പനാമ കള്ളപ്പണ ഇടപാടില്‍ ലോകനേതാക്കളടക്കമുള്ള വമ്പന്മാർ!

പനാമ: ബോളിവുഡ് താരങ്ങളായ അമിതാഭ് ബച്ചനും ഐശ്വര്യറായിയും ഉള്‍പ്പടെയുള്ള ഇന്ത്യക്കാര്‍ കള്ളപ്പണ ഇടപാടുകളുടെ പുറത്തുവന്ന രേഖകളിലെ ചെറുമീനുകള്‍ മാത്രം. റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുതിന്‍ ഉള്‍പ്പടെയുള്ള ലോക നേതാക്കള്‍, ലയണല്‍ മെസ്സി, ജാക്കി ചാന്‍ തുടങ്ങി വമ്പന്‍ സ്രാവുകളുടെ പേരുകളാണ് കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട് പുറത്ത് വന്നിരിക്കുന്നത്.

വ്യാജ കമ്പനികളുടെ പേരില്‍ കള്ളപ്പണം നിക്ഷേപിക്കാന്‍ ഇടപാടുകാര്‍ക്ക് രേഖകള്‍ ഉണ്ടാക്കി നല്‍കുന്ന പനാമ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനിയാണ് മൊസാക്കോ ഫോണ്‍സേക്ക. കമ്പനിയുടെ 11.5 ദശലക്ഷം നികുതി രേഖകളാണ് ചോര്‍ന്നിരിക്കുന്നത്. ജര്‍മന്‍ പത്രമായ സിഡോയിച്ചെ സെയ്തൂംഗ് ഒരു അജ്ഞാത സ്രോതസ്സില്‍ നിന്നാണ് കമ്പനിയുടെ നികുതി രേഖകള്‍ ലഭിച്ചതെന്ന് പറയുന്നു. ഇത് പിന്നീട് ഇന്റര്‍നാഷണല്‍ കണ്‍സോര്‍ഷ്യം ഓഫ് ഇന്‍വെസ്റ്റിഗേറ്റീവ് ജേര്‍ണലിസ്റ്റ്‌സ് ലോകത്തെമ്പാടുമുള്ള മാധ്യമങ്ങളുമായി പങ്കുവെക്കുകയായിരുന്നു.

രേഖകള്‍ പ്രകാരം റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുതിന്റെ അടുത്ത അനുയായികള്‍ക്ക് നേരെ ആരോപണമുയര്‍ന്നിട്ടുണ്ട്. എന്നാല്‍ പുതിന്റെ പേര് നേരിട്ട് പരാമര്‍ശിക്കപ്പെട്ടിട്ടില്ല. ഐസ്‌ലാന്‍ഡിലേയും പാകിസ്താനിലേയും പ്രധാനമന്ത്രിമാര്‍, സൗദി അറേബ്യയുടെ രാജാവ്, ഉക്രൈന്‍ പ്രസിഡന്റ് എന്നിവര്‍ക്കും കള്ളപ്പണ ഇടപാടുമായി ബന്ധമുള്ളതായി ആരോപണമുണ്ട്. ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിംഗിന്‍രെ കുടുബത്തിനും ഇവിടെ ബാങ്ക് അക്കൗണ്ടുകളുണ്ട്. ഫിഫ എത്തിക്‌സ് കമ്മിറ്റി മെമ്പര്‍ ജുവാന്‍ പെഡ്രോ ഡാമിനിക്ക് കള്ളപ്പണഇടപാടുകാരുമായി ബിസിനസ്സ് ബന്ധങ്ങളുള്ളതായും ഫുട്‌ബോള്‍ താരം മെസ്സിക്കും പിതാവിനും ഒരു ഷെല്‍ കമ്പനിയുടെ ഉടമസ്ഥതതയുള്ളതായും രേഖകളുണ്ട്.

കമ്പനിയുടെ 1970 മുതലുള്ള രേഖകളാണ് ചോര്‍ന്നിരിക്കുന്നത്. ഇത്തരത്തിലുള്ള കള്ളപ്പണ ഇടപാടുകള്‍ വച്ചുപൊറുപ്പിക്കില്ലെന്നും നിയമപരമായ ഏത് അന്വേഷണത്തോടും സഹകരിക്കുമെന്നും പനാമ സര്‍ക്കാര്‍ വ്യക്തമാക്കി. 70 രാജ്യങ്ങളില്‍ നിന്നുള്ള 350 മാധ്യമപ്രവര്‍ത്തകര്‍ ഉള്‍പ്പെട്ട സംഘം രേഖകള്‍ പരിശോധിച്ചതായി ഇന്റര്‍നാഷണല്‍ കണ്‍സോര്‍ഷ്യം ഓഫ് ഇന്‍വെസ്റ്റിഗേറ്റീവ് ജേര്‍ണലിസ്റ്റ്‌സ് അറിയിച്ചു.

ഇന്ത്യയില്‍ അമിതാഭിനും ഐശ്വര്യക്കും പുറമേ ഡിഎല്‍എഫ് ഉടമ കെപി സിംഗ്, ഗൗതം അദാനിയുടെ സഹോദരന്‍ വിനോദ് അദാനി എന്നിവരുടെ പേരുകളാണ് കള്ളപ്പണ ഇടപാടുകളുമായി ബന്ധപ്പെട്ട് പുറത്ത് വന്നിരിക്കുന്നത്‌. പശ്ചിമ ബംഗാളില്‍ നിന്നുള്ള ശിശിര്‍ ബജോരിയ, ഡല്‍ഹി ലോക് സട്ടാ പാര്‍ട്ടിയുടെ മുന്‍ നേതാവ് അനുരാഗ് കെജ്രിവാള്‍ എന്നിവരാണ് പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ള രണ്ടു രാഷ്ട്രീയ നേതാക്കള്‍. ഇവര്‍ക്ക് പുറമേ ഇഖ്ബാല്‍ മിര്‍ച്ചിയുമുണ്ട്.

ബിവിഐ, ബഹാമസ് എന്നിവിടങ്ങളില്‍ നാലു ഷിപ്പിംഗ് കമ്പനിയുടെ ഡയറക്ടര്‍ എന്ന രീതിയിലാണ് അമിതാഭിനെതിരേയുള്ള രേഖകള്‍. ബ്രിട്ടീഷ് വിര്‍ജിന്‍ ദ്വീപുകളിലെ ഒരു സ്ഥാപനത്തിന്റെ ഡയറക്ടറും ഓഹരിയുടമയും എന്ന രീതിയില്‍ ഐശ്വര്യാറായിക്കെതിരേയും രേഖകളുണ്ട്. 2008 ല്‍ ആഷിനെ ഓഹരിയുടമയാക്കി മാറ്റിയിട്ടുണ്ട്.

കഴിഞ്ഞ വര്‍ഷം ജനീവയിലെ എച്ച്എസ്ബിസി രഹസ്യ അക്കൗണ്ടില്‍ നിന്നും 1,100 ഇന്ത്യാക്കാരുടെ വിവരങ്ങള്‍ പുറത്തുവന്നിരുന്നു.

(ഇന്ത്യൻ മലയാളി)

Comments

comments