ധാക്ക ഭീകരാക്രമണം; അക്രമികളില്‍ ഭരണകക്ഷി നേതാവിന്റെ മകൻ!?

ബംഗ്ലാദേശ്: ധാക്കയില്‍ റസ്‌റ്റോറന്റില്‍ ഭീകരാക്രമണം നടത്തിയവരില്‍ രാജ്യത്തെ ഭരണകക്ഷിയായ അവാമി ലീഗ് നേതാവിന്റെ മകനും ഉള്‍പ്പെട്ടതായി റിപ്പോര്‍ട്ടുകള്‍. സൈന്യം വധിച്ച അക്രമികളിലൊരാളായ രോഹന്‍ ഇബ്‌നു ഇംതിയാസ് ധാക്കയിലെ അവാമി ലീഗ് നേതാവും ബംഗ്ലാദേശ് ഒളിംപിക്‌സ് അസോസിയേഷന്‍ ഡെപ്യൂട്ടി സെക്രട്ടറി ജനറലുമായ എസ്.എം ഇംതിയാസ് ഖാന്‍ ബാബുലിന്റെ മകനാണെന്ന് ബംഗ്ലാദേശ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. തന്റെ മകനെ കാണാനില്ലെന്ന് കഴിഞ്ഞ ജനുവരി 4ന് ഇംതിയാസ് പോലീസില്‍ പരാതി നല്‍കിയിരുന്നതായാണ് റിപ്പോര്‍ട്ടുകൾ.

കൊല്ലപ്പെട്ടത് ഇംതിയാസിന്റെ മകനാണെന്ന് തിരിച്ചറിഞ്ഞതായി അവാമിലീഗ് നേതാവ് മുകുള്‍ചൗധരി ബംഗ്ലാദേശി പത്രത്തോട് പ്രതികരിച്ചു. ബംഗ്ലാദേശിലെ ഉന്നതരുടെ മക്കള്‍ പഠിക്കുന്ന സ്‌കോളസ്റ്റിക്കയില്‍ നിന്നുമാണ് രോഹന്‍ പഠിച്ചിറങ്ങിയത്. ഇയാളുടെ മാതാവ് ഖാലിദ പര്‍വീന്‍ ഇതേ സ്ഥാപനത്തില്‍ അധ്യാപികയാണ്. അക്രമണത്തില്‍ കൊല്ലപ്പെട്ട മറ്റൊരു തീവ്രവാദിയും സ്‌കോളസ്റ്റിക്കയിലെ വിദ്യാര്‍ത്ഥിയായിരുന്നു. അക്രമണത്തില്‍ പങ്കാളികളായ മറ്റുള്ളവരും ഉന്നത കുടുംബങ്ങളില്‍ നിന്നുള്ളവരാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഏഴംഗ സംഘമാണ് ധാക്കയിലെ ഏഴംഗ ആര്‍ട്ടിസാന്‍ കഫെയില്‍ ആക്രമണം നടത്തിയിരുന്നത്. ഇതില്‍ ഒരാളൊഴികെ മറ്റുള്ളവരെല്ലാം കൊല്ലപ്പെട്ടിരുന്നു. ഉത്തരാവാദിത്വം ഇസ്‌ലാമിക് സ്റ്റേറ്റ് ഭീകരര്‍ ഏറ്റെടുത്തിരുന്നെങ്കിലും ആക്രമണത്തിന് പിന്നില്‍ ജമാഅത്തുല്‍ മുജാഹിദീന്‍ ബംഗ്ലാദേശ് (ജെ.എം.ബി) ആണെന്നാണ് ബംഗ്ലാദേശ് നിലപാട്.

Comments

comments