മിഷേൽ! അതായിരുന്നു അവളുടെ പേര്.


മിഷേൽ, നീ ഇടയന്മാരാകേണ്ടവരുടെ യഥാർത്ഥ ചെന്നായ്‌മുഖം സമൂഹത്തെ കാട്ടിക്കൊടുക്കാൻ ബലിയാകേണ്ടിവന്ന കുഞ്ഞാടുകളിലൊരാളാണ്. മിഷേലിന്റെ വീട് എന്റെ വീട്ടിൽനിന്നും അധികമകലെയല്ല. മിഷേലിന്റെ പപ്പ, മമ്മി എന്നിവരെയും ഞാനറിയും. എപ്പോഴോ ചിലയവസരങ്ങളിൽ സ്‌കൂൾയൂണിഫോമിൽ ഞാൻ മിഷേലിനെ പപ്പയുടെ കടയിൽ വച്ചു കണ്ടിട്ടുമുണ്ട്.
ആ കുട്ടിക്കുണ്ടായ അനുഭവം എന്നെ കുറെ ദിവസത്തേയ്ക്ക് വിഷാദത്തിന്റെ പാതാളങ്ങളിലേക്കു വലിച്ചുതാഴ്ത്തിയിട്ടു, ഒന്നും മിണ്ടാനോ, പ്രതികരിക്കാനോ ആവാത്തവിധം. അതെന്റെ മനസ്സിനുണ്ടാക്കിയ ആഘാതം പ്രകടിപ്പിക്കാനെനിക്കാവില്ല. ഇങ്ങനെയുള്ള സംഭവങ്ങളിൽ മറ്റുള്ളവരെക്കാൾ വല്ലാതെ ‘empathatic’ ആകുകയെന്ന ഒരു വികലവ്യക്തിത്വത്തിന്റെ ഉടമയായ ഞാൻ ഇന്നലെവരെ ആ വിഷാദ മേഘങ്ങൾക്കുള്ളിലെവിടെയോ ഒളിച്ചിരുന്നു, താങ്ങാനാവാത്ത ‘തുടർവാർത്തകൾ’ കേൾക്കാനിഷ്ടമില്ലാതെ.

നാലു തരത്തിലുള്ള മനുഷ്യരേ ഇന്നു നമുക്കിടയിലുള്ളൂ.
ഒന്ന് – മിഷേലിനെപ്പോലുള്ള ‘ഇരകൾ’
രണ്ട് – അവളെപ്പോലുള്ള കുഞ്ഞുങ്ങളുടെ രക്തം കുടിക്കാൻ വേണ്ടി നടക്കുന്ന ‘വേട്ടക്കാർ’
മൂന്ന് – വേട്ടക്കാർക്കു ഒത്താശചെയ്തുകൊടുക്കുന്ന ‘പിമ്പുകൾ’, പ്രതികരിക്കാതെയും, എന്തുസംഭവിച്ചാലും ഇളകാതെയിരിക്കുന്ന കുറെ ‘നിർഗ്ഗുണപരബ്രഹ്മങ്ങൾ’
നാല് – ഇതുപോലുള്ള സംഭവങ്ങൾ കേട്ടുകേട്ട് വിഷാദച്ചുഴികളിൽ വീണ് ജീവിക്കാനുള്ള ആഗ്രഹം നഷ്ട്ടപ്പെടുന്നവർ.

കുറെയേറെ വർഷങ്ങൾക്കു മുന്നേതന്നെ ഞാനെന്റെ പ്രിയഭാര്യയോടു ‘പ്രവചിച്ചിരുന്നു’ ഈ നാട് ഭീകരമായ, മനുഷ്യത്വരഹിതരായ , സ്വാതന്ത്ര്യനിഷേധികളുടെയും, സംസ്ക്കാരമെന്തെന്നറിയാത്തവരുടെയും, അമ്മയെയും, പെങ്ങന്മാരെയും, പുത്രിമാരെയും ഭോഗിക്കാൻ പാഞ്ഞുനടക്കുന്നവരുടെയും നാടായി മാറുമെന്ന്. അമാനുഷ ശക്തികൊണ്ടൊന്നുമല്ല ഞാനങ്ങനെ പ്രവചിച്ചത്, വെറും സാധാരണക്കാരന്റെ ബുദ്ധികൊണ്ട് ചുറ്റിലുമുള്ള മനുഷ്യരുടെ ‘ശരീരഭാഷ’ സ്ഥിരമായി നിരീക്ഷിക്കുകയും, വിശകലനം ചെയ്തുമാണ് അങ്ങിനെ പറഞ്ഞത്.
കുറേക്കാലമായി എന്നെയദ്ഭുതപ്പെടുത്തുന്ന ചിലകാര്യങ്ങൾ പറയട്ടെ,

1) യാതൊരു ജോലിയുമില്ലാത്ത, പ്രത്യക്ഷവരുമാനമൊന്നുമില്ലാത്ത എന്നാൽ അതീവ ആർഭാടത്തിൽ ജീവിക്കുന്ന അനേകം ചെറുപ്പക്കാർ. 2)ഇവർകാട്ടിക്കൂട്ടുന്ന ‘പേക്കൂത്തുകളോട്’ മുഖംതിരിച്ചു നിൽക്കുന്ന മത, രാഷ്ട്രീയ നേതാക്കന്മാർ.
3)ചുറ്റിലും നടക്കുന്ന അക്രമങ്ങൾ ചെയ്യുന്നത് തങ്ങൾ വിശ്വസിക്കുന്ന മത, രാഷ്ട്രീയ ശക്തികളോ, അവരുടെ സഹായത്തോടെയോ ആണെന്ന സത്യം അറിഞ്ഞിട്ടും അറിയാത്തമട്ടിൽ വീണ്ടും വീണ്ടും സ്വന്തം സമയവും, ധനവും, മാനവും അവർക്കുമുന്നിൽ അടിയറവു വച്ച് ജീവിക്കുന്ന ഷണ്ഡന്മാർ.
4) ‘Empathy’ എന്ന വികാരമില്ലാത്തവർ, പകരം പ്രകടനപരമായ സഹതാപം മാത്രം പ്രകടിപ്പിക്കുന്നവർ.

