വേനല്‍ച്ചൂട് ആരംഭിച്ചു; അഞ്ചുപേര്‍ ആശുപത്രിയിലായി, മുന്നറിയിപ്പുമായി അധികൃതര്‍.

ബ്രിസ്‌ബേൻ: വേനല്‍ക്കാലത്തിനു തുടക്കംകുറച്ച് ഓസ്‌ട്രേലിയയിലെ വിവിധ സംസ്ഥാനങ്ങളില്‍ കഴിഞ്ഞ ദിവസങ്ങളിൽ ചൂട് അസഹനീയമായിരുന്നു. ചൂട് വര്‍ധിച്ചതിനെത്തുടര്‍ന്നുള്ള അസ്വാസ്ഥ്യങ്ങളുമായി ക്വീന്‍സ് ലാന്‍ഡില്‍ അഞ്ചുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വടക്കന്‍ ന്യൂ സൗത്ത് വെയില്‍സിലും ചൂട് വര്‍ധിച്ചു. കൊടും ചൂടില്‍ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട 12 പേര്‍ക്കായി ആംബുലന്‍സ് സര്‍വീസ് ആവശ്യപ്പെട്ടിരുന്നതായി ന്യൂ സൗത്ത് വെയില്‍സ് അധികൃതര്‍ വ്യക്തമാക്കി. വരുംദിവസങ്ങളിലും ചൂടിന് കുറവുണ്ടാകില്ലെന്നാണ് കാലാവസ്ഥ അധികൃതര്‍ നല്‍കുന്ന മുന്നറിയിപ്പ്.

ക്വീന്‍സ് ലാന്‍ഡിലെ നിരവധി പട്ടണങ്ങളില്‍ രാത്രിയിലും ചൂടിനു ശമനമുണ്ടായില്ല. മെല്‍ബണിലെ നിരവധി താമസക്കാര്‍ ആശുപത്രികളില്‍ ചികിത്സ തേടി. മിക്ക പട്ടണങ്ങളിലും അന്തരീക്ഷ ഊഷ്മാവ് ശരാശരി 40 ഡിഗ്രി സെല്‍ഷ്യസായിരുന്നു. എന്നാല്‍ റോമ, ലോംഗ്‌റീച്ച്, ബേര്‍ഡ്‌സ്‌വില്ല എന്നിവിടങ്ങളില്‍ 47 ഡിഗ്രിയിലെത്തി. ടാസ്മാന്‍ കടലില്‍നിന്ന് വീശിയടിക്കുന്ന കാറ്റിനും വല്ലാത്ത ചൂടായിരുന്നു. പടിഞ്ഞാറന്‍ സിഡ്‌നിയിലും അന്തരീക്ഷ ഊഷ്മാവ് ഉയര്‍ന്നിരുന്നു. ലിവര്‍പൂളില്‍ 36 ഉം പെന്റിത്തില്‍ 38 ഉം ആയിരുന്നു രാത്രിയിലെ ചൂട്.

ചൂടു കൂടിയ സ്ഥലങ്ങളില്‍ വസിക്കുന്നവര്‍ ധാരാളം വെള്ളം കുടിക്കണമെന്നും നേരിട്ടുള്ള വെയിലേല്‍ക്കാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും അധികൃതര്‍ അറിയിച്ചു. സൂര്യാതപത്തിനും സൂര്യാഘാത്തിനുമുള്ള സാധ്യതയുണ്ടെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. ചൂടു വര്‍ധിക്കുമ്പോള്‍ തലവേദന, ഛര്‍ദി, മസില്‍ കയറ്റം, തലകറക്കം, ഹൃദയമിടിപ്പ് വര്‍ധിക്കല്‍ തുടങ്ങിയവ സൂര്യാഘാതത്തിന്റെ ലക്ഷണങ്ങളാകാം. അതിനാല്‍ ഇവ അനുഭവപ്പെടുന്നവര്‍ ചികിത്സ തേടേണ്ടതാണ്.

(Indian Malayali)

Comments

comments