യുദ്ധഭൂമിയായി യാര്‍ലൂപ്: രക്ഷാപ്രവര്‍ത്തനം തുടരുന്നു.

പെര്‍ത്ത്: വെസ്റ്റേണ്‍ഓസ്‌ട്രേലിയ സമീപകാലത്ത് കണ്ട ഏറ്റവും വലിയ കാട്ടുതീ ജനജീവിതം ദുസ്സഹമാക്കി മുന്നേറുന്നു. യുദ്ധഭൂമിപോലെയാണ് ഇപ്പോള്‍ മേഖലയെന്നും കാട്ടുതീ മൂലം പലയിടങ്ങളിലേക്ക് മടങ്ങിയവര്‍ തിരിച്ചെത്താന്‍ ശ്രമിക്കുന്നത് കൂടുതല്‍ അപകടം ക്ഷണിച്ചുവരുത്തുമെന്നും അധികൃതര്‍ പറഞ്ഞു. 128 വീടുകള്‍ ഉള്‍പ്പെടെ 143 കെട്ടിടങ്ങളാണ് സൗത്ത് വെസ്റ്റിലെ തീയില്‍ കത്തിനശിച്ചത്. കാട്ടുതീയില്‍ 70000 ഹെക്ടര്‍ പ്രദേശം പൂര്‍ണമായും കത്തി നശിച്ചു. ഹാര്‍വി, കുക്കെര്‍നുപ്, യാര്‍ലൂപ്, വോക്കാലൂപ് തുടങ്ങിയ പട്ടണങ്ങളില്‍ നിന്നാണ് ആളുകളെ മാറ്റിപ്പാര്‍പ്പിച്ചത്. യാര്‍ലൂപില്‍ നിന്ന് നാല് പേരെ കാണാതായിരുന്നു. പെര്‍ത്തില്‍ നിന്ന് 120 കിലോമീറ്റര്‍ തെക്കുളള ചെറിയ ടൗണ്‍ഷിപ്പിലെ 131 വീടുകള്‍ പൂര്‍ണമായും നശിച്ചെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. വരും ദിവസങ്ങളില്‍ ഈ സംഖ്യയും ഉയര്‍ന്നേക്കാമെന്ന് സൂചനയുണ്ട്. രക്ഷാപ്രവര്‍ത്തകരും ആകെ ക്ഷീണിതരായിരിക്കുകയാണ്.

യാര്‍ലൂപില്‍ നിന്ന് 100 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. പിന്‍ജാരയിലേക്കാണ് ഇവരെ മാറ്റിയിരിക്കുന്നത്. ഇപ്പോള്‍ ചെറിയൊരു കാറ്റ് പോലും തീപടര്‍ത്തുകയാണ്. തീയുണ്ടാകുമ്പോഴേക്കും അന്തരീക്ഷം ചൂട് പിടിക്കുന്നു. ഇത് അന്തരീക്ഷ മര്‍ദ്ദവും ഉയരാനിടയാക്കും. അന്തരീക്ഷത്തില്‍ ഈര്‍പ്പം കൂടിയുണ്ടെങ്കില്‍ അത് മേഘരൂപീകരണത്തിലേക്കും നീങ്ങുന്നു. തുടര്‍ന്ന് ഇത് അന്തരീക്ഷത്തിലെ കാര്‍ബണ്‍ അടക്കമുളള ഘടകങ്ങള്‍ വര്‍ദ്ധിക്കാനും കാരണമാകുന്നു. 58000 ഹെക്ടര്‍ നശിപ്പിച്ച കാട്ടുതീയ് ഇപ്പോള്‍ ദക്ഷിണ പശ്ചിമ മേഖല ലക്ഷ്യമാക്കി നീങ്ങുകയാണ്. വരൂണയും ഹാര്‍വിയും അടങ്ങുന്ന ഈ മേഖലകളില്‍ രക്ഷാ പ്രവര്‍ത്തകര്‍ നേരത്തെ തന്നെ അടിയന്തര മുന്നറിയിപ്പുകള്‍ നല്‍കിയിട്ടുണ്ട്. പ്രദേശത്തെ 4200 വീടുകളില്‍ വൈദ്യുതി ബന്ധം പൂര്‍ണമായും നിലച്ചിരിക്കുകയാണ്. പ്രെസ്റ്റണ്‍ ബീച്ചിലും 100 പേര്‍ കുടുങ്ങിയതായി റിപ്പോര്‍ട്ടുണ്ട്. യാര്‍ലൂപില്‍ നിന്ന് 25 മിനിറ്റ് ദൂരമുളള ഒറ്റപ്പെട്ട ദ്വീപാണിത്. ചുറ്റും വെളളവും ദേശീയ പാര്‍ക്ക് കുറ്റിക്കാടുമാണ്. രക്ഷാപ്രവര്‍ത്തകര്‍ എത്തും വരെ അവര്‍ അവിടെ സുരക്ഷിതരായിരിക്കുമെന്നാണ് പ്രതീക്ഷ.

യാര്‍ലൂപിലുളളവരെ സഹായിക്കാനായി സര്‍ക്കാര്‍ കഴിയുന്നതെല്ലാം ചെയ്യുമെന്ന് എമര്‍ജന്‍സി സര്‍വീസ് മന്ത്രി ജോ ഫ്രാന്‍സിസ് പറഞ്ഞു. ടൗണ്‍ഷിപ്പിന്റെ മൂന്നിലൊന്നും ചാമ്പലായി. പ്രദേശത്തെ മൂന്നിലൊന്ന് വീടുകളും കത്തി നശിച്ചു. കാട്ടുതീ അണയ്ക്കുക എന്നതാണ് സര്‍ക്കാരിന്റെ പ്രധാന ലക്ഷ്യം. കാട്ടുതീ നിയന്ത്രണ വിധേയമായാലും ജനങ്ങളുടെ വീടുകളും ജീവിതോപാധികളും വലിയ വെല്ലുവിളിയാകുമെന്നാണ് അധികൃതരുടെ വിലയിരുത്തല്‍.

Comments

comments