ദൈവത്തിന്റെ സ്വന്തം നാട് പീഡനത്തിന്റെ സ്വന്തം നാടാകുന്നോ??.

ദൈവത്തിന്റെ സ്വന്തം നാട്, നൂറുശതമാനം സാക്ഷരത നേടിയ നാട്. അറിവിന്റെയും സാഹിത്യത്തിന്റെയും സാംസ്‌കാരിക നവോത്ഥാനങ്ങളുടെയും കാര്യത്തില്‍ ഏറ്റവും മുന്‍പന്തിയിൽ.. എന്തുകൊണ്ടും ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളില്‍ നിന്നു ഒത്തിരി മുന്‍പിൽ.. ഇതൊക്കെയാണ് കേരളം. കേരളത്തിലെ കുറ്റകൃത്യങ്ങളും റോഡപകടങ്ങളുംകുറഞ്ഞുവരുന്നതായി പറയുമ്പോഴും ഈയിടെയായി നമ്മുടെനാട് പീഡനങ്ങളിലൂടെയാണ് വാര്‍ത്ത പ്രാധാന്യം നേടുന്നത്. വര്‍ദ്ധിച്ചു വരുന്ന സ്ത്രീപീഡനങ്ങള്‍ക്ക് കാരണമായി സ്ത്രീകളുടെ വസ്ത്രധാരണം എന്ന് ചിലര്‍ മുറവിളികൂട്ടുമ്പോൾ വസ്ത്രധാരണത്തിന്റെ പോരായ്മ കൊണ്ട് എങ്ങനെയാണ് ഒരുവയസും രണ്ടുവയസും മാത്രമുള്ള പിഞ്ചു കുഞ്ഞുങ്ങളൾ പീഡിപ്പിക്കപെടുന്നത് എന്ന മറുചോദ്യം ഉയരുന്നു.

സ്ത്രീപീഡനം എന്നത് സമൂഹത്തിലെ ബഹുപൂരിപക്ഷം വരുന്ന ആണും പെണ്ണും അടങ്ങുന്ന സാധാരണ മനുഷ്യരും കാമവെറി മൂത്ത ചില വഷളന്മമാരും തമ്മിലുള്ള പോരാട്ടമാണ്. അതുകൊണ്ട് തന്നെ ഇതൊരു സാമൂഹിക അനാചാരമാണ് എന്നുള്ള തിരിച്ചറിവിലൂടെ അതിനു എതിരേയുള്ള പോരാട്ടം രൂപപ്പെടുത്തണമെന്ന് ചുരുക്കം.

ഈ അടുത്തിടെ ഉണ്ടായ ചൂടന്‍വാര്‍ത്തയില്‍ നിന്നുതന്നെ തുടങ്ങാം. സിനിമാതാരം ശ്വേതാമേനോനെ അപമാനിച്ചെന്ന വാര്‍ത്ത വന്നപ്പോഴും പലവിധത്തിലുള്ള അഭിപ്രായങ്ങള്‍ കേട്ടു .ഈ പ്രശ്‌നത്തേക്കാള്‍ എന്റെ ശ്രദ്ധ ആകര്‍ഷിച്ചത് അതിനോടുള്ള പലരുടെയും പ്രതികരണങ്ങളാണ്, അതിനേക്കാളുപരി വികലമായ കാഴ്ചപാടുകളാണ്. കാമസൂത്രയുടെ പരസ്യത്തില്‍ അഭിനയിച്ച ശ്വേതക്ക് ഇതിനെപറ്റി പറയാന്‍ അര്‍ഹതയില്ലെന്നും സ്വന്തം പ്രസവം വരെ ചിത്രീകരിച്ച അവര്‍ക്ക് ഒളിക്കാന്‍ ഒന്നും ഇല്ലെന്നും ശ്വേതക്ക് പാതിവ്രത്യം എന്ന് പറയാന്‍ പോലും അര്‍ഹതയില്ലെന്നും ഒക്കെ സമൂഹത്തിലെ മുന്‍പന്തിയില്‍ നില്ക്കുന്ന ചിലര്‍ ഘോരം ഘോരം പ്രസ്ഥാവിക്കുന്നതും കേട്ടു. ഇവരില്‍ പലരും നാട്ടുകാര്‍ക്കോ വീട്ടുകാര്‍ക്കോ കൊള്ളാത്തവരും, തനിയെ സമൂഹത്തിന്റെ മുന്‍പന്തിയില്‍ എത്തി എന്ന് അവകാശപെടുന്നവരും ആണ് എന്ന് ഉള്ളതാണു വസ്തുത. എന്നാലും പോകെ പോകെ ചില കള്ളങ്ങളും സത്യങ്ങള്‍ ആയി മാറുമല്ലോ അങ്ങനെ അവരും സാമൂഹിക നേതാക്കന്മാരായി മാറി.

