ശിരോവസ്ത്രം ധരിച്ച് തായ്‌ലാന്റ് കോച്ച് സ്‌റ്റേഡിയത്തില്‍; പ്രതിഷേധവുമായി ഇറാന്‍!


തെഹ്‌റാന്‍: വനിതകളുടെ കബഡി മത്സരം കാണാന്‍ സ്ത്രീ വേഷം കെട്ടി സ്‌റ്റേഡിയത്തിലെത്തിലെത്തിയ തായ് പരിശീലകനെതിരെ ഇറാനിയന്‍ ഫെഡറേഷന്‍ ഓഫ് കബഡി. ഉത്തര ഇറാനിലെ ഗോര്‍ഘാനിലാണ് സംഭവം.

സ്റ്റേഡിയത്തില്‍ ശിരോവസ്ത്രമണിഞ്ഞ സ്ത്രീകളുടെ ഇടയിലിരുന്ന് കളികാണുന്ന വ്യക്തിയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു.
കറുപ്പ് നിറത്തിലുള്ള ശിരോവസ്ത്രമണിഞ്ഞതായിരുന്നു ഒരു ചിത്രമെങ്കില്‍ മറ്റൊന്നില്‍ വെളുത്ത ടൗവ്വലായിരുന്നു തലയില്‍ ശിരോവസ്ത്രം പോലെ കെട്ടിയിരുന്നത്.

ആദ്യം ചിത്രത്തിലുള്ള വ്യക്തി ആരാണെന്ന് വ്യക്തമായിരുന്നില്ല. പിന്നീടാണ് ആളെ തിരിച്ചറിഞ്ഞത്. സ്റ്റേഡിയത്തില്‍ ഏഷ്യന്‍ കബഡി ചാമ്പ്യന്‍ഷിപ്പ് മത്സരങ്ങള്‍ നടക്കുന്നതിനിടെയായിരുന്നു സംഭവം. തായ്‌ലാന്റ് ടീമിന്റെ ഔദ്യോഗിക സ്‌പോര്‍ട്‌സ് കിറ്റ് ധരിച്ചിരുന്ന വ്യക്തിയെ ഇറാനിയന്‍ മീഡിയയാണ് തിരിച്ചറിഞ്ഞത്.

സംഭവത്തെ ന്യായീകരണമില്ലാത്തതെന്നാണ് ഇറാനിയന്‍ ഫെഡറേഷന്‍ വിശേഷിപ്പിച്ചത്. രാജ്യത്തിന്റെ നിയമത്തിന് എതിരാണെന്നും ഫെഡറേഷന്‍ പറഞ്ഞു.

ഇറാനില്‍ സ്ത്രീകളുടെ കായിക മത്സരങ്ങള്‍ നടക്കുന്ന വേദികളില്‍ നിന്നും മാധ്യമങ്ങള്‍ക്കും പുരുഷന്മാര്‍ക്കും വിലക്കുണ്ട്. സ്ത്രീകള്‍ ശിരോവസ്ത്രം ധരിക്കണമെന്നും നിയമമുണ്ട്. കോച്ച് മാപ്പ് ചോദിക്കണമെന്നാണ് ഫെഡറേഷന്‍ പറയുന്നത്.

Comments

comments