ഐടിബി സേനാകേന്ദ്രത്തില്‍ രക്ഷാബന്ധന്‍ മഹോത്സവം സംഘടിപ്പിച്ചത് വിവാദമാകുന്നു; സൈനിക കേന്ദ്രത്തിലുണ്ടായത് ഗുരുതര പിഴവെന്ന് ആരോപണം.

മാവേലിക്കര: ബിജെപി-സംഘപരിവാര്‍ സംഘടനകളുടെ നേതൃത്വത്തില്‍ നൂറനാട് ഐടിബിപി സൈനിക കേന്ദ്രത്തില്‍ രക്ഷാബന്ധന്‍ മഹോത്സവം സംഘടിപ്പിച്ചത് വിവാദമാകുന്നു. രാഷ്ട്രീയലാഭത്തിനു സൈനികർ നിന്നുകൊടുത്തു എന്നാണ് ആക്ഷേപം. ബിജെപി നേതാക്കളോടൊപ്പമെത്തിയ മഹിളാ മോര്‍ച്ചാ പ്രവര്‍ത്തകരാണ് സൈനികരുടെ നെറ്റിയില്‍ തിലകം ചാര്‍ത്തി കൈയ്യില്‍ രാഖി കെട്ടിയത് . മുപ്പതോളം പ്രവര്‍ത്തകരാണ് ക്യാമ്പിനുളളില്‍ പ്രവേശിച്ച് ചടങ്ങ് നടത്തിയത്.

ബിജെപി മാവേലിക്കര മണ്ഡലം പ്രസിഡന്റ് വെട്ടിയാര്‍ മണിക്കുട്ടന്‍, വൈസ് പ്രസിഡന്റുമാരായ കെ കെ അനൂപ്, അനില്‍ വളളിക്കുന്നം,സുഷമ വി നായര്‍ മഹിളാ മോര്‍ച്ചാ നേതാക്കളായ ഷാനി എസ് നായര്‍, ശോഭാ രവീന്ദ്രന്‍,നിര്‍മ്മല, ജഗദമ്മ തുടങ്ങിയ നേതാക്കളുടെ നേതൃത്വത്തിലായിരുന്നു പരിപാടി സംഘടിപ്പിച്ചത്.

ബിജെപി പ്രവര്‍ത്തകര്‍ ക്യാമ്പിനുള്ളില്‍ പ്രവേശിക്കുന്നതിനെ ഏതാനും സൈനികര്‍ എതിര്‍ത്തെങ്കിലും, പ്രവര്‍ത്തകര്‍ ഇവരെ ഭീഷണിപ്പെടുത്തി അകത്ത് കടക്കുകയായിരുന്നെന്നും ആരോപണമുണ്ട്. യൂണിഫോമിലുണ്ടായിരുന്ന സൈനികര്‍ക്ക് രാഖി കെട്ടിക്കൊടുക്കുന്നതിന്റെ ചിത്രങ്ങള്‍ മാധ്യമങ്ങള്‍ക്ക് നല്‍കിയതും ബിജെപി നേതാക്കളാണ്.

ബിജെപി പ്രവര്‍ത്തകരാണെന്ന് അറിഞ്ഞില്ലെന്നും തെറ്റിദ്ധാരണയില്‍ സംഭവിച്ചതാണെന്നുമാണ് കമാണ്ടന്റ് ജോര്‍ജ് നല്‍കുന്ന വിശദീകരണം. സൈനികകേന്ദ്രത്തിനുള്ളിലെ നടപടി ഗുരുതര സുരക്ഷാപിഴവാണെന്ന് ആരോപണമുയര്‍ന്നു കഴിഞ്ഞു.

സംഭവത്തിൽ പ്രതിഷേധിച്ച് കഴിഞ്ഞ ദിവസം നൂറനാട് ഐടിബിപി കേന്ദ്രത്തിലേക്ക് എഐവൈഎഫ് പ്രവര്‍ത്തകര്‍ പ്രതിഷേധപ്രകടനം നടത്തി. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തണമെന്നാണ് ആവശ്യം. എഐവൈഎഫ് സംസ്ഥാനകമ്മിറ്റി അംഗം സി എ അരുണ്‍കുമാര്‍, നേതാക്കളായ എസ് പ്രിന്‍സി,എസ് സിനുഖാന്‍,അനു ശിവന്‍, വി പി സ്വരാജ് എന്നിവര്‍ സംസാരിച്ചു.

 

(നാരദ മലയാളം )

Comments

comments