്വത്തിന് അതൃപ്തി!

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ കാണാന്‍ തിരക്കിട്ടെത്തിയ കേരള മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധിയും വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധിയും രാവിലെ കൂടിക്കാഴ്ചയ്ക്ക് അനുമതി നിഷേധിച്ചു. ഡല്‍ഹിയിലെത്തിയ ഉമ്മന്‍ചാണ്ടി എ. കെ. ആന്റണിയെയും തുടര്‍ന്ന് സോണിയാഗാന്ധിയേയും രാഹുല്‍ ഗാന്ധിയെയും കണ്ടശേഷം പ്രധാനമന്ത്രിയെ സന്ദര്‍ശിക്കാനാണ് പരിപാടിയിട്ടിരുന്നത്. എന്നാല്‍ പ്രധാനമന്ത്രിയെ കാണാന്‍ തിരക്കിട്ടു വന്നതല്ലേ, അതുകഴിഞ്ഞിട്ടുമതി തങ്ങളുമായുള്ള കൂടിക്കാഴ്ചയെന്ന് സോണിയയും രാഹുലും പറയാതെ പറയുകയായിരുന്നു.

നേരത്തെ പ്രധാനമന്ത്രിയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കരുതെന്ന് കോണ്‍ഗ്രസ് മുഖ്യമന്ത്രിമാര്‍ക്ക് പാര്‍ട്ടി നേതൃത്വം നിര്‍ദേശം നല്‍കിയിരുന്നു. അതു ലംഘിച്ച് മിസോറാം മുഖ്യമന്ത്രി എത്തിയത് പാര്‍ട്ടിയുടെ അനിഷ്ടത്തിനിടയാക്കിയിരുന്നു. തൊട്ടുപിന്നാലെ മോദിയെ കാണാന്‍ മറ്റൊരു കോണ്‍ഗ്രസ് മുഖ്യമന്ത്രിയായ ഉമ്മന്‍ചാണ്ടി ഓടിയെത്തിയത് പാര്‍ട്ടി നേതൃത്വത്തില്‍ അതൃപ്തി ഉളവാക്കിയിട്ടുണ്ട്. മോദിയെ കാണാന്‍ എത്തുന്ന ആദ്യ കോണ്‍ഗ്രസ് മുഖ്യമന്ത്രിയും ഉമ്മന്‍ചാണ്ടിയാണ്. കേരളത്തില്‍ നേടിയ തിരഞ്ഞെടുപ്പ് വിജയത്തിന്റെ ലഹരിയിലാണ് ഉമ്മന്‍ചാണ്ടി എത്തിയത്. അതുകൊണ്ടുതന്നെ തന്നെ കാണാനും അഭിനന്ദിക്കാനും സോണിയയും രാഹുലും അതീവ താല്പര്യം കാട്ടുമെന്ന് ഉമ്മന്‍ചാണ്ടി കരുതി. അതിനിടയില്‍ മോദി കരടാവുമെന്ന് അദ്ദേഹം പ്രതീക്ഷിച്ചില്ല.

രാവിലെ ഒന്‍പതു മണിയോടെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കേന്ദ്രമന്ത്രി എ. കെ.ആന്റണിയെ സന്ദര്‍ശിച്ചു ചര്‍ച്ച നടത്തി. മന്ത്രിസഭാ പുനഃസംഘടനയാണ് ഉമ്മന്‍ചാണ്ടിയുടെ ലക്ഷ്യം. അതു അംഗീകരിക്കുമെന്നാണ് ശ്രുതി. ഗണേശിനെ ഉള്‍പ്പെടുത്താന്‍ ഇപ്പോഴും മുഖ്യമന്ത്രിക്ക് താല്പര്യമുണ്ടത്രേ. എന്നാല്‍, മന്ത്രിസഭാപുനഃ സംഘടനയുടെ കാര്യത്തില്‍ കെ. പി. സി.സി. പ്രസിഡന്റ് വി. എം. സുധീരനും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും വിയോജിക്കുന്നു. പാര്‍ട്ടി പുനഃ സംഘടന നടക്കട്ടെ എന്നാണ് അവരുടെ വാദം. അതിനാല്‍ മന്ത്രിസഭാ പുനഃസംഘടനയ്ക്കു ഞൊടിയിടയില്‍ അനുമതിയുമായി മടങ്ങിയെത്താന്‍ ഉമ്മന്‍ചാണ്ടിക്കു കഴിയുമെന്ന് തോന്നുന്നില്ല. എന്നാല്‍, അദ്ദേഹം കടുംപിടിത്തം കാട്ടിയാല്‍ നേതൃത്വം വഴങ്ങിയേക്കും. അങ്ങനെ സമ്മര്‍ദ്ദം ചെലുത്താനുള്ള ശക്തി തിരഞ്ഞെടുപ്പ് വിജയത്തിലൂടെ നേടിയെന്നാണ് കേരളത്തിലുള്ളവര്‍ വിശ്വസിക്കുന്നത്.

Comments

comments