തീവ്ര തമിഴ് വോട്ട് ലക്ഷ്യമാക്കി ജയയുടെ തുറുപ്പുചീട്ട്.

ചെന്നൈ :  രാജീവ് ഗാന്ധി വധക്കേസ് പ്രതികളെ ഉടന്‍ മോചിപ്പിക്കാനുള്ള തിരക്കിട്ട തീരുമാനം ലോക്സഭാ തിരഞ്ഞെടുപ്പു മുന്‍നിര്‍ത്തിയുള്ള ജയലളിതയുടെ തുറുപ്പുചീട്ടാണെന്നു വിലയിരുത്തല്‍ . തമിഴ്നാട് രാഷ്ട്രീയത്തില്‍ എല്ലാക്കാലത്തും ഡിഎംകെ ആളിക്കത്തിച്ചിട്ടുള്ള തമിഴ് വികാരം ഇക്കുറി ഏറ്റെടുത്തതിനൊപ്പം കരുണാനിധിയെ കുറ്റപ്പെടുത്താനും ജയ മറന്നില്ല.

രണ്ടായിരത്തില്‍ പ്രതികളുടെ ദയാഹര്‍ജി തള്ളാന്‍ കരുണാനിധിസര്‍ക്കാരാണു കാരണമായതെന്നു നിയമസഭയില്‍ തുറന്നടിക്കുകയും ചെയ്തു. 2011ല്‍ ദയാഹര്‍ജി രാഷ്ട്രപതി പരിഗണിക്കണമെന്ന ആവശ്യമുയര്‍ന്നപ്പോഴും കേന്ദ്ര സര്‍ക്കാരിന്‍റെ ഭാഗമായിരുന്ന ഡിഎംകെ നിശബ്ദത പാലിചെ്ചന്നും ആരോപിച്ചു.

ലങ്കന്‍ തമിഴ് അനുകൂല വോട്ട്ബാങ്ക് പൊതുവേ ഡിഎംകെയ്‌ക്കൊപ്പമാണെന്നാണു പറയപ്പെടുന്നത്. തമിഴ് ഈഴം സപ്പോര്‍ട്ടേഴ്സ് ഓര്‍ഗനൈസേഷന്‍ (ടെസോ) എന്ന സംഘടനയ്ക്കു രൂപംനല്‍കി ലങ്കന്‍ തമിഴ് വംശജര്‍ക്കു ഡിഎംകെ പിന്തുണയും പ്രഖ്യാപിച്ചതാണ്. ലങ്കന്‍ തമിഴര്‍ക്കുവേണ്ടി ജയ ഒന്നും ചെയ്‌യുന്നില്ലെന്ന വിമര്‍ശനവുമുന്നയിച്ചിരുന്നു.

എന്നാല്‍ , എല്ലാ ആരോപണങ്ങളെയും ഒറ്റ തീരുമാനത്തിലൂടെ ജയ മറികടന്നു. ഇതോടെ, തീവ്ര തമിഴ് വോട്ട് ബാങ്ക് മുഴുവന്‍ അനുകൂലമായി മാറുമെന്നാണ് അണ്ണാ ഡിഎംകെ പ്രതീക്ഷ. തിരഞ്ഞെടുപ്പു പ്രഖ്യാപനമുണ്ടായാല്‍ പെരുമാറ്റച്ചട്ടം നിലവില്‍ വരുമെന്നതിനാലാണു ജയ സര്‍ക്കാര്‍ തിരക്കിട്ടു തീരുമാനമെടുത്തത്.

വധശിക്ഷ ഒഴിവായ പേരറിവാളന്‍റെ അമ്മ അര്‍പ്പുതമ്മാള്‍ സെക്രട്ടേറിയറ്റിലെത്തി ജയലളിതയെ നന്ദി അറിയിച്ചു. വീണുകിട്ടിയ ആയുധം ജയ മുതലാക്കുന്പോള്‍ വോട്ട് മറിയാതെ നോക്കാനുള്ള തന്ത്രങ്ങള്‍ മെനയാനുള്ള നെട്ടോട്ടത്തിലാണു ഡിഎംകെ.

കടപ്പാട്: യാഹൂ ഇന്ത്യ

Comments

comments