ഗുജറാത്ത് മുഖ്യമന്ത്രിക്കെതിരെ പൊതുവേദിയില്‍ പ്രതിഷേധിച്ച് ബി.എസ്.എഫ് ജവാന്റെ മകള്‍: പെണ്‍കുട്ടിയെ വലിച്ചിഴച്ച് പൊലീസ്!


അഹമ്മദാബാദ്: ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണിയെ കാണാന്‍ ശ്രമിച്ച വീരമൃത്യുവരിച്ച ബി.എസ്.എഫ് ജവാന്റെ മകള്‍ക്കുനേരെ അധിക്ഷേപം. ഡിസംബര്‍ ഒന്നിന് വിജയ് രൂപാണിയെ കാണാന്‍ ശ്രമിച്ച രൂപല്‍ താഡ്‌വിയെന്ന പെണ്‍കുട്ടിയാണ് പൊതുമധ്യത്തില്‍ അപമാനിക്കപ്പെട്ടത്.

മുഖ്യമന്ത്രിയെ കാണണമെന്നാവശ്യപ്പെട്ട പെണ്‍കുട്ടിയെ പൊലീസിനെ ഉപയോഗിച്ച് വലിച്ചിഴച്ചുകൊണ്ടുപോകുകയായിരുന്നു. ബി.എസ്.എഫ് ജവാനായിരുന്ന അശോക് താവ്ഡിയാണ് രൂപലിന്റെ പിതാവ്.

പിതാവ് കൊല്ലപ്പെട്ടതിനു പിന്നാലെ രൂപലിനും കുടുംബത്തിനും ഗുജറാത്ത് സര്‍ക്കാര്‍ ഭൂമി വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ വാഗ്ദാനം ചെയ്തപ്രകാരം ഒരു തുണ്ട് ഭൂമി പോലും ലഭിക്കാതായതോടെ കഴിഞ്ഞ കുറേവര്‍ഷങ്ങളായി പെണ്‍കുട്ടി ഇതിനെതിരെ പ്രതിഷേധിച്ചിരുന്നു.

ഡിസംബര്‍ ഒന്നിന് മുഖ്യമന്ത്രി ഒരു റാലിയെ അഭിസംബോധന ചെയ്യവെ സദസിലുണ്ടായിരുന്ന രൂപല്‍ ‘എനിക്കയാളെ കാണണം, എനിക്കയാളെ കാണണം’ എന്നു പറഞ്ഞുകൊണ്ട് സ്റ്റേജിലേക്കു നീങ്ങുകയായിരുന്നു. ഇതോടെയാണ് പെണ്‍കുട്ടിയെ പൊലീസ് പിടിച്ചുവലിച്ചത്.

സുരക്ഷാ വീഴ്ചകള്‍ സൃഷ്ടിച്ചതിനാണ് പെണ്‍കുട്ടിയെയും ബന്ധുക്കളെയും പിടികൂടിയതെന്നാണ് പൊലീസ് പറയുന്നത്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

‘ബി.ജെ.പിയുടെ അഹങ്കാരം അതിന്റെ ഔന്നത്യത്തില്‍’ എന്നു കമന്റു ചെയ്തുകൊണ്ടാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഈ വീഡിയോ ഷെയര്‍ ചെയ്തത്.

Comments

comments