മന്ത്രി പീറ്റര്‍ ഡുട്ടണ്‍ ഇടപെട്ടു: ജസ്പാല്‍ സിംഗിന് മെല്‍ബണില്‍ തിരിച്ചെത്താം.

മെല്‍ബണ്‍: എമിഗ്രേഷന്‍ മന്ത്രി പീറ്റര്‍ ഡൗട്ടണ് നന്ദി. പിതാവിന്റെ മൃതദേഹവുമായി നാട്ടിലേക്ക് പോയശേഷം തിരിച്ചെത്താന്‍ ബ്രിഡ്ജിംഗ് വിസ ഉടമയായ ജസ്പാല്‍ സിംഗിന് മന്ത്രി പ്രത്യേക താത്പര്യപ്രകാരം അനുമതി നല്‍കി. കുടുംബാംഗങ്ങളുടെ അപേക്ഷയെത്തുടര്‍ന്ന് വെള്ളിയാഴ്ച ഉച്ചയോടെയാണ് ജസ്പാല്‍ സിംഗിന് പുതിയ വിസ അനുവദിച്ചതെന്ന് സിംഗിന്റെ അഭിഭാഷകന്‍ അറിയിച്ചു. പിതാവിന്റെ മൃതദേഹം നാട്ടിലെത്തിച്ചശേഷം തിരിച്ച് ഓസ്‌ട്രേലിയയില്‍ എത്താനുള്ള അനുമതിയാണ് ജസ്പാല്‍ സിംഗിന് ലഭിച്ചിരിക്കുന്നത്. മകനെ സന്ദര്‍ശിക്കാനെത്തിയ ജസ്പാലിന്റെ പിതാവ് ഗുര്‍ദയാല്‍ സിംഗ് തിങ്കളാഴ്ച മെല്‍ബണ്‍ വിമാനത്താവളത്തില്‍ ഹൃദ്രോഗ ബാധയെത്തുടര്‍ന്നാണ് അന്തരിച്ചത്.

ജസ്പാലിന്റെ ഭാര്യയും 11 മാസം പ്രായമുള്ള കുട്ടിയും മെല്‍ബണിലാണ്. പിതാവിന്റെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിന് ഇന്ത്യയിലേക്കു പോയാല്‍ മടക്കയാത്രയ്ക്ക് അനുമതി ലഭ്യമല്ലാത്തവിധമാണ് ഇദ്ദേഹത്തിന്റെ വിസാ രേഖകള്‍. ഭാര്യയാണെങ്കില്‍ ഗര്‍ഭാവസ്ഥയിലും. 26 കാരായ ജസ്പാല്‍ പഠനത്തിനായാണ് മെല്‍ബണിലെത്തിയത്. തിങ്കളാഴ്ച രാവിലെയാണ് ജസ്പാലിന്റെ അച്ഛന്‍ ഗുര്‍ദയാല്‍ സിംഗും ഭാര്യയും മെല്‍ബണ്‍ വിമാനത്താവളത്തിലെത്തിയത്. ഇതിനിടെ അത്യാഹിതം സംഭവിക്കുകയും ചെയ്തു. പാരാമെഡിക്‌സ് സംഘം ഉടന്‍ ഇദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ജസ്പാല്‍ സിംഗിന്റെ വിസയുടെ ക്ലാസ് ആണ് പ്രശ്‌നം സങ്കീര്‍ണമാകുന്നത്. 2013 ല്‍ മുന്‍ പങ്കാളിയുമായി വേര്‍പിരിഞ്ഞതിനെത്തുടര്‍ന്ന് സിംഗിന്റെ വിസ മൂന്നാഴ്ചത്തേക്ക് റദ്ദ് ചെയ്തിരുന്നു. തുടര്‍ന്നാണ് ഭാര്യ മന്‍ദീപ് കൗറുമൊത്ത് പുതിയ വിസയ്ക്ക് സിംഗ് അപേക്ഷിച്ചത്. എന്നാല്‍ ഇക്കാര്യത്തില്‍ എമിഗ്രേഷന്‍ വകുപ്പ് അന്തിമതീരുമാനമെടുത്തിട്ടില്ല.

Comments

comments