ഓസ്‌ട്രേലിയൻ വ്യാജ നോട്ടുകള്‍! കൂടുതല്‍ എത്തുന്നത് 50 ഡോളറിന്റെ വ്യാജൻ.


മെൽബൺ: ഓസ്‌ട്രേലിയയില്‍ കളളനോട്ടുകള്‍ ഒഴുകുന്നുവെന്ന് ഏറ്റവും പുതിയ മുന്നറിയിപ്പ്. സമ്പദ് വ്യവസ്ഥയിലേക്ക് 50 ഡോളറിന്റെ വ്യാജ നോട്ടുകളാണ് കൂടുതലായി എത്തുന്നതെന്ന് വ്യക്തമായിട്ടുണ്ട്. കഴിഞ്ഞ രണ്ടു വര്‍ഷത്തിനുള്ളില്‍ ഇത്തരത്തിലുള്ള 33,000 വ്യാജനോട്ടുകള്‍ നീക്കം ചെയ്തിട്ടുണ്ട്.2013ല്‍ കണ്ടെത്തിയ കള്ളനോട്ടുകളേക്കാള്‍ ഇരട്ടിയിലധികമാണിത്.ഇപ്പോഴത്തെ 50 ഡോളര്‍ നോട്ടുകള്‍ 1995ല്‍ ഡിസൈന്‍ ചെയ്തവയാണ്. സ്‌റ്റേറ്റ് ഓഫ് ദി ആര്‍ട്ട് സെക്യൂരിറ്റി മാനദണ്ഡങ്ങളുപയോഗിച്ച് ഡിസൈന്‍ ചെയ്ത നോട്ടുകളാണിവ. ഇത്തരത്തിലുള്ള കള്ളനോട്ടുകള്‍ പെരുകുന്നത് ബിസിനസുകള്‍ക്കും കണ്‍സ്യൂമര്‍മാര്‍ക്കും ഉണ്ടാക്കുന്ന നഷ്ടം ഭീകരമാണ്. 2010മുതല്‍ കള്ളനോട്ട് കേസുകളുടെ എണ്ണത്തില്‍ എട്ടിരട്ടിയാണ് വര്‍ധനവുണ്ടായിരിക്കുന്നത്. ഓരോ 14 ദിവസം കൂടുന്തോറും വ്യാജനോട്ട് നിര്‍മാണവുമായി ബന്ധപ്പെട്ട ഒരു കുറ്റകൃത്യമെങ്കിലും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുമുണ്ട്. 50 ഡോളര്‍ നോട്ടുകളുടെ ഒരു വ്യാജബാച്ച് രാജ്യത്ത് 760 പ്രാവശ്യം ഉപയോഗിച്ചുവെന്നാണ് കഴിഞ്ഞ വര്‍ഷം നടത്തിയ ഒരു അന്വേഷണത്തിലൂടെ വെളിപ്പെട്ടിരിക്കുന്നത്.

50 ഡോളറിന്റെ വ്യാജ കള്ളനോട്ടുകളുടെ ഉറവിടവും ഓപ്പറേഷനും ഒന്ന് തന്നെയാണെന്ന് കഴിഞ്ഞ വര്‍ഷം ഓസ്‌ട്രേലിയയിലെ ദി റോയല്‍ ബാങ്ക് കണ്ടെത്തിയിരുന്നു. ഒരു വീട്ടിലിരുന്ന് ദമ്പതികളാണിവയുടെ ഉല്‍പാദനം നിര്‍വഹിക്കുന്നതെന്നും സംശയമുണ്ട്. വമ്പിച്ച രീതിയില്‍ സംഘടിപ്പിക്കപ്പെട്ട ഒരു നെറ്റ് വര്‍ക്കാണീ നോട്ട് പ്രചരിപ്പിക്കുന്നതില്‍ മുഖ്യ പങ്ക് വഹിക്കുന്നതെന്നും സംശയങ്ങളുണ്ട്.സിഡ്‌നിയിലെ സില്‍വാനിയ വാട്ടേര്‍സില്‍ എന്‍എസ്ഡബ്ല്യൂ പോലീസ് 2010ല്‍ ഒരു റെയ്ഡ് നടത്തിയിരുന്നു. അതില്‍ നിന്നും 40 മില്യണ്‍ ഡോളര്‍ മൂല്യമുള്ള പോളിമര്‍ ഫിലിം പിടിച്ചെടുത്തിരുന്നു. 50 ഡോളര്‍ നോട്ടുകള്‍ നിര്‍മിക്കുന്നതിനുള്ളതായിരുന്നു അത്.എന്നാല്‍ എത്രമാത്രം തുകയുടെ കള്ളനോട്ടടിച്ചിട്ടുണ്ടെന്ന് കണക്കാക്കാന്‍ അധികൃതര്‍ക്ക് സാധിച്ചിട്ടില്ല.

കള്ളനോട്ടുകള്‍ കൂടുതലായി ബാധിക്കുന്നത് റസ്‌റ്റോറന്റ്, പബുകള്‍ പോലുള്ള ലോക്കല്‍ ബിസിനസുകളെയാണ്. അവിടുത്തെ ജീവനക്കാര്‍ക്ക് വ്യാജനോട്ടുകള്‍ പെട്ടെന്ന് തിരിച്ചറിയാന്‍ സാധിക്കുന്നില്ലെന്നതാണ് പ്രശ്‌നമാകുന്നത്. അവസാനം ബാങ്കില്‍ നിക്ഷേപിക്കുമ്പോള്‍ മാത്രമാണ് ഇവ വ്യാജമാണെന്ന് തിരിച്ചറിയുന്നത്.കള്ളനോട്ടുകള്‍ വ്യാപകമാകുന്നതിനാല്‍ മെല്‍ബണ്‍ ക്രൗണ്‍ കാസിനോ ഇത്തരം നോട്ടുകള്‍ക്കെതിരെ ജാഗ്രത പുലര്‍ത്താന്‍ ജോലിക്കാരെ നിഷ്‌കര്‍ഷിച്ചിട്ടുണ്ട്.വ്യാജനോട്ടുയര്‍ത്തുന്ന പ്രശ്‌നം അതിന്റെ പൂര്‍ണമായ തോതില്‍ തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ലെന്നാണ് എന്‍എസ്ഡബ്ല്യൂ പോലീസ് വിശ്വസിക്കുന്നത്.50 ഡോളര്‍ നോട്ടിലുപരിയായി വ്യാജനോട്ട് പ്രശ്‌നം ബാധിച്ചിട്ടുണ്ടെന്നും പോലീസ് ചൂണ്ടിക്കാട്ടുന്നു.

(ഇന്ത്യൻ മലയാളി)

Comments

comments