ഇറോം ശര്‍മിളയുടെ നിരാഹാര സമരം 14 വർഷം പിന്നിടുമ്പോൾ!!

ഇംഫാല്‍ : മണിപ്പൂരിന്റെ ഉരുക്കു വനിത ഇറോം ചാനു ശര്‍മിള നടത്തുന്ന നിരാഹാര സമരത്തിന്റെ പതിമൂന്നാം വാര്‍ഷികമാണ് ഇന്ന് (November 4). ആംഡ് ഫോഴ്‌സസ് സ്‌പെഷ്യല്‍ പവേഴ്‌സ് ആക്ട് (AFSPA) പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ഇറോം ചാനു ശര്‍മിള 2000 ലാണ് തന്റെ മരണം വരെയുള്ള നിരാഹാരം ആരംഭിച്ചത്. മണിപ്പൂരിലെ ജനങ്ങളെ മുഴുവന്‍ പട്ടാളത്തിനു മുന്നിലേക്ക് നിര്‍ദാക്ഷിണ്യം വലിച്ചെറിഞ്ഞു കൊടുക്കുന്ന സേനയുടെ പ്രത്യേക അധികാരങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ടാണ് ശര്‍മ്മിളയുടെ സമരം.

മണിപ്പൂരിൽ അതി ശക്തമായി പ്രവർത്തിക്കുന്ന വിഘടനവാദ സംഘടനകളെ നേരിടാന്നായി സൈന്യത്തിന് നൽകിയിരിക്കുന്ന ഈ അധികാരം വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുന്നതാണ് പ്രശ്നങ്ങൾക്ക് കാരണം. സംശയം തോന്നുന്നവരെയെല്ലാം വെടിവച്ചു കൊല്ലാന്‍ സൈന്യത്തിന് അധികാരം നല്‍കുന്ന ഈ നിയമം കടുത്ത മനുഷ്യാവകാശ ലംഘനമാണെന്ന് വ്യാപകമായ പരാതി ഉയര്‍ന്നിട്ടുണ്ട്.

മണിപ്പൂരിന്റെ തലസ്ഥാനമായ ഇംഫാലിന്റെ പ്രാന്തപ്രദേശമായ മാലോമില്‍ ബസ് കാത്തുനിന്ന പത്തുനിരപാധികളെ സൈന്യം വെടിവെച്ചുക്കൊന്നതില്‍ പ്രതിഷേധിച്ചായിരുന്നു ശര്‍മ്മിള 2000 നവംബറില്‍ സമരം തുടങ്ങിയത്. മാലോം കൂട്ടക്കൊല എന്ന പേരിൽ  അറിയപ്പെട്ട കൂട്ടക്കൊല സൈന്യം വളരെ കാലമായി നടത്തുന്ന ക്രൂരതകളുടെ തുടര്‍ച്ച മാത്രമായിരുന്നു എന്നാണ് പരക്കെയുള്ള ആരോപണം. സംഭവം നടന്നതിന്റെ രണ്ടാം ദിവസം ഇറോം ശര്‍മിള നിരാഹാര സമരം ആരംഭിച്ചു.

മൂക്കിലിട്ട ട്യൂബിലൂടെ ബലമായി കഴിപ്പിക്കുന്ന പോഷകങ്ങള്‍ മാത്രമാണ് അവരുടെ ജീവന്‍ നിലനിര്‍ത്തുന്നത്. ഇന്ത്യന്‍ പീനല്‍ കോഡ് അനുസരിച്ച് ആത്മഹത്യാ ശ്രമത്തിന് പരമാവധി ശിക്ഷ ഒരു വര്‍ഷത്തെ വെറും തടവായതു കൊണ്ട് ശര്‍മ്മിള ഓരോ വര്‍ഷവും വീണ്ടും വീണ്ടും അറസ്റ്റ് ചെയ്യപ്പെടുന്നു. ഒരിക്കല്‍ പോലും വിചാരണയ്ക്ക് വിധേയയാക്കപ്പെടാതെ 13 വര്‍ഷമായി പോലീസിന്റെ കസ്റ്റഡിയില്‍ കഴിയുകയാണവർ.

സമരം ആരംഭിക്കുമ്പോള്‍ 28 വയസ്സായിരുന്ന ശര്‍മിള ഇപ്പോഴും പാട്ടാളകാവലില്‍ മൂക്കിലെ കുഴലുമായി കഴിയുകയാണ്. ഈ സമര കാലയളലില്‍ നിരവധി അന്തര്‍ദേശീയ സമാധാന പുരസ്‌കാരങ്ങളും ഇറോമിനെ തേടിയെത്തി. രവീന്ദ്രനാഥ് ടാഗോര്‍ സമാധാവ പുരസ്‌കാരം, കോവിലന്‍ സ്മാരക ആക്ടിവിസ്റ്റ് ഇന്ത്യ നാഷണല്‍ അവാര്‍ഡ് എന്നിവ ഇതില്‍ ഇള്‍പ്പെടുന്നു. എന്നാല്‍, സൈന്യത്തിനുള്ള പ്രത്യേക ആധികാര നിയമം പിന്‍വലിക്കാനോ അതില്‍ ഭേദഗതി വരുത്താനോ സര്‍ക്കാര്‍ ഇതുവരെ തയ്യാറായിട്ടില്ല. മാലോം കൂട്ടക്കൊലയുമായി ബന്ധപ്പെട്ട് ഇതുവരെ ഒരാളെ പോലും അറസ്റ്റ് ചെയ്യാന്‍ അധികൃതര്‍ക്കായില്ല. കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ നീതിക്കുവേണ്ടിയുള്ള കാത്തിരിപ്പ് ഇപ്പോഴും തുടരുകയാണ്.

Comments

comments