ഓർമ്മകളിൽ – മുതുകാടിനൊപ്പം ഞാനെന്ന ലേഡി !!

കുട്ടിക്കാലത്തെ അത്ഭുതങ്ങളില്‍ ഒന്നായിരുന്നു മാജിക്ക് . ഈ തൊപ്പിക്കുള്ളില്‍  നിന്ന് എങ്ങനെയാണാവോ മുയലിനെയും പ്രാവിനെയും എടുക്കുന്നത് എന്ന് അന്തം വിട്ടിരുന്ന; ഈ വര്‍ണ്ണ റിബണ്‍ എന്താ തീരാത്തെ എന്ന് കൗതുകം കൂറിയിരുന്ന;  ആ ചേച്ചി പെട്ടിക്കുള്ളില്‍ നിന്ന് എവിടെ പോയി എന്ന് അതിശയിച്ചിരുന്ന ഒരു കുട്ടിക്കാലം. അന്ന് വളരെ അപൂര്‍വ്വമായി കിട്ടുന്ന ഒരു കാഴ്ച്ചയാണ് മാജിക്ക് എന്നത്. ആണ്ടോടാണ്ട് ഉത്സവ സമയത്ത് ചെറിയൊരു ടെന്റ് അമ്പലപ്പറമ്പില്‍ ഉയരും. അതിനുള്ളില്‍ കയറാന്‍ രണ്ടു രൂപയ്ക്ക് ടിക്കറ്റ്‌ എടുക്കണം എന്നുള്ളത് കൊണ്ട് ആദ്യ ദിനങ്ങളില്‍ എന്‍റെ സഞ്ചാരം ആ വട്ടത്തിലെ കൂടാരത്തിന് പുറത്ത് കൂടിയാണ്. 
 
“അതിനുള്ളിൽ വല്യൊരു പാമ്പ്‌ ഉണ്ട് ; ഒന്ന് കാണണം , നമ്മുടെ കാവിലെ അമ്മൂമ്മെന്‍റെ വീട്ടിലെ മാവിന്‍റെ വണ്ണം ഉണ്ടാകും ; ആ ചെക്കനില്ലേ അജയന്‍ , അവന്‍ ആ തട്ടിൽ കയറി, അപ്പൊ മാജിക്ക് മാമനില്ലേ കുറെ മിട്ടായി ആകാശത്തീന്നു എടുത്തു കൊടുത്തു“ എന്നിങ്ങനെ മാജിക്  കണ്ടു വന്ന കൂട്ടുകാരികള്‍ കൊതിപ്പിക്കും

