സോളാര്‍പാനല്‍ ഭക്ഷിക്കുന്ന ഇന്ത്യക്കാർ! ദ ഓസ്‌ട്രേലിയന്‍ വിവാദത്തിലേക്ക്.

മെല്‍ബണ്‍: ഇന്ത്യയ്ക്കാരെ പട്ടിണിക്കാരായി ചിത്രീകരിച്ച് ദി ഓസ്‌ട്രേലിയനില്‍ വന്ന കാര്‍ട്ടൂണ്‍ വിവാദമാകുന്നു. മാധ്യമഭീമന്‍ റൂപര്‍ട്ട് മര്‍ഡോക്കിന്റെ ഉടമസ്ഥതയിലുള്ളതാണ് ദി ഓസ്‌ട്രേലിയന്‍. വംശീയാധിക്ഷേപമാണ് കാര്‍ട്ടൂണിലൂടെ നടത്തിയിരിക്കുന്നതെന്ന വിമര്‍ശനവുമായി നിരവധി പ്രമുഖര്‍ രംഗത്തെത്തിക്കഴിഞ്ഞു. ശാരീകമായി അവശനിലയിലായ ഒരു കുടുംബം സോളാര്‍ പാനലുകള്‍ പൊട്ടിക്കുകയും അതില്‍ ഒരാള്‍ മാങ്ങാചട്ണി കൂട്ടി അതു കഴിക്കാന്‍ ശ്രമിക്കുന്നതുമാണ് കാര്‍ട്ടൂണില്‍ ചിത്രീകരിച്ചിട്ടുള്ളത്. കാർബണ്‍ പുറന്തള്ളൽ (carbon emission) കുറക്കുന്നതിനുള്ള ഇന്ത്യയുടെ ശ്രമത്തെ കളിയാക്കുന്നതരത്തിലുള്ളതാണ് കാർട്ടൂണ്‍. ഇന്ത്യയെ പോലുള്ള വികസ്വര രാജ്യങ്ങള്‍ക്ക് സാങ്കേതിക വിദ്യയല്ല, പട്ടിണി മാറ്റാനുള്ള ഭക്ഷണമാണ് ആവശ്യമെന്ന് സൂചിപ്പിക്കുന്നതാണ് ബില്‍ ലീക് വരച്ച കാര്‍ട്ടൂണ്‍.

കാര്‍ട്ടൂണ്‍ വംശീയ അധിക്ഷേപമാണന്നതില്‍ ഒരു സംശയവുമില്ലെന്നും മൂന്നാം ലോക രാജ്യങ്ങളെ കുറിച്ചും അവികസിതരായ ജനങ്ങളെ കുറിച്ചുമുള്ള വില കുറഞ്ഞ മുന്‍ധാരണ മാത്രമാണിതെന്നും മക്യൂറെ യൂണിവേഴ്‌സിറ്റിയിലെ സോഷ്യോളജി അസോസിയേറ്റ് പ്രൊഫസര്‍ അമാന്‍ഡ വൈസ് അഭിപ്രായപ്പെട്ടു. പരിവര്‍ത്തിത ഊര്‍ജം കൈകാര്യം ചെയ്യാന്‍ ഇന്ത്യ പര്യാപ്തമല്ലെന്നും വികസ്വര രാജ്യങ്ങളെല്ലാം വിഡ്ഢികളാണെന്നുമുള്ള സന്ദേശമാണ് ഈ കാര്‍ട്ടൂണ്‍ നല്‍കുന്നതെന്ന് ഡെയ്കിന്‍ യൂണിവേഴ്‌സിറ്റിയിലെ പ്രൊഫ. യിന്‍ പാരഡൈസും
നിരീക്ഷിച്ചു, ഇന്ത്യയിലെ കര്‍ഷകരെ കുറിച്ച അഞ്ജതയാണ് ഈ കാര്‍ട്ടൂണിലുള്ളതെന്ന് കാച്ച് ന്യൂസ് പത്രാധിപര്‍ ഷോമ ചൗധരി
അഭിപ്രായപ്പെട്ടു. സോളാര്‍ പാനല്‍ എന്താണെന്ന് ഈ കര്‍ഷകര്‍ ബില്‍ ലീകിന് പറഞ്ഞുകൊടുക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അതേസമയം, വിവാദ കാര്‍ട്ടൂണിനെ കുറിച്ച് ബില്‍ ലീക് പ്രതികരിച്ചിട്ടില്ല.

പാരീസ് ഉച്ചകോടിയില്‍ ദിവസങ്ങള്‍ നീണ്ട ചര്‍ച്ചകള്‍ക്കൊടുവില്‍ ഇന്ത്യ, ചൈന, യു.എസ് എന്നീ രാജ്യങ്ങളുടെ ആംഗീകാരത്തോടെയാണ് കാലാവസ്ഥാ ഡീല്‍ ഉറപ്പിച്ചത്. ചര്‍ച്ചയ്ക്കിടെ വികസ്വര രാജ്യങ്ങള്‍ക്കുവേണ്ടി ഇന്ത്യ ഏറെ വാദിച്ചിരുന്നു. വികസിത രാജ്യങ്ങള്‍ വികസ്വര രാജ്യങ്ങള്‍ക്ക് സാമ്പത്തിക സഹായം നല്‍കണമെന്നും അതുവഴി അവര്‍ക്കും ഹരിത സാങ്കേതികവിദ്യ പ്രാപ്തമാക്കാന്‍ സഹായിക്കണമെന്നുമായിരുന്നു ഇന്ത്യ ആവശ്യപ്പെട്ടത്.

Comments

comments