നികുതി വെട്ടിക്കാന്‍ വ്യാജരേഖ; സുരേഷ് ഗോപിക്കെതിരെ ക്രൈംബ്രാഞ്ച് കേസെടുത്തു.

തിരുവനന്തപുരം: വ്യാജരേഖയുണ്ടാക്കി പോണ്ടിച്ചേരിയില്‍ വാഹനം രജിസ്റ്റര്‍ ചെയ്ത സംഭവത്തില്‍ നടനും ബി.ജെ.പി എം.പിയുമായ സുരേഷ് ഗോപിക്കെതിരെ ക്രൈംബ്രാഞ്ച് കേസെടുത്തു. തിരുവനന്തപുരം ആര്‍.ടി.ഒയുടെ പരാതിയില്‍ വ്യാജരേഖ ചമയ്ക്കല്‍, വഞ്ചന എന്നീ കുറ്റങ്ങള്‍ക്ക് ഐ.പി.സി 471, 420, 468 എന്നീ വകുപ്പുകള്‍ ചേര്‍ത്താണ് കേസെടുത്തത്.

സുരേഷ് ഗോപി പോണ്ടിച്ചേരിയില്‍ രണ്ട് ആഡംബര കാറുകള്‍ രജിസ്റ്റര്‍ ചെയ്തതായി അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. നേരത്തെ ഫഹദ് ഫാസിലിനും അമലാപോളിനെതിരെയും ഇതേ കുറ്റങ്ങള്‍ക്ക് കേസെടുത്തിരുന്നു.

എം.പിയായതിനു ശേഷവും മുമ്പുമായി രണ്ട് വാഹനങ്ങളാണ് സുരേഷ് ഗോപി പുതുച്ചേരിയില്‍ രജിസ്ട്രേഷന്‍ നടത്തിയത്.
താരങ്ങള്‍ വ്യാജവിലാസമുണ്ടാക്കി കാര്‍ രജിസ്റ്റര്‍ ചെയ്തതിലൂടെ സംസ്ഥാനത്തിന് നഷ്ടമുണ്ടായെന്നാണ് ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.

പുതുച്ചേരിയിലെ എല്ലൈപിള്ളചാവടി എന്ന സ്ഥലത്ത് കാര്‍ത്തിക് അപ്പാര്‍ട്ട്‌മെന്റ്- 3 സി.എ എന്ന വിലാസത്തിലാണ് വാഹനം രജിസ്റ്റര്‍ ചെയ്തത്. എന്നാല്‍, ഈ പേരില്‍ അവിടെ അപ്പാര്‍ട്‌മെന്റില്ലെന്ന് ക്രൈംബ്രാഞ്ച് സംഘം കണ്ടെത്തിയിരുന്നു. വാഹനത്തിന്റെ ശരിയായ രേഖകള്‍ ഹാജരാക്കാന്‍ മോട്ടോര്‍ വാഹന വകുപ്പ് ആവശ്യപ്പെട്ടെങ്കിലും താരം ഹാജരാക്കിയിരുന്നില്ല. തുടര്‍ന്നാണ് ക്രൈംബ്രാഞ്ച് കേസെടുത്തതെന്നാണ് വിവരം.

40 ലക്ഷത്തോളം രൂപ സംസ്ഥാനത്തിന് നഷ്ടമായി എന്നാണ് കണക്കാക്കുന്നത്. ഇത്തരത്തില്‍ കേരളത്തില്‍ ആദ്യമായിട്ടാണ് ഒരു രാജ്യസഭ എം.പിക്കെതിരെ നികുതിവെട്ടിപ്പിന് കേസെടുക്കുന്നത്.

Comments

comments