കാറപകടത്തിൽ ടീനേജുകാരി മരിച്ചു; മദ്യപിച്ച് വാഹനമോടിച്ച ഇന്ത്യൻ വംശജക്ക് നാല് വർഷം തടവ്.

മെൽബണിൽ മദ്യപിച്ചു കാറോടിച്ച് 19 കാരിയുടെ മരണത്തിനിടയാക്കിയ സംഭവത്തിൽ ഇന്ത്യൻ വംശജയായ ശുഭ ആനന്ദിന് (30) ഏഴു വർഷം തടവ്. ഇതിൽ നാല് വർഷം പരോൾ ലഭിക്കാത്ത തടവിനാണ് ശിക്ഷിച്ചിരിക്കുന്നത്. ഓസ്‌ട്രേലിയയിൽ പെർന്മെന്റ് റസിഡന്റ് ആയ ശുഭയെ ശിക്ഷക്ക് ശേഷം നാടുകടത്തിയേക്കും.

അപകടകരമായ രീതിയിൽ വാഹനം ഓടിച്ച് ഒരാളുടെ മരണത്തിന് ഇടയാക്കിയ കുറ്റത്തിനാണ് പ്രതിക്ക് മെല്‍ബണ്‍ കൗണ്ടി കോടതി ഏഴു വർഷത്തെ തടവ് ശിക്ഷ നൽകിയത്. ഇതിൽ നാല് വർഷം പരോൾ ലഭിക്കാത്ത തടവിനാണ് ശിക്ഷ വിധിച്ചിരിക്കുന്നത്.

2016 ജനുവരി 10 ന് വെളുപ്പിനെ രണ്ടു മണിയോടെ മെൽബൺറെ പടിഞ്ഞാറൻ സബർബായ വില്യംസ്‌ലാൻഡിങ്ങിലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.

അനുവദനീയമായതിൽ നിന്നും മൂന്നിരട്ടി മദ്യപിച്ച ശുഭ ആനന്ദ് ഓടിച്ച ഹോണ്ട സിവിക് കാർ 19 കാരിയായ നടാഷ പിഗട് സഞ്ചരിച്ചിരുന്ന കാറിന് പുറകിൽ ഇടിക്കുകയായിരുന്നു എന്നാണ് കേസ്. അപകടത്തെ തുടർന്ന് നഴ്സിംഗ് വിദ്യാർത്ഥിനിയായിരുന്ന നടാഷ മരണമടഞ്ഞിരുന്നു. വെള്ളിയാഴ്ച രാവിലെയാണ് വിധി പറയാനായി കേസ് മെൽബൺ കൗണ്ടി കോടതി പരിഗണനക്ക് വച്ചത്.

കോടതി വിധിയിൽ സംതൃപ്തയാണെന്നു നടാഷയുടെ അമ്മ അലീച്ച മക്മാസ്റ്റർ മാധ്യമങ്ങളോട് പറഞ്ഞു.

ജനുവരി 10 ന് രാത്രി ട്രഗനിനയിലെ വീട്ടിൽ സുഹൃത്തുക്കൾക്കൊപ്പം മദ്യപിച്ച ശേഷമാണ് കാർ ഓടിച്ചതെന്നാണ് റിപ്പോർട്ടുകൾ. അപകടത്തിന് രണ്ടു മണിക്കൂർ ശേഷം നടത്തിയ പരിശോധനയിൽ ശുഭയുടെ രക്തത്തിൽ 0.159 മദ്യത്തിന്റെ അളവ് കണ്ടെത്തിയിരുന്നു. ഇത് അനുവദനീയമായ അളവിലും മൂന്നിരട്ടി കൂടുതലാണ്.

മാത്രമല്ല മണിക്കൂറിൽ 70 കിലോമീറ്ററിൽ വാഹനം ഓടിക്കേണ്ട റോഡിലൂടെ 115 കിലോമീറ്റർ വേഗതയിൽ പ്രതി കാർ ഓടിച്ചതായും കണ്ടെത്തിയിരുന്നു. ആദ്യം ഇവർ വാഹനം ഓടിച്ചിരുന്നില്ല എന്ന് പോലീസിനോട് പറഞ്ഞിരുന്നെങ്കിലും പിന്നീട് നടത്തിയ ഡി എൻ എ പരിശോധനയിൽ ഇവർ തന്നെയാണ് വാഹനം ഓടിച്ചിരുന്നതെന്ന് തെളിഞ്ഞിരുന്നു.

അപകടത്തിന് ശേഷം വിവാഹിതയായ ശുഭ ഗര്ഭിണിയാവുകയും ഒരു ആൺ കുഞ്ഞിന് ജന്മം നൽകുകയും ചെയ്തു. ഇപ്പോൾ ഒൻപത് മാസം പ്രായമായ കുഞ്ഞിന് ജയിലിൽ സംരക്ഷണം ആവശ്യപ്പെട്ടിരിക്കുകയാണ് ഇവർ.

Comments

comments