കേട്ട് കേട്ട് ഇരിക്കപ്പൊറുതി ഇല്ലാതെയാകുമ്പോള്‍ മൂന്നാം ഉത്സവത്തിനേ  അമ്മയോട് കെഞ്ചാന്‍ തുടങ്ങും ”നമുക്കിന്നു മാജിക്ക് കാണാന്‍ പോകാം അമ്മേ? “ അവസാന ഉത്സവമാകട്ടെ   (ഉത്സവം,  ഉരുള്‍ എന്ന ആദ്യ ദിവസവും കൂടി ചേര്‍ത്ത് പതിനൊന്നു  ദിവസമാ) എന്നോ അച്ഛന്‍ ആഴ്ച അവധിക്ക് വരട്ടെ എന്നോ ഒക്കെ അമ്മ പറഞ്ഞ് ഒഴിയും . ഈ അസൂയക്കാരി കൂട്ടുകാരികള്‍ കൊതി പിടിപ്പിക്കുന്നതിനു ഒരതിരും ഇല്ലാത്ത കുറുമ്പത്തികള്‍ ആയത് കൊണ്ട് തന്നെ ഈ പതിനൊന്നാം ദിവസം വരെ കാത്തിരിക്കുക എന്നത് വളരെ വിഷമിപ്പിക്കുന്ന ഒരു കാര്യം ആണ്. പിന്നെയുള്ള ഒരു ഓപ്ഷന്‍ അടുത്ത വീട്ടിലൊക്കെ ഉത്സവം പ്രമാണിച്ച് വിരുന്നു വന്നിരിക്കുന്ന കുട്ടികളുടെ കൂട്ടത്തെ ഈ കാണാത്ത മാജിക്കിനേയും സര്‍ക്കസിനെയും കുറിച്ച് പറഞ്ഞു പറഞ്ഞു അവരില്‍ താല്പര്യം ഉണ്ടാക്കി എടുക്കുക എന്നതാണ്. കണ്ടിട്ടില്ലെങ്കിലും കണ്ടത് പോലെ ഞാനതങ്ങട് വിവരിക്കുമ്പോള്‍ അതുങ്ങളെല്ലാം ഫ്ലാറ്റ്.  (അങ്ങനെ ആണെന്ന് തോന്നുന്നു ഞാനൊരു നല്ല ‘കണ്‍വിന്‍സിംഗ് കേപ്പബിലിറ്റി’  ഉള്ള ആളായി മാറിയത്  - പിന്നീടു പലയിടങ്ങളിലും ഈ സ്വഭാവ സവിശേഷത കാരണം ലീവിന്‍റെ കാര്യം, ടെസ്റ്റ്‌ പേപ്പര്‍ മാറ്റി വെക്കൽ, ലാബ്‌ എക്സാം എക്സ്പെരിമെന്റ്സിന്റെ  ലിസ്റ്റ് ഇതൊക്കെ എന്‍റെ തലയില്‍ വന്നിട്ടുണ്ട്.)

വിരുന്നു വന്ന കുട്ടികളുടെ ആഗ്രഹം തള്ളിക്കളയാന്‍ ആ വീട്ടുകാര്‍ക്കും കഴിയില്ല – പകൽ  തുടങ്ങുമ്പോള്‍ അവിടെയൊക്കെ ചുറ്റിത്തിരിയുന്ന എന്നെ കൂടി കൊണ്ട് പോകാന്‍ ശക്തമായ ശുപാര്‍ശ ഈ കുട്ടിപ്പട്ടാളത്തില്‍ നിന്നുണ്ടാകും. അങ്ങനെ ഉത്സവം കഴിയുമ്പോഴേക്കും ഞാന്‍ ഒന്നിന് പകരം മൂന്നു തവണയൊക്കെ ചിലപ്പോള്‍ ഈ മാന്ത്രിക സൂത്രം കണ്ടിട്ടുണ്ടാകും . അവിടെ മജിഷ്യന്‍ കുട്ടികളെ ആരെയെങ്കിലും സ്റ്റേജിലേക്ക്   വിളിക്കുന്നുണ്ടെങ്കില്‍ ആദ്യത്തെ സ്ഥാനാർത്ഥി  ആയ ഞാൻ മാജിക്ക് പോലെ സ്റ്റേജില്‍ പ്രത്യക്ഷപ്പെടും.

