‘തനിക്ക് മേല്‍ കേന്ദ്രത്തിന്റെ സമ്മര്‍ദ്ദം ഉണ്ടായിരുന്നു’ എന്ന് വെളിപ്പെടുത്തി സെന്‍സര്‍ ബോര്‍ഡ് മുന്‍ അധ്യക്ഷന്‍ പങ്കജ് നിഹ്‌ലാനി!

മുംബൈ: സെന്‍സര്‍ ബോര്‍ഡ് അധ്യക്ഷനായിരിക്കെ കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രാലയത്തിന്റെ സമ്മര്‍ദ്ദം തനിക്ക് മേല്‍ ഉണ്ടായിരുന്നുവെന്ന് പങ്കജ് നിഹ്‌ലാനിയുടെ വെളിപ്പെടുത്തല്‍. സെന്‍സര്‍ ബോര്‍ഡിന് മുന്നില്‍ എത്തുന്നതിന് മുമ്പേ സഞ്ജയ് ലീലാ ബന്‍സാലി ചിത്രം പത്മാവതി കാണാനുള്ള പാര്‍ലമെന്ററി ബോര്‍ഡിന്റെ തീരുമാനത്തിനെതിരെയായിരുന്നു നിഹ്‌ലാനിയുടെ പ്രതികരണം.

‘ബന്‍സാലിയുടേതെന്നല്ല രാജ്യത്തെ ഏത് സംവിധായകന്റെയും ചിത്രത്തെ ചോദ്യം ചെയ്യാന്‍ പാര്‍ലമെന്ററി സമിതിയ്ക്ക് അധികാരമുണ്ട്. എന്നാല്‍ അത് രാജ്യത്തെ സെന്‍സര്‍ ബോര്‍ഡ് കണ്ട് ചിത്രത്തിനെ സര്‍ട്ടിഫൈ ചെയ്തതിന് ശേഷമായിരിക്കണം.’

സിനിമ സര്‍ട്ടിഫൈ ചെയ്യുന്നതിന് മുമ്പ് തന്നെ സംവിധായകനെ ചോദ്യം ചെയ്യുന്നത് കേന്ദ്ര സെന്‍സര്‍ ബോര്‍ഡിന്റെ അധികാരത്തിന് മേലുള്ള കടന്നുകയറ്റമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

നിലവില്‍ സെന്‍സര്‍ ബോര്‍ഡിന് തങ്ങളുടെ അധികാരം നഷ്ടപ്പെട്ടിരിക്കുകയാണ്. തന്റെ കാലത്തും മന്ത്രാലയത്തില്‍ നിന്നും ഇത്തരത്തിലുള്ള സമ്മര്‍ദ്ദങ്ങള്‍ ഉണ്ടായിരുന്നുവെന്നും ഇന്നത് കൂടുതല്‍ വ്യാപകമായിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

നിരവധി സ്ഥലത്ത് സിനിമയെ പറ്റി ഉത്തരം പറയേണ്ട ഗതികേടിലാണ് സംവിധായകന്‍ സഞ്ജയ് ലീലാ ബന്‍സാലിയെന്നും അദ്ദേഹം പറഞ്ഞു.

Comments

comments