13,860 കോടിയുടെ കള്ളപ്പണം; മഹേഷ് ഷാ വെളിപ്പെടുത്തിയ രാഷ്ട്രീയ നേതാവ് അമിത് ഷായാണെന്ന് ഹര്‍ദിക് പട്ടേല്‍!

ന്യുദല്‍ഹി: കള്ളപ്പണം വെളിപ്പെടുത്തിയതിനു പിന്നാലെ അറസ്റ്റിലായ ഗുജറാത്ത് വ്യാപരി മഹേഷ് ഷാ പറഞ്ഞ രാഷ്ട്രീയ നേതാവ് ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷായാണെന്ന് പട്ടേല്‍ സമര നേതാവ് ഹര്‍ദിക് പട്ടേല്‍.

13,860 കോടി രൂപയുടെ കള്ളപ്പണം വെളിപ്പെടുത്തിയ മഹേഷ് ഷാ ഗുജറാത്ത് സ്വദേശിയാണ്. തന്റെ കയ്യിലുള്ള കള്ളപ്പണം ഒരു രാഷ്ട്രീയ നേതാവിന്റേതാണെന്ന് മഹേഷ് ഷാ വെളിപ്പെടുത്തിയിരുന്നു. ആ നേതാവ് അമിത് ഷായാണെന്നാണ് ഹര്‍ദിക് പട്ടേലിന്റെ ആരോപണം. അമിത് ഷായെ ജനറല്‍ ഡയര്‍ എന്ന് വിശേഷിപ്പിച്ചാണ് പട്ടേല്‍ ട്വിറ്ററിലൂടെ ആരോപണം ഉന്നയിച്ചത്.

ഇതിനു പിന്നാലെ ഹര്‍ദിക് പട്ടേലിന്റെ ആരോപണം അന്വേഷിക്കണമെന്ന് ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ ആവശ്യപ്പെട്ടു. അമിത്ഷാ ആരോപണത്തോട് പ്രതികരിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. അമിത്ഷാക്കെതിരെ ഉയര്‍ന്ന ആരോപണം ഗൗരവമുള്ളതാണെന്നും അന്വേഷണം നടത്തണമെന്നും അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണും ആവശ്യപ്പെട്ടു.

13,860 കോടി രൂപയുടെ കള്ളപ്പണം വെളിപ്പെടുത്തി മുങ്ങിയ മഹേഷ് ഷായെ കഴിഞ്ഞ ദിവസമാണ് ന്യൂസ് 18 ചാനല്‍ സ്റ്റുഡിയോയില്‍ ചര്‍ച്ചയ്ക്കിടെ പിടികൂടുന്നത്. താന്‍ വെളിപ്പെടുത്തിയ കള്ളപ്പണം ഗുജറാത്തിലെ രാഷ്ട്രീയ ഉദ്യോഗസഥരുടെയും സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടേതുമാണെന്ന് ഷാ പറഞ്ഞിരുന്നു.

ഈ 13,860 കോടി കള്ളപ്പണത്തില്‍ ഒരു വന്‍ സ്രാവിന്റെ പണവും ഉണ്ടെന്ന് മഹേഷ് ഷായുടെ ചാര്‍ട്ടേഡ് അക്കൗണ്ടന്റിന്റെ വെളിപ്പെടുത്തലുണ്ടായിരുന്നു.

 

Comments

comments