കുട്ടിക്കാലത്ത് നിന്ന് പുറപ്പെടുകയും ചെയ്തു വലിയ ആള്‍ക്കാരുടെ കൂട്ടത്തിലേക്ക് എത്തിച്ചേര്‍ന്നും ഇല്ല എന്ന് പറഞ്ഞൊരു സമയം ആണ് എട്ടാംക്ലാസ് മുതലുള്ള കുറച്ചു വര്‍ഷങ്ങള്‍ .നമുക്ക് തന്നെ പിടി കിട്ടില്ല -നമ്മളിപ്പോ കുട്ട്യോളുടെ അഭിപ്രായം പറയണോ, വല്യോരുടെ പക്വത കാണിക്കണോ എന്ന്. അക്കൊല്ലത്തെ ഉത്സവത്തിന്‍റെ നോട്ടിസ് വീട്ടില്‍ കിട്ടിയപ്പോള്‍ മൊത്തത്തില്‍ ഒരു എക്സൈറ്റ്മെന്‍റ്  - ഒരു പരിപാടി മാജിക്ക് ഷോ ആണ്. അതും സുപ്രസിദ്ധ മാന്ത്രികന്‍ ഗോപിനാഥ് മുതുകാടിന്‍റെ. അക്കാലത്ത് ടെലിവിഷനില്‍ അദ്ദേഹം ഒരു പ്രോഗ്രാം അവതരിപ്പിക്കുന്നുണ്ടായിരുന്നു “മാസ്മരം” എന്നായിരുന്നു ആ പ്രോഗ്രാമിന്‍റെ പേര് എന്നാണ് ഓര്‍മ്മ. അതില്‍ അദ്ദേഹത്തിനൊപ്പം കുറെ സ്കൂള്‍ കുട്ടികള്‍ ഉണ്ടാകും. “മാജിക്ക് അങ്കിള്‍ ഒരു സൂത്രം കാണിക്കാം നോക്കിക്കോ ” എന്ന് പറഞ്ഞു മാജിക് കാണിക്കുന്നത് കണ്ടാല്‍ നമ്മുടെ സ്വന്തം അങ്കിള്‍ ആണെന്നെ തോന്നൂ , ആ പരിപാടി കണ്ടു കണ്ടു എനിക്ക് പുള്ളിയെ പരിചയമുള്ളത് പോലെ ഒരു ഫീല്‍. അതാണ്‌ നോട്ടിസ് കണ്ടപ്പോള്‍ ഓവര്‍ എക്സൈറ്റ്മെന്‍റ് തോന്നാന്‍ കാരണം – മാജിക് അങ്കിള്‍നെ നേരില്‍ കാണാന്‍ പോകുന്നു.
 
സാധാരണ ഗതിയില്‍ ശ്രീ. മുതുകാട് ഓപണ്‍ സ്റ്റേജില്‍ അദ്ദേഹത്തിന്‍റെ ഷോ അവതരിപ്പിക്കാറില്ല -അത്തവണത്തെ അമ്പല കമ്മിറ്റിയില്‍ അദ്ദേഹത്തിന്‍റെ ഒരു സുഹൃത്ത് ഉണ്ടായിരുന്നു. പുള്ളിക്കാരന്‍ ,മുതുകാടിനെ കൊണ്ട് വന്നാല്‍ അത് വരെയുള്ള ഉത്സവ കമ്മിറ്റിക്കാരെക്കാള്‍ ഒരു പടി മുന്നിലാകും ഈ കമ്മിറ്റി എന്നുള്ളത് കൊണ്ട്  അദ്ദേഹത്തിനെ കൊണ്ട് സ്നേഹപൂര്‍വ്വം സമ്മതിപ്പിച്ചു -സത്യം പറയാമല്ലോ അതായിരുന്നു ഷോ സ്ടീലര്‍ ഓഫ് ദാറ്റ്‌ ഇയര്‍ ഉത്സവം! വളരെ നേരത്തെ പോയിട്ടും ഏതാണ്ട് മദ്ധ്യഭാഗത്തിനും അപ്പുറം  ഇടത്തെ വശത്തെ സ്ഥലമേ ഞങ്ങളുടെ ഗാങ്ങിനു കിട്ടിയുള്ളൂ. അത്ര ക്ളീയർ  ആയിട്ടുള്ള വ്യൂ അല്ല അവിടിരുന്നാല്‍ – ഇടയ്ക്കുള്ള ബോക്സുകളും തൂണുകളും മറ്റും എന്നെ ശരിക്കും വിഷമിപ്പിച്ചു. അങ്കിളി‍നെയാണേല്‍ കൃത്യമായി കാണാനും ഇല്ല –  അങ്കിള്‍ ഇടയ്ക്ക് ചെറിയ കുട്ടികള്‍ ആരേലും സ്റ്റേജില്‍ വരാമോ എന്ന് ചോദിക്കുന്നു – ദേ ഓടുന്നു നാലിലും അഞ്ചിലുമൊക്കെ പഠിക്കുന്ന പീക്കിരീസുകള് , ശോ! ഒരു രക്ഷയുമില്ല അവിടേക്ക് എത്തിപ്പറ്റാന്‍ – അമ്മ പറഞ്ഞത് കേള്‍ക്കാതെ ഒരാവശ്യവുമില്ലാതെ അന്നൊരു ഫുള്‍ സ്കര്‍ട്ട് ഒക്കെയിട്ട് ചെറുതല്ലാത്ത ജാടയിലാണ് ഞാന്‍ പോന്നിരിക്കുന്നതും. എങ്കിലും സ്റ്റേജില്‍ കയറാന്‍ പറ്റാത്ത വിഷമത്തിലും മാജിക്ക് സുഖിച്ചു ട്ടോ..
 