ശ്വേത പരസ്യചിത്രത്തില്‍ അഭിനയിച്ചത് കൊണ്ട് അവര്‍ മാനംകെട്ട സ്ത്രീ ആകുമോ? അത് അവരുടെ തൊഴില്‍ മാത്രമാണ്. അതുകൊണ്ട് മാത്രം നാമമാത്രമായ തുണി ഉടുത്തു അഭിനയിക്കുന്ന ഹിന്ദി സിനിമനടിമാരെയും, എന്തിനു ഇപ്പോള്‍ ഇന്ത്യയിലെ തന്നെ ഏറ്റവും ഉയര്‍ന്ന കുടുംബത്തിലെ സൗന്ദര്യധാമമായ ഐശ്വര്യ റായ് ബച്ചനെയും ഒക്കെ നാം കുടലകളെന്നു വിളിക്കാറുണ്ടോ? ഓസ്‌കാര്‍ സമ്മാന ജേതാകളായ പടിഞ്ഞാറന്‍ നടിമാരുടെ എന്ത് സ്വകാര്യത പരിഗണിച്ചാണ് അവരെക്കുറിച്ച് അഭിമാനിക്കുകയും ശ്വേതക്ക് അപമാനവും നല്‍കുന്നത്? അപ്പോള്‍ കാണിച്ചതോ, കാണിച്ചതിന്റെ അളവുകൂടിയതോ ഒന്നുമല്ല പ്രശ്‌നം. ഇവിടെ പ്രശ്‌നം മറ്റൊന്നാണ്. ശ്വേത മലയാളി ആയിപ്പോയി. സദാചാരത്തിന്റെ വിളനിലമായ മലയാളമണ്ണിലെ പെണ്ണ്.

പിന്നെ പ്രസവം ചിത്രീകരിച്ചത്, ഇതു വലിയ തെറ്റായി പോയെന്നു പറയുന്നത് കേള്‍ക്കുമ്പോള്‍ ഓസ്‌ട്രേലിയയിലുള്ള ഏതു സ്ത്രീക്കും ചിരിയാരിക്കും ആദ്യം വരിക, ഇവിടെ ഉള്ള സ്ത്രീകളുടെ ബഹു ഭൂരിപക്ഷത്തിന്റെയും പ്രസവമെടുക്കുന്നത് ഭര്‍ത്താക്കന്മാര്‍ തന്നെയാണ്. ഒരു അമ്മയും കുഞ്ഞും തമ്മിലുള്ള വൈകാരികത കാണിക്കുന്ന ഒരു സിനിമയില്‍ ലോകത്തില്‍ അനുഭവിക്കാവുന്ന ഏറ്റവും വലിയ വേദന അനുഭവിക്കുമ്പോഴും സന്തോഷത്തോടെ, സ്‌നേഹത്തോടെ, ഒരു അമ്മ കുഞ്ഞിനെ പ്രസവിക്കുന്നത് ചിത്രീകരിക്കുന്നത് തെറ്റാണോ? ആ സിനിമ കണ്ടിട്ട് ചോരയില്‍ കുളിച്ചു വേദനിച്ചു പ്രസവിക്കുന്നശ്വേതയെ കണ്ടിട്ട് ആര്‍ക്കെങ്കിലും കാമം തോന്നിയെങ്ങില്‍ അവര്‍ ചികത്സിക്കപ്പെടേണ്ടവരാണ്.

ഈ അടുത്തിടെ ഒരു പ്രമുഖ ബ്ലോഗറുടെ ബ്ലോഗ് ഇന്‍ വായിക്കുക ഉണ്ടായി, ലെഗ്ഗിൻസ് ഇട്ട സ്ത്രീകളെ കാണുമ്പോള്‍ ഒരു വല്ലാത്ത പിരിപിരിപ്പ് ഉണ്ടാക്കുന്നതായി, അങ്ങേര്‍ക്കു സഹിക്കാന്‍ പറ്റുന്നില്ല എന്ന്. അത് വായിച്ചപ്പോള്‍ അയാളോട് പുച്ഛമാണ് തോന്നിയത്. ആദ്യം ഓര്‍ത്തത് അയാളെ ഏതെങ്കിലും വിദേശരാജ്യത്തേക്കു കൊണ്ടുപോയപ്പോള്‍ ഉള്ള അവസ്ഥയാണ്. എയര്‍പോര്‍ട്ടില്‍ വന്നിറങ്ങുന്ന സമയം മുതല്‍ പെണ്ണുങ്ങളെ ഓടി നടന്നു പീഡിപ്പിച്ചു അയാള്‍ അദ്യ ദിവസം തന്നെ വശം കെട്ടേനെ. ഇത്തരത്തില്‍ എന്തെങ്കിലും കണ്ടാല്‍ തന്നെ ഞരമ്പ് പോട്ടുന്നവര്ക്ക് മുന്‍പില്‍ ഒന്ന് കുനിഞ്ഞു നിവരാന്‍ സ്വന്തം അമ്മ തന്നെ രണ്ടുവട്ടം ആലോചികണം.

