ലോകം വിയര്‍ക്കുന്നു!


മെല്‍ബണ്‍: ആധുനിക ലോകം കണ്ട ഏറ്റവും ചൂടേറിയ വര്‍ഷമായിരുന്നു 2015 എന്ന് അമേരിക്കന്‍ ശാസ്ത്രസംഘം. തീര്‍ന്നില്ല ഈ വര്‍ഷം ചൂട് കുറയില്ല എന്ന ആശങ്കപ്പെടുത്തുന്ന നിഗമനവും അവര്‍ മുന്നോട്ടുവയ്ക്കുന്നു. ഓസ്‌ട്രേലിയ ഉള്‍പ്പെടെ രാജ്യങ്ങള്‍ കൊടുംചൂടിലൂടെയാണ് കഴിഞ്ഞവര്‍ഷം കടന്നുപോയതെന്നും യുഎസ് നാഷണല്‍ ഓഷ്യാനിക് ആന്റ് അറ്റ്‌മോസ്പിയറിക് അഡ്മിനിസ്‌ട്രേഷന്‍ (എന്‍ഒഎഎ) പറയുന്നു. ഓരോ വര്‍ഷവും ഭൂമിയിലെ ചൂട് വര്‍ധിച്ചുകൊണ്ടിരിക്കുകയാണെന്ന ശാസ്ത്ര നിഗമനങ്ങളെ ശരിവെയ്ക്കുന്ന കണക്കുകള്‍ പുറത്തുവിട്ടിരിക്കുകയാണ് അവര്‍.

2016 പിറന്നിട്ട് ഒരു മാസം പിന്നിടുന്നതിന് മുന്‍പ് തന്നെ പോയവര്‍ഷത്തേക്കാള്‍ ചൂട് കൂടുലായിരിക്കുമെന്നും അവര്‍ പറയുന്നു. അങ്ങനെയെങ്കില്‍ തുടര്‍ച്ചയായി മൂന്നുകൊല്ലം റെക്കോര്‍ഡ് ചൂട് രേഖപ്പെടുത്തുന്ന അപൂര്‍വ കാലാവസ്ഥയായിരിക്കും ഇത്. രണ്ടുവര്‍ഷം തുടര്‍ച്ചയായി റെക്കോര്‍ഡ് ചൂട് ഉണ്ടാകുന്നത് പുതിയ സംഭവം അല്ലെങ്കിലും എന്‍ഒഎഎ ഉള്‍പ്പെടെയുള്ള ഏജന്‍സികളുടെ റെക്കോര്‍ഡ് ബുക്കുകളിലൊന്നും തുടര്‍ച്ചയായി മൂന്നു വര്‍ഷം റെക്കോര്‍ഡ് ചൂടെന്ന പ്രതിഭാസം രേഖപ്പെടുത്തിയിട്ടില്ല. നാസ പ്രവചിക്കുന്നതു പോലെ ഈ വര്‍ഷവും ചൂട് കൂടുതലാണെങ്കില്‍ അത് അപൂര്‍വ സംഭവമായി മാറും.

കഴിഞ്ഞ വര്‍ഷം ജനുവരി, ഏപ്രില്‍ ഒഴികെയുള്ള പത്തു മാസങ്ങളും നിലവിലെ ചൂടിന്റെ റെക്കോര്‍ഡ് തകര്‍ത്തു. വാതകപുറംതള്ളലുകള്‍ കാര്‍ബണ്‍ഡയോക്‌സൈഡ് ഇന്ധനങ്ങളുടെ ജ്വലനം തുടങ്ങിയ കാരണങ്ങളാണ് ചൂട് കൂടുന്നതിന് പിന്നിലെന്ന് ശാസ്ത്രം വിശദീകരിക്കുന്നു. ചൂട് കൂടുക എന്നത് ഏതെങ്കിലും ഒരു പ്രദേശത്ത് മാത്രമായിരുന്നില്ല, ആഗോള വ്യാപകമായി ചൂട് കൂടുതലായിരുന്നു. 20ാം നൂറ്റാണ്ടില്‍ ഉണ്ടായ ശരാശരി താപനിലയെക്കാള്‍ ഒരുപാട് കൂടുതലായിരുന്നു ഏറ്റവും ഒടുവിലായി രേഖപ്പെടുത്തിയ താപനില. ജനവാസമുള്ള ആറ് ഭൂഖണ്ഡങ്ങളിലും സ്ഥിതി ഇതുതന്നെയായിരുന്നു. ഗ്രീന്‍ലാന്‍ഡിന്റെ പടിഞ്ഞാറന്‍ തീരും മാത്രമായിരുന്നു അങ്ങനെ അല്ലാതിരുന്നത്. ഇതിന്റെ കാരണം കണ്ടെത്താനുള്ള ശ്രമത്തിലാണ് ശാസ്ത്രജ്ഞര്‍.

ഏഷ്യയിലും സൗത്ത്അമേരിക്കയിലും രേഖപ്പെടുത്തിയിട്ടുള്ളതില്‍വെച്ച് ഏറ്റവും കൂടുതല്‍ ചൂട് അനുഭവപ്പെട്ടപ്പോള്‍ ആഫ്രിക്കയിലും യൂറോപ്പിലും ഉണ്ടായത് ചരിത്രരേഖയിലെ രണ്ടാമത്തെ വലിയ ചൂടാണ്. നോര്‍ത്ത് അമേരിക്കയില്‍ ഉണ്ടായത് ചരിത്രത്തിലെ അഞ്ചാമത്തെ ഏറ്റവും വലിയ ചൂടാണ്. ഓസ്‌ട്രേലിയ ഓഷ്യാനിയ എന്നിവിടങ്ങളില്‍ ആറാമത്തെ വലിയ ചൂടും രേഖപ്പെടുത്തി എന്ന് അവര്‍ പറയുന്നു.

Comments

comments