അത് വരെ കാണാത്ത മായാജാല കാഴ്ചകള്‍ കണ്ടു അന്തം വിട്ടു കുന്തം വിഴുങ്ങി ഇരിക്കവേ അതാ കുളിര്‍ തേന്‍ മഴ പോലെ കാതുകളില്‍ അശരീരി. “ആരെങ്കിലും താല്പര്യമുള്ള യുവതീ യുവാക്കള്‍ സ്റ്റെജിലേക്ക് കടന്നു വരണം, പ്ളീസ് ”  അമ്മ നോക്കുമ്പോള്‍ അടുത്ത് ഞാനില്ല –  മാജിക്!!! ഈ യുവതീ യുവാക്കളില്‍ ഞാന്‍ ഉള്‍പ്പെടുമോ എന്നൊന്നും സംശയം ചോദിയ്ക്കാന്‍ സമയം ഉണ്ടായിരുന്നില്ല , നേരെ സ്ടേജില്‍ എത്തി. ഓണ്‍ സ്റ്റേജ് സ്ഥലത്തെ കുറച്ചു പ്രധാന പയ്യന്‍സും പിന്നെ ഞാനും -കഴിഞ്ഞു ഞങ്ങടെ നാട്ടിലെ യുവതീയുവാക്കൾ !  അദ്ദേഹം അപ്പോള്‍
“ബ്ളൈന്റ്  ഫോള്‍ഡ്” ട്രിക്ക് ആയിരുന്നു ചെയ്യാന്‍ തുടങ്ങിയത്. കണ്ണിനു മുകളില്‍ സാമാന്യം നല്ല കട്ടിയില്‍ ചപ്പാത്തി മാവ് പോലെ ഒരു സാധനം വെച്ച് അതിനു മുകളില്‍ കറുത്ത തുണി രണ്ടും മൂന്നും മടക്കിട്ടു കെട്ടിയിട്ട് അദ്ദേഹം റെഡി ആയി. ഞങ്ങള്‍ ഓരോരുത്തരും ആ കെട്ടിന്‍റെ ആധികാരികത ഒക്കെ മുഖത്തിന്‌ മുന്നില്‍ കൈ വീശിയും മറ്റും ചെക്ക്‌  ചെയ്തു  . ഇനിയാണ് ശരിക്കും ഉള്ള ഞങ്ങളുടെ ജോലി – അവിടെ വെച്ചിരിക്കുന്ന ഒരു ബളാക്  ബോര്‍ഡില്‍ എന്തെങ്കിലും എഴുതുക. അദ്ദേഹം കണ്ണ് മൂടി കെട്ടിക്കൊണ്ട് തന്നെ ഞങ്ങള്‍ ആ എഴുതിയത് ഒക്കെയും തിരിച്ചു എഴുതും (വലത്ത് നിന്ന് ഇടത്തേക്ക്).
 