വര്‍ദ്ധിച്ചു വരുന്ന സ്ത്രീപീഡനങ്ങള്‍ക്ക് കാരണം സ്തീകളുടെ വസ്ത്രധാരണമാണെന്നു ചിലര്‍ മുറവിളികൂട്ടുമ്പോള്‍ എലിയെ പേടിച്ചു ഇല്ലം ചുടണം എന്ന് പറയുന്ന പോലെ ആണ് തോന്നുന്നത്.അല്ലെങ്ങില്‍ തന്നെ എന്ത് വസ്ത്രധാരണത്തിന്റെ മോശം കൊണ്ടാണ് ഒരു വയസ്സും രണ്ടു വയസ്സും മാത്രമുള്ള പിഞ്ചു കുഞ്ഞുങ്ങള പീഡിപ്പിക്കപെടുന്നത്. എന്ത് കുറ്റം ചെയ്തിട്ടാണ് അവര്‍ ക്രൂശിക്കപെട്ടത്. ശരീരം മുഴുവന്‍ മൂടി നടന്നാലും, സാരി ഉടുത്താലും, ഷാള്‍ പിന്‍ ചെയ്തുവെച്ചാലും എന്ത് കൊണ്ടാണ്, ആറുമണി കഴിഞ്ഞാല്‍ സ്വന്തം വീടിലേക്കുള്ള സ്ഥിരം ബസില്‍പ്പോലും ഒരു പെണ്‍കുട്ടിക്ക് ഊര് ഉറപ്പിച്ചു കേറാന്‍ പറ്റാത്തത്. ആറു മണി കഴിയുമ്പോള്‍ പകല്‍ മാന്യന്മാരുടെ മുഖം മാറുകയും, വഴിയെ പോകുന്ന ഏതു പെണ്ണും തന്റെ അവകാശം ആണെന്ന് ചിന്തിക്കുകയും ചെയുന്ന, നമ്മുടെ വികല ധാരണയാണ് പ്രശ്‌നം.

ആദ്യം ഓസ്ട്രലിയയില്‍ വന്നിറങ്ങിയപ്പോള്‍ പ്രത്യേകം ശ്രദ്ധിച്ചത് നല്ല വെളുത്തുതുടുത്ത കാലുകളും, കൈകളും എന്തിനും എല്ലാം തന്നെ കാണിച്ചു കൊണ്ട് നടക്കുന്ന പെണ്‍പിള്ളാരെയാണ്. പക്ഷെ അതിശയിപ്പിച്ചത് മറ്റൊന്ന് ആണ്. അവര്‍ക്കാര്‍്ക്കും ഒരു പേടിയും ഇല്ല. അവരെ ആരും ചുഴിഞ്ഞു നോക്കുനില്ല. അവരുടെ വ്യക്തിത്വത്തിലോ പരമാധികാരത്തിലോ ആരും തലയിടുനില്ല, എത്തിനോക്കുന്നില്ല, തോണ്ടുന്നില്ല, ചുരണ്ടുന്നില്ല. ഇത് വിദേശത്തെ മാത്രം കാര്യമല്ല. മുമ്പ് ജോലി സംബന്ധമായി ഉത്തരേന്ത്യയില്‍ ജോലി ചെയ്തകാലം ഓര്‍ക്കുന്നു. ഹിന്ദി സിനിമയില്‍ കാണുന്ന പോലെ വേഷം ധരിച്ച പെണ്‍കുട്ടികള്‍ ഷെയര്‍ ഓട്ടോയില്‍ ഒരു സങ്കോചവും ഇല്ലാതെ യാത്രചെയ്യുന്നു. അവിടെ ഓട്ടോകള്‍ നാട്ടിലെ പോലെ ഒരാള്‍ വിളിച്ചു അവര്‍ക്കുവേണ്ടി പ്രൈവറ്റ് ആയി ഓടിക്കുകയല്ല. മറിച്ച് നമ്മുടെ മലപ്പുറം, ഇടുക്കി എന്നിവിടങ്ങളിലെ ജീപ്പ് പോലെ ആണ്. ഒരു ഓട്ടോയയില്‍ മിനിമം 12 പേരെങ്കിലും കയറും. മിക്കപ്പോഴും ഒരാളുടെ മടിയില്‍ മറ്റൊരാള്‍ കാണും. യാത്രക്കാര്‍ പലതരക്കാരാണ്. റോഡ് പണിക്കാര്‍ മുതല്‍ ഐടി കമ്പനിക്കാര്‍ വരെ. ഒരാളും ആരേയും തോണ്ടുന്നും മാന്തുന്നുമില്ല. ആരും തുറിച്ചുനോക്കുന്നില്ല. കേരളത്തില്‍ നിന്ന് ചെന്ന എനിക്ക് ജീവിതത്തില്‍ മറക്കാന്‍ ആകാത്ത കാഴ്ച! അല്ലെങ്കില്‍ അനുഭവം തന്നെയാണ് ഗുരു. എല്ലാം മൂടിപുതച്ചു നടക്കുന്ന, നാട്ടിലുണ്ടാകുന്ന പീഡനങ്ങളുടെ പകുതി പോലും ഇവിടെയെങ്ങുംതന്നെ ഉണ്ടാകുന്നില്ല. ഇവിടെയൊക്കെ സ്ത്രീകള്‍ക്കു സ്വതന്ത്രമായ ഒരു വ്യക്തിത്വം സമൂഹം കല്‍പ്പിച്ച് നല്‍കുന്നുണ്ട്. എന്നാല്‍ പ്രബുദ്ധ കേരളത്തിലെ അവസ്ഥയോ?