ഒരു നാടിന്റെ സമ്പൂർണ്ണമായ പതനത്തിനു മേൽപ്പറഞ്ഞ തരത്തിലുള്ള ആളുകളാണ് ഉത്തരവാദികൾ. അക്കൂട്ടത്തിൽ ഏതിലാണ് ‘ഞാൻ’ പെടുകയെന്ന് ആത്മാർത്ഥമായൊന്ന് ആലോചിക്കണംഎല്ലാവരും.

ഇതുവെറും തുടക്കം മാത്രമാണ്, ഇനി വഴിയിൽ തടഞ്ഞുനിർത്തിയുള്ള ‘പിടിച്ചുപറി’, സ്ത്രീ പൊതുസ്വത്താണെന്നും, ആർക്കും, എപ്പോഴും, എവിടെവച്ചും ബലാൽക്കാരം ഭോഗിക്കാമെന്നും, വിസമ്മതിച്ചാൽ കൊന്നുകളയാം എന്നതുമൊക്കെ സാമൂഹ്യഅംഗീകാരം ലഭിച്ച ‘വിനോദങ്ങളാകും’. കൊള്ളയും, തട്ടിപ്പറിയും, മയക്കുമരുന്നുപ്രയോഗം , മദ്യപാനം എന്തുചെയ്തും പണമുണ്ടാക്കുക എന്നിവയൊക്കെ മാറിയ സാംസ്കാരിക ചിഹ്നങ്ങളാകും. അറിവും, ജ്ഞാനവും, ധാർമ്മികതയുമുള്ളവരേക്കാൾ മേൽപ്പറഞ്ഞ കഴിവുകളുള്ളവർ സാംസ്കാരിക, മത, രാഷ്ട്രീയ നേതാക്കന്മാരായി വരും.

ആരു വിചാരിച്ചാലും കേരളത്തിന്റെ അനിവാര്യമായ ഈ അധഃപതനത്തിനു കടിഞ്ഞാണിടാനാവില്ല. അത് തകർന്നടിഞ്ഞേ തീരൂ. പക്ഷേ ഏറ്റവും സങ്കടകരമായ കാര്യം ആ അനിവാര്യമായ തകർച്ചയ്ക്ക് മുന്നേ അനേകം മിഷേൽമാരിവിടെ കൊലചെയ്യപ്പെടും, അനേകം കുഞ്ഞുങ്ങളിവിടെ ബലാൽക്കാരം ചെയ്യപ്പെട്ടു വെന്തു നീറുന്ന മനസ്സും, ‘അവയവങ്ങളുമായി’ അഭയം ലഭിക്കാതെ ഉഴറിനടക്കും, അനേകമനേകം ‘ബാലപ്രേതങ്ങൾ’ ഗതികിട്ടാതലയും, മനുഷ്യത്വം മരവിച്ചിട്ടില്ലാത്തവരിവിടെ നിന്നും പാലായനം ചെയ്യും,
ബാലരോദനകളും, പെൺകരച്ചിലുകളും, ആശ്രയമറ്റവരുടെ ആർത്തനാദങ്ങളും, ചെന്നായ്ക്കളുടെ ഓലിയിടലുകളും മാത്രമുയരുന്നയീ നാട്ടിൽനിന്നും എനിക്കും രക്ഷപ്പെടണം, അതിനുമുന്നേതന്നെ ഹൃദയംതകർന്നു മരിച്ചില്ലെങ്കിൽ, ആക്രമിക്കപ്പെട്ടു കൈകാലുകൾ തകർന്നുപോയില്ലെങ്കിൽ,ഏതോ ‘ലോത്തിനെപ്പോലെ’ എന്നെങ്കിലും എനിക്ക് രക്ഷപ്പെടണം.

എന്റെ ഹൃദയം അശക്തമാണ്, എന്റെ മനസ്സതിലുമശക്തമാണ്, എന്റെ കൈകളിൽ ആയുധങ്ങളില്ല. എല്ലാമാരോ തട്ടിയെടുത്തിരിക്കുന്നു.
പ്രിയ ദൈവങ്ങളേ ഒന്നുകൂടിയിവിടെയ്ക്കു വരുമോ നിങ്ങൾ?
‘കർത്താവേ’, ‘കൽക്കീ’ അവതരിക്കുമോ പെട്ടെന്ന്?
അതോ നിങ്ങൾ എക്കാലത്തുമുണ്ടായിരുന്ന എന്നേപ്പോലുള്ളവരുടെ തകർന്ന, നിസ്സഹായ മനസിന്റെ സ്വപ്നം മാത്രമാണോ?
അങ്ങിനെയാകാതിരുന്നെങ്കിലെന്നു ഞാനിപ്പോൾ ആഗ്രഹിക്കുകയാണ്.

മിഷേൽ, വിട.

Comments

comments