എന്‍റെ ഊഴം അവസാനം ആയിരുന്നു -അത് വരെ ഞാന്‍ എന്‍റെ പേരെഴുതാം എന്നോ മറ്റോ ആണ് ചിന്തിച്ചു കൊണ്ടിരുന്നത്. എന്തായാലും ബോര്‍ഡില്‍ എത്തിയപ്പോള്‍ ഞാന്‍ എഴുതിയത് “our Dear  Magic Uncle” എന്നാണ്. ബാക്കിയുള്ളവരൊക്കെ മലയാളത്തില്‍ എഴുതിയപ്പോള്‍ ഞാന്‍ മാത്രം എന്തിനാ ഈ സായിപ്പന്‍ ഭാഷയെ കയറി പിടിച്ചത് എന്നൊന്നും ഇന്നും പിടിയില്ല (ജാടയ്ക്ക് ആയിരുന്നു എന്ന് എന്‍റെ ചേട്ടായിമാര്‍ ആണയിടുന്നു! എന്തോ, എനിക്ക് തോന്നുന്നത് ശ്രീ.മുതുകാടിന്‍റെ കണ്‍കെട്ട് ആണെന്നാ ;) ) . എന്തായാലും എല്ലാവരുടെയും അദ്ദേഹം വായിച്ചു, തിരിച്ചെഴുതി – എന്‍റെ വാചകം വായിക്കും മുന്‍പ് അദ്ദേഹം ഇങ്ങനെ പറഞ്ഞു   “ The one and only lovely lady ”  (ഹെന്‍റമ്മേ  ലേഡിയാ ,  ആര് !! അന്ന് തോന്നിയ രോമാഞ്ചം ഇപ്പോഴും മാറീട്ടില്ല   , അമ്മയുടെ ഞെട്ടലും! )  പിന്നീട് അദ്ദേഹം ബോര്‍ഡില്‍ ഇങ്ങനെ എഴുതി   “Our Dear Magic Uncle – Thank you Dear” .ശേഷം ഒരു പനിനീര്‍ പൂവ് തന്ന് എന്നെ ഒരു വിശിഷ്ട വ്യക്തിയെ പോലെ അദ്ദേഹം കൈ പിടിച്ചു സ്റ്റേജിന്‍റെ പടികള്‍ ഇറക്കി വിട്ടു. ഞാനീ സ്വപ്ന ലോകത്തിലൂടൊക്കെ ഒഴുകി നടക്കുന്നത് പോലെ എങ്ങനെയോ അമ്മയുടെ അടുത്ത് എത്തി – അമ്മയാണേല്‍ ഞാന്‍ പോയ ഷോക്കും, ‘ലേഡി’ യെ കണ്ട ഞെട്ടലും ഒക്കെയായി ഒന്നും ചോദിക്കാനാകാതെ ശരിക്കും മായാജാലം കാണുന്നത് പോലെ എന്നെ നോക്കിയിരിപ്പും.  

ഈ പഴം പുരാണം ഇപ്പോള്‍ ഓര്‍ക്കാന്‍ കാരണം കുറെയേറെ നാളിനു ശേഷം ശ്രീ.ഗോപിനാഥ് മുതുകാടിനെ കുറിച്ച് കേട്ടതാണ് :) . ഓസ്ട്രേലിയയില്‍ നിന്നും പ്രിയപ്പെട്ട ഒരു സുഹൃത്ത് വിളിച്ചപ്പോള്‍ വിശേഷങ്ങളുടെ കൂട്ടത്തില്‍ പറഞ്ഞത് വല്ലാതെ കൊതിപ്പിക്കുന്നു  -അവിടെ മാജിക്ക് ഷോ വരുന്നുത്രേ , ശ്രീ. മുതുകാടിന്‍റെ ഗംഭീരന്‍ ഷോ. സാരമില്ല – അവള്‍ക്ക്  എന്നെപ്പോലെ  സ്റ്റേജില്‍ കയറി മാജിക് ചെയ്യാന്‍ പറ്റിയില്ലല്ലോ  എന്നൊരു കുശുമ്പ് ആശ്വാസം ഞാന്‍ തന്നെ കണ്ടു പിടിക്കുന്നു :(
 
എങ്കിലും എന്‍റെ മാജിക് അങ്കിളെ എന്നാണിനി ഇവിടേക്ക് ഒന്ന് വരുക?….

എഴുതിയത് – ആർഷാ അഭിലാഷ് 

Comments

comments