ഓസ്‌ട്രേലിയയിലെ ജനസംഖ്യാവര്‍ധനവ് കുറയുന്നു; കുടിയേറ്റം മൂലമുള്ള ജനസംഖ്യാ വര്‍ധനവിലും ഇടിവ്

മെൽബൺ: ഓസ്‌ട്രേലിയയിലെ ജനസംഖ്യാവര്‍ധനവ് മന്ദീഭവിക്കുന്നുവെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. അതായത് കഴിഞ്ഞ വര്‍ഷത്തിന്റെ അവസാന പകുതിയില്‍ ജനസംഖ്യാ വര്‍ധനവ് മാറ്റമില്ലാതെ നിലകൊണ്ടിരിക്കുന്നുവെന്നാണ് കണക്കുകള്‍ വെളിപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ സ്റ്റേറ്റുകളും ടെറിട്ടറികളും തമ്മില്‍ ഏറെ ഏറ്റക്കുറച്ചിലുകളും നിലവിലുണ്ട്. ഓസ്‌ട്രേലിയന്‍ ബ്യൂറോ ഓഫ് സ്റ്റാറ്റിറ്റിക്‌സാണ് ഇത് സംബന്ധിച്ച കണക്കുകള്‍ പുറത്ത് വിട്ടിരിക്കുന്നത്. ഇതനുസരിച്ച് 2015 ഡിസംബര്‍ അവസാനം ഇവിടുത്തെ ജനസംഖ്യ 23.94 മില്യണിലെത്തിയിരിക്കുകയാണ്. അതായത് ആ വര്‍ഷം മൊത്തമുണ്ടായ ജനസംഖ്യാ വര്‍ധന 3,26,000 പേരാണ്. ഇതനുസരിച്ച് വാര്‍ഷിക വര്‍ധനവ് 1.4 ശതമാനമാണ്.

ഇവിടുത്തെ തദ്ദേശീയ ജനസംഖ്യാ വര്‍ധനവ് ചുരുങ്ങിയതിന് പുറമെ കുടിയേറ്റം മൂലമുള്ള ജനസംഖ്യാവര്‍ധവിലും ഇടിവുണ്ടായെന്നാണ് ഈ ഡാറ്റ വെളിപ്പെടുത്തുന്നത്. അതായത് നെറ്റ് മൈഗ്രേഷനിലും കഴിഞ്ഞ വര്‍ഷം തൊട്ടു മുമ്പത്തേക്കാള്‍ കുറവാണുണ്ടായിരിക്കുന്നത്. രാജ്യത്തേക്ക് വരുന്ന കുടിയേറ്റക്കാരും ഇവിടെ നിന്ന് പോകുന്ന കുടിയേറ്റക്കാരും തമ്മിലുള്ള വ്യത്യാസമാണ് നെറ്റ് ഇമിഗ്രേഷന്‍. ഇതനുസരിച്ച് കഴിഞ്ഞ വര്‍ഷത്തെ നെറ്റ് ഇന്‍ഫ്‌ലോ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 0.5 ശതമാനം കുറവാണ്. നെറ്റ് ഇമിഗ്രേഷനിലൂടെ ഇവിടുത്തെ ജനസംഖ്യയിലേക്ക് കൂട്ടിച്ചേര്‍ക്കപ്പെട്ടിരിക്കുന്നത് 177,138 പേരാണ്. ഇവിടെയുള്ള പ്രകൃതിപരമായ ജനസംഖ്യാ വര്‍ധനവ് അതായത് ഇവിടെ നടക്കുന്ന ജനനങ്ങളില്‍ നിന്നും മരണസംഖ്യ കുറച്ച് കിട്ടുന്നതിലൂടെ ജനസംഖ്യയിലേക്ക് 148,935 പേരാണ് കഴിഞ്ഞ വര്‍ഷം കൂട്ടിച്ചേര്‍ക്കപ്പെട്ടിരിക്കുന്നത്. ഏതാണ്ട് തൊട്ടു മുമ്പത്തെ വര്‍ഷത്തെ സംഖ്യ തന്നെയാണിത്.

വിക്ടോറിയയിലാണ് കഴിഞ്ഞ വര്‍ഷം ഏറ്റവും കൂടുതല്‍ ജനസംഖ്യാ വര്‍ധനവുണ്ടായിരിക്കുന്നത്. അതായത് 1.9 ശതമാനമാണ് വളര്‍ച്ച. ന്യൂ സൗത്ത് വെയില്‍സ് 1.4 ശതമാനം വളര്‍ച്ചയോടെ രണ്ടാംസ്ഥാനത്തുണ്ട്. ക്യൂന്‍സ്ലാന്‍ഡ് 1.3 ശതമാനം വളര്‍ച്ചയോടെ മൂന്നാം സ്ഥാനത്തുമുണ്ട്.

(ഇന്ത്യൻ മലയാളി)

Comments

comments