റമദാന്‍ വ്രതം; പശ്ചിമ ബംഗാളില്‍ പശുക്കളുടെ എണ്ണമെടുത്ത് ഗോരക്ഷാ സമിതി!

കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ ബി.ജെ.പി പ്രവര്‍ത്തകര്‍ റമദാനില്‍ പശുകളുടെ എണ്ണമെടുക്കുന്നു! ഗോ രക്ഷാ സെല്ലിന്റെ നേതൃത്വത്തിലാണ് പശുക്കളുടെ എണ്ണമെടുക്കുന്നത്. ബി.ജെ.പി പ്രവര്‍ത്തകര്‍ വീടുകള്‍ കയറിയിറങ്ങിയാണ് പശുക്കളുടെ എണ്ണമെടുക്കുന്നത്. സംസ്ഥാനത്ത് ബീഫ് നിരോധനം ഇല്ലെങ്കിലും മറ്റു സംസ്ഥാനങ്ങളിലേക്ക് പശുക്കളെ കടത്തുന്നത് തടയാനാണ് ശ്രമമെന്ന് ബി.ജെ.പി ഗോരക്ഷാ സമിതി സംസ്ഥാന പ്രസിഡന്റ് സുബ്രത ഗുപ്ത ഇക്കണോമിക് ടൈംസിനോട് പറഞ്ഞു. ഇതിനായി 560 പ്രവര്‍ത്തകരെ നിയോഗിച്ചിട്ടുണ്ടെന്നും സുബ്രത ഗുപ്ത പറഞ്ഞു.

പശുക്കളെ കടത്തുന്നവരെ പിടികൂടാന്‍ പോലീസ് സഹകരിക്കുന്നില്ലെന്നും സുബ്രത ഗുപ്ത പരാതിപ്പെടുന്നു. ബംഗാളിലെ മാല്‍ഡ, മുര്‍ഷിദാബാദ്, കുച്ച് ബീഹാര്‍, ദക്ഷിണ ദിനാജ്പൂര്‍, നാദിയ, 24 പര്‍ഗാന, വെസ്റ്റ് മിഡനാപ്പൂര്‍, ബാന്‍കുര, പുരുലിയ എന്നീ മേഖലകളിലാണ് സമിതി നിരീക്ഷണം ശക്തമാക്കിയിരിക്കുന്നത്. പശുക്കള്‍ ‘ അപ്രത്യക്ഷമാകുന്നത്’ സംബന്ധിച്ച് വിവരാവകാശ അപേക്ഷ സമര്‍പ്പിക്കുമെന്നും ഇക്കാര്യത്തില്‍ മുസ്‌ലിം വിശ്വാസികളുമായി സഹകരണം തേടുമെന്നും സുബ്രത പറഞ്ഞു.

പശ്ചിമബംഗാളിനെ കൂടാതെ ബീഫ് നിരോധനമില്ലാത്ത കേരളത്തിലും പ്രവര്‍ത്തകരെ സജീവമാക്കാനാണ് ഗോരക്ഷാ സമിതിയുടെ നീക്കം. കഴിഞ്ഞയാഴ്ച ഹരിയാനയിൽവച്ചു രണ്ടു യുവാക്കളെ കന്നുകാലി കടത്തുകാര്‍ എന്നാരോപിച്ച് ഗോ രക്ഷക് ദള്‍ സന്നദ്ധ പ്രവര്‍ത്തകര്‍ മര്‍ദിക്കുകയും ചാണം തീറ്റിക്കുകയും ചെയ്തിരുന്നു. ദാദ്രി കൊലപാതകത്തിന് ശേഷമാണ് സംഘപരിവാറിന്റെ നേതൃത്ത്വത്തില്‍ ‘ഗോ സംരക്ഷണം’ സജീവമായത്.

Comments

comments