നോട്ട് നിരോധനത്തില്‍ പാര്‍ലമെന്റില്‍ മറുപടി പറയാനില്ല: നരേന്ദ്രമോദി ആപ്പിലൂടെ പൊതുജനാഭിപ്രായം തേടി മോദി!

ന്യൂദല്‍ഹി: നോട്ട് നിരോധനവുമായി ബന്ധപ്പെട്ട വിഷയത്തില്‍ പാര്‍ലമെന്റില്‍ പ്രധാനമന്ത്രി വിശദീകരണം നല്‍കണമെന്ന പ്രതിപക്ഷ ആവശ്യം ശക്തമാകുന്നതിനിടെ ആപ്പിലൂടെ പൊതുജനങ്ങളുടെ അഭിപ്രായം തേടി പ്രധാനമന്ത്രി നരേന്ദ്രമോദി. നരേന്ദ്രമോദി ആപ്പിലൂടെ പൊതുജനങ്ങള്‍ക്ക് അഭിപ്രായം രേഖപ്പെടുത്താമെന്ന് പ്രധാനമന്ത്രി ട്വിറ്ററിലൂടെ അറിയിച്ചു.

‘കറന്‍സി നോട്ടുകളുമായി ബന്ധപ്പെട്ട തീരുമാനത്തില്‍ നിങ്ങളുടെ കാഴ്ചപ്പാടുകള്‍ എനിക്കറിയണം. എന്‍.എം ആപ്പിലെ സര്‍വ്വേയില്‍ പങ്കുചേരുക’ എന്നാണ് മോദിയുടെ ട്വീറ്റ്.

1 രാജ്യത്ത് കള്ളപ്പണമുണ്ടെന്ന് കരുതുന്നുണ്ടോ?

2 അഴിമതിയും കള്ളപ്പണവും രാജ്യത്ത് നിന്ന് തുടച്ചുമാറ്റേണ്ടതുണ്ടെന്ന് കരുതുന്നുണ്ടോ?

3. 500രൂപ, 1000രൂപ നോട്ടുകള്‍ പിന്‍വലിച്ച മോദി സര്‍ക്കാര്‍ തീരുമാനത്തെക്കുറിച്ച് എന്ത് തോന്നുന്നു? -

അഴിമതിയും, കള്ളപ്പണവും തീവ്രവാദവും കള്ളനോട്ടും ഇല്ലാതാക്കാനുള്ള നമ്മുടെ ഈ പോരാട്ടത്തെ തുടര്‍ന്നുണ്ടായ ബുദ്ധിമുട്ടുകള്‍ നിങ്ങള്‍ കാര്യമാക്കുന്നുണ്ടോ?  എന്നിങ്ങനെയുള്ള ചോദ്യങ്ങള്‍ക്കാണ് നരേന്ദ്രമോദി ആപ്പിലൂടെ പൊതുജനം മറുപടി നല്‍കേണ്ടത്.

നവംബര്‍ എട്ടിനാണ് 500രൂപ, 1000രൂപ നോട്ടുകള്‍ നിരോധിച്ച പ്രധാനമന്ത്രിയുടെ പ്രഖ്യാപനം വന്നത്. ഇത് രാജ്യത്ത് വലിയ പ്രതിസന്ധികള്‍ സൃഷ്ടിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പാര്‍ലമെന്റില്‍ ഹാജരായി പ്രതിപക്ഷവുമായി സംവാദത്തിന് തയ്യാറാവണമെന്ന ആവശ്യവുമായി പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തെത്തിയിരുന്നു. എന്നാല്‍ പ്രതിപക്ഷ ആവശ്യം മോദി ഇതുവരെ പരിഗണിച്ചിട്ടില്ല. പാര്‍ലമെന്റിനു പുറത്തു പ്രസംഗിക്കാന്‍ തയ്യാറാവുന്ന പ്രധാനമന്ത്രി എന്തുകൊണ്ട് സഭയില്‍ സംസാരിക്കാന്‍ തയ്യാറാവുന്നില്ല എന്ന ചോദ്യവുമായി  പ്രതിപക്ഷം കഴിഞ്ഞദിവസം രംഗത്തെത്തുകയും ചെയ്തിരുന്നു.

(ഡൂൾ ന്യൂസ്)

 

 

Comments

comments