പിന്നെ മിനിമം വസ്ത്രധാരണത്തിന്റെ സുഖം, അത് ഒന്ന് വേറെ തന്നെ അല്ലേ . മിനിമം 6-7 പീസ് വസ്ത്രമെങ്കിലും ധരിച്ചുകൊണ്ടാണ് ഒരു സാധാരണ പെണ്ണ് വെളിയില്‍ ഇറങ്ങുന്നത്. അപ്പോള്‍ അതില്‍ നിന്നും ഒരു ചെറിയ റിലാക്‌സേഷന്‍ഞങ്ങള്‍ക്കും വേണ്ടേ? അടിവസ്ത്രവും പാന്റ്‌സും വരുന്നുടനെ അഴിച്ചുമാറ്റി ലുങ്കി ഉടുക്കുന്ന മലയാളിക്ക് ആ സുഖം മനസ്സില്‍ ആയില്ലെങ്ങില്‍ പിന്നെ ആര്‍ക്കുമനസില്‍ ആകും? ഇതില്‍ ഒക്കെരസം സ്ത്രീ പുരുഷ വ്യത്യാസങ്ങള്‍ ഇത്രയൊന്നുതന്നെ പ്രസക്തമല്ലാത്ത ഒരു സംസ്‌കാരമായിരുന്നു നമ്മുക്കുണ്ടായിരുന്നത് എന്നുള്ളതാണ്. അന്ന് സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും ഒരേ കുളിക്കടവുകള്‍ ആരുന്നു. പഴയ പല സിനിമകളിലും നായികമാരും, സത്രീകഥാപാത്രങ്ങളും അല്പ വസ്ത്രധാരിണികള്‍ നമ്മിൽ പലരും മറന്നിട്ടുണ്ടാവില്ല. ജലജ യോ മറ്റോ അങ്ങനെ കുളി കഴിഞ്ഞ് വരുന്ന രംഗം കണ്ടിട്ട് എന്റെ മമ്മിയോട് ആ നടി മോശക്കാരിയാണോ എന്ന് ചോദിച്ചത് ഞാൻ ഓർക്കുന്നു .  അന്ന് മമ്മിയാണ് പറഞ്ഞു തന്നത് നാട്ടുമ്പുറത്ത് കുളികഴിഞ്ഞു വരുമ്പോള്‍ അതൊക്കെ സാധാരണമാനെന്നും, മിക്കപ്പോഴും ഇപ്പോള്‍ അലക്കിയ്യിട്ടത് ഉണങ്ങി വേണം വീണ്ടും ഇടണമെന്നതും മറ്റും. അന്നൊന്നും ഇതൊന്നു കണ്ടിട്ട് ആര്‍ക്കും മദം പെട്ടിയ്യിട്ടില്ല. അന്ന് ശരീരത്തിന് അല്ല പ്രസ്‌ക്തിയെന്നും അവരിലെ നന്മക്കും ആത്മാവിനു ആണ് പ്രാധാന്യം ന്ല്കെന്ടതെന്നും നമ്മള്‍ തിരിച്ചറിഞ്ഞിരുന്നു. അവിടെ നിന്നും നാം ശുഷ്‌കിച്ചു ശുഷ്‌കിച്ചു വ്യക്തികളെ വെറും ശരീരങ്ങള്‍ ആയി കാണുന്ന കാലഘട്ടത്തിൽ എത്തി നില്ക്കുന്നു.

