സി.പി.ഐ. മന്ത്രിമാര്‍ പുതുമുഖങ്ങള്‍.

തിരുവനന്തപുരം: സി.പി.ഐ.യുടെ മുതിര്‍ന്ന നേതാക്കളായ സി.ദിവാകരനും മുല്ലക്കര രത്‌നാകരനും മന്ത്രിമാരാകില്ല. തര്‍ക്കങ്ങള്‍ക്കൊടുവില്‍ ഇവരെ ഒഴിവാക്കി നാലു പുതുമുഖങ്ങളെ ഉള്‍പ്പെടുത്തി സി.പി.ഐ. മന്ത്രിപ്പട്ടിക പ്രഖ്യാപിച്ചു; ഇ.ചന്ദ്രശേഖരന്‍, വി.എസ്.സുനില്‍കുമാര്‍, പി.തിലോത്തമന്‍, കെ.രാജു എന്നിവരെ. വി.ശശിയെ െഡപ്യൂട്ടി സ്പീക്കറാക്കുന്നതിനും തീരുമാനമായി. സി.പി.ഐ. എക്‌സിക്യൂട്ടിവ്, സംസ്ഥാന കൗണ്‍സില്‍ യോഗങ്ങളിലാണ് അന്തിമതീരുമാനമായത്. ഇ.ചന്ദ്രശേഖരനെ നിയമസഭാകക്ഷി നേതാവായും നിശ്ചയിച്ചു.

സി.പി.ഐ. ആസ്ഥാനമായ എം.എന്‍.സ്മാരകത്തില്‍ മന്ത്രിമാരെ നിശ്ചയിക്കാന്‍ ചേര്‍ന്ന സംസ്ഥാന എക്‌സിക്യൂട്ടീവില്‍ നാടകീയ രംഗങ്ങള്‍ അരങ്ങേറി. മുന്‍മന്ത്രിമാരായ സി.ദിവാകരനും മുല്ലക്കര രത്‌നാകരനും വീണ്ടും അവസരം നല്‍കണമെന്ന് ഒരുവിഭാഗം നേതാക്കള്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഭൂരിപക്ഷവും ഈ നിര്‍ദേശത്തെ എതിര്‍ത്തു. മന്ത്രിസ്ഥാനത്തിന് അര്‍ഹനാണെന്ന് രത്‌നാകരന്‍ യോഗത്തില്‍ അവകാശപ്പെട്ടു. എന്നാല്‍ യോഗം മുല്ലക്കരയെയും ദിവാകരനെയും ഒഴിവാക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഇതോടെ വികാരാധീനനായ മുല്ലക്കര പാര്‍ട്ടി പദവികള്‍ ഒഴിയുമെന്ന് മുന്നറിയിപ്പ് നല്‍കി. എന്നാല്‍ ഇതിനോട് മുതിര്‍ന്ന നേതാക്കള്‍ കാര്യമായി പ്രതികരിച്ചില്ല.

തീരുമാനത്തില്‍ പ്രതിഷേധിച്ച് മുല്ലക്കര സംസ്ഥാന കൗണ്‍സില്‍ യോഗത്തില്‍നിന്ന് വിട്ടുനില്‍ക്കുകയും ചെയ്തു. തന്നെ ഒഴിവാക്കുന്നതിന് പിന്നില്‍ ചിലര്‍ പ്രവര്‍ത്തിച്ചതായി രത്‌നാകരന്‍ ആരോപിച്ചു. പരിചയസമ്പന്നര്‍ കൂടിയുള്‍പ്പെട്ടതാവണം മന്ത്രിമാര്‍ എന്ന വാദം ദിവാകരന്‍ ഉയര്‍ത്തിയെങ്കിലും അത് തള്ളിക്കളയുകയായിരുന്നു. കൊല്ലം ജില്ലയില്‍നിന്നുള്ള ചിലരാണ് ദിവാകരനും മുല്ലക്കരയ്ക്കും വേണ്ടി വാദിച്ചത്.

തിങ്കളാഴ്ച രാവിലെ സംസ്ഥാന എക്‌സിക്യൂട്ടീവ് ചേര്‍ന്നയുടന്‍ പുതുമുഖങ്ങളെ മന്ത്രിമാരായി നിശ്ചയിക്കണമെന്ന നിര്‍ദ്ദേശം സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ മുന്നോട്ടുവെച്ചു. ഇതിനെ ദിവാകരനും മുല്ലക്കരയും എതിര്‍ത്തു. തന്റെ വിയോജിപ്പ് രേഖപ്പെടുത്തണമെന്ന് ദിവാകരന്‍ ദിവാകരന്‍ ആവശ്യപ്പെട്ടു. തര്‍ക്കത്തെത്തുടര്‍ന്ന് ദിവാകരനെയും മുല്ലക്കരയെയും ഉള്‍പ്പെടുത്തിയ ആറുപേരടങ്ങിയ പാനല്‍ സംസ്ഥാന കൗണ്‍സിലിന്റെ പരിഗണനയ്ക്ക് വിടാന്‍ എക്‌സിക്യൂട്ടീവ് തീരുമാനിച്ചു. ഇരുവരെയും ഒഴിവാക്കി പാനലില്‍ അവശേഷിച്ച പുതുമുഖങ്ങളെ മന്ത്രിമാരാക്കണമെന്ന് കൗണ്‍സില്‍ അന്തിമ തീരുമാനമെടുക്കുകയും ചെയ്തു.

 

കടപ്പാട്: മാതൃഭുമി

Comments

comments