മദ്യശാലനിരോധനം; സുപ്രീംകോടതിയില്‍ നല്‍കിയ ഹരജി പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തീരുമാനം

ന്യൂദല്‍ഹി: ദേശീയ, സംസ്ഥാന പാതകളുടെ അരക്കിലോമീറ്റര്‍ പരിധിക്കുള്ളിലെ മദ്യശാലകള്‍ നിരോധിക്കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഹരജി പിന്‍വലിക്കാന്‍ തീരുമാനം. സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ നല്‍കിയ ഹരജി പിന്‍വലിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. കള്ളും ബിയര്‍ മദ്യമല്ലെന്ന ഹരജിയിലെ നിലപാട് വിവാദമായതിനെ തുടര്‍ന്നാണ് തീരുമാനം. ഹരജി പിന്‍വലിക്കാന്‍ എ.ജി സര്‍ക്കാര്‍ അഭിഭാഷകന് നിര്‍ദേശം നല്‍കി.

ദേശീയ സംസ്ഥാന പാതകളുടെ അരക്കിലോമീറ്റര്‍ പരിധിക്കുള്ളില്‍ മദ്യശാലകള്‍ നിരോധിച്ച വിധി പരിഷ്‌കരിക്കുകയോ വ്യക്തത വരുത്തുകയോ വേണമെന്നാവശ്യപ്പെട്ട് കേരളം സുപ്രീംകോടതിയെ സമീപിച്ചിരുന്നു.

മദ്യത്തിന്റെ നിര്‍വചനത്തില്‍ നിന്ന് കള്ള്, വൈന്‍, ബിയര്‍ എന്നിവയെ ഒഴിവാക്കണമെന്നും ഇവയ്ക്ക് മേല്‍പ്പറഞ്ഞ വിധിയില്‍ നിന്ന് ഇളവനുവദിക്കണമെന്നും പാതയോരങ്ങളിലെ മദ്യവില്‍പ്പന തടയുന്ന ഡിസംബര്‍ 15-ലെ വിധിയുടെ പരിധിയില്‍നിന്ന് പഞ്ചനക്ഷത്ര ഹോട്ടലുകള്‍, ബിയര്‍, വൈന്‍ ലൈസന്‍സ് ലഭിച്ച പഞ്ചനക്ഷത്രമല്ലാത്ത ഹോട്ടലുകള്‍, ടൂറിസം വിഭാഗത്തില്‍പ്പെടുന്ന ഭക്ഷണശാലകള്‍ എന്നിവയെ ഒഴിവാക്കണം. നഗരസഭകളിലെയും കോര്‍പ്പറേഷനിലെയും പാതയോരത്തെ ബിവറേജസ് കോര്‍പ്പറേഷന്റെ മദ്യവില്‍പ്പനശാലകള്‍ക്ക് ഇളവ് നല്‍കണമെന്നും ഹരജിയില്‍ ആവശ്യപ്പെട്ടിരുന്നു.

ഹൈവേകളുടെ സമീപത്തുള്ള മദ്യശാലകള്‍ മാറ്റുന്നതിനുള്ള സമയം 2018 ഏപ്രില്‍ ഒന്നുവരെയാക്കി നീട്ടി നല്‍കണമെന്നും വിധി നടപ്പാക്കുന്നതുവഴി ജോലി നഷ്ടപ്പെടുന്ന തൊഴിലാളികളെ പുനരധിവസിപ്പിക്കുന്നതിലേക്ക് നഷ്ടപരിഹാരം നല്‍കാന്‍ കേന്ദ്രത്തിന് നിര്‍ദേശം നല്‍കണമെന്നും ഹരജിയില്‍ ആവശ്യപ്പെട്ടിരുന്നു.

പാതയോരങ്ങളില്‍ മദ്യശാലകള്‍ പ്രവര്‍ത്തിക്കുന്നത് റോഡപകടങ്ങള്‍ വര്‍ധിപ്പിക്കുമെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു സുപ്രീംകോടതിയുടെ സുപ്രധാന വിധി. അതേസമയം ബിയര്‍-വൈന്‍ പാര്‍ലറുകളും കള്ളുഷാപ്പുകളും മദ്യശാലകളുടെ നിര്‍വചനത്തില്‍ നിന്നൊഴിവാക്കണമെന്ന് സുപ്രീംകോടതിയില്‍ ആവശ്യപ്പെട്ടിട്ടില്ലെന്ന് എക്സൈസ് മന്ത്രി ടി.പി. രാമകൃഷ്ണന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ദേശീയ പാതയോരത്തുനിന്ന് മദ്യശാലകള്‍ മാറ്റണമെന്ന വിധിയില്‍ അവ്യക്തതകളുണ്ട്. ബാര്‍ഹോട്ടലുകളും കള്ളുഷാപ്പുകളും വിധിയുടെ പരിധിയില്‍ വരുമോയെന്ന് വ്യക്തമല്ല. അവ്യക്തത നീക്കാനാണ് കോടതിയെ സമീപിച്ചതെന്നും അദ്ദേഹം പറഞ്ഞിരുന്നു.

(കടപ്പാട്: ഡൂൾ ന്യൂസ്)

Comments

comments