അല്ലെങ്കിലും നമ്മള്‍ മലയാളികള്‍ മൊത്തത്തില്‍ തിരിച്ചുപോക്കിന്റെ പാതയിലാണല്ലോ. നല്ലതില്‍ നിന്നും ചീത്തയിലേക്കുള്ള തിരിച്ചുപോക്കില്‍ . സ്ത്രീയെ ബഹുമാനിച്ചിരുന്ന സമൂഹത്തില്‍ നിന്നും സ്ത്രീയെ പീഡിപ്പിക്കുന്ന സമൂഹത്തിലേക്ക് , അറിവിന്റെയും, വിദ്യാഭ്യാസത്തിന്റെയും, വായനയുടെ മേഖലകളില്‍ മുനപന്തിയില്‍ നിന്നുരുന്ന നമ്മുടെ നാട്ടില വായനശാലകള്‍ അടച്ചുപൂട്ടലിന്റെ ഭീഷണിയിലാണ് . നിറമുള്ള തട്ടമണിഞ്ഞ നമ്മുടെ സുന്ദരിമാരായ താത്താമാര്‍ കറുപ്പിന്റെ ഉള്ളിലേക്ക് ചുരുങ്ങിപോയി. ഒരു കാലത്ത് ധാരാളം നവോത്ഥാന നായകന്മാര്‍ ചേര്‍ന്ന് പരിശ്രമിച്ചു അന്ധവിശ്വാസങ്ങളും അനാചാരങ്ങളും നിര്‍ത്തലാക്കിയ നമ്മുടെ നാട്ടില്‍ ധനാകര്‍ഷണ യന്ത്രങ്ങളും, കുബേർകുഞ്ചി പെട്ടികളും വിറ്റ് വിരുതന്മാര്‍ കോടികള്‍ തട്ടുന്നു. അങ്ങനെ നാം കേരളീയര്‍ ഒത്തിരി ഒത്തിരി പിന്നിലേക്ക് പോയി.

പണ്ട് ആയിത്തത്തിനും അനാചാരത്തിനുമെതിരേ കേരളം പോരാടിയപ്പോള്‍ അത് ഒരു മതത്തിനു എതിരെ മറ്റൊരു മതവും നടത്തിയ പോര്‍വിളി അല്ലായിരുന്നു. സാധാരണക്കാരനായ ഓരോ കേരളീയനും സാമൂഹിക അനാചാരത്തിന് എതിരെ നടത്തിയ പോര്‍വിളി ആയിരുന്നു. ഇപ്പോള്‍ നമ്മുടെ നാട്ടില്‍ നിലനില്‍ക്കുന്ന ഈ അവസ്ഥയെ, ഈ ലൈഗീക അരാജകത്വത്തെ ഒരു സാമൂഹിക വിപത്തായി നാം കാണണം. അല്ലാതെ ഇതു സ്ത്രീയും പുരുഷനും തമ്മില്‍ ഉള്ള ഒരു വഴക്ക് അല്ല. ഇവിടെ സ്ത്രീയും പുരുഷനും ഒന്നുചേര്‍ന്ന് പൊരുതി ജയികണം. നാളെ നമ്മുടെ അമ്മമാര്ക്കും പെങ്ങന്മാര്ക്കും, പിഞ്ചുകുഞ്ഞുങ്ങള്‍ക്കും സ്വതന്ത്രമായി സ്വച്ഛമായി ജീവിക്കാന്‍ പറ്റണം. ഒരോ വ്യക്തിയ്ക്കും സ്വതന്ത്രവും നിർഭയവും ആയി ജീവിക്കാനുള്ള സ്വാതന്ത്ര്യം ഉണ്ടാക്കിക്കൊടുക്കേണ്ടത് ഒരോരുത്തരുടെയും ചുമതലയാണെന്നുള്ള സത്യം നമ്മുടെ സമൂഹം മറക്കാതിരിക്കട്ടെ.

 

 

എഴുതിയത് – ജീതു എലിസബത്ത് മാത്യു

Comments

comments