സിഡ്‌നിയെ പിന്തള്ളി മെല്‍ബണ്‍ വലിയ നഗരമായി മാറുന്നു

മെല്‍ബണ്‍: ഓസ്‌ട്രേലിയയിലെ ഏറ്റവും വലിയ നഗരമെന്ന ബഹുമതി സിഡ്‌നിയില്‍ നിന്ന് മെല്‍ബണ്‍ സ്വീകരിക്കാനൊരുങ്ങുന്നു. കഴിഞ്ഞ ഒരൊറ്റവര്‍ഷം കൊണ്ട് മെല്‍ബണിലെ ജനസംഖ്യയില്‍ 95,000 ത്തിന്റെ വര്‍ധനയാണ് ഉണ്ടായത്. മഹാനഗരത്തിലെ ജനസംഖ്യ തെക്കുപടിഞ്ഞാറന്‍, പടിഞ്ഞാറന്‍, വടക്കന്‍ മേഖലകളിലേക്ക് വളരുകയുമാണ്. പോയിന്റ് കുക്ക്, വേരീ-ബീ, ഹോപ്പേഴ്‌സ് ക്രോസിംഗ്, ട്രാനിയെറ്റ് എന്നിവ ഉള്‍പ്പെടുന്ന വിന്‍ഡ്ഹാം മേഖലയിലാണ് വളര്‍ച്ച അതിവേഗത്തില്‍ മുന്നേറുന്നത്.

2014 ല്‍ മേഖലയിലേക്ക് 10,604 പേരാണ് താമസിക്കാനെത്തിയത്. ഇപ്പോള്‍ ഏകദേശം 200,000 പേരാണ് മേഖലയില്‍ താമസിക്കുന്നത്. കാസി, ഹ്യും കൗണ്‍സിലുകളിലാണ് ഏറ്റവും കൂടുതല്‍ പേരുടെ വര്‍ധന. യഥാക്രമം 8508, 5708 എന്നിങ്ങനെയാണ് ഈ രണ്ടുമേഖലകളിലും ഉണ്ടായ വര്‍ധനയെന്ന് വിക്ടോറിയന്‍ പോപ്പുലേഷന്‍ ബുള്ളറ്റിന്‍ 2015 വ്യക്തമാക്കുന്നു. കാസിയില്‍ നാരേ വാറന്‍, ക്രാന്‍ബേണ്‍, ബ്രിവിക് കൗണ്‍സിലുകള്‍ മെല്‍ബണിലെ ഏറ്റവും തിരക്കേറിയ പ്രദേശമായി മാറുകയുമാണിപ്പോള്‍.

വിദേശികളുടെ കുടിയേറ്റമാണ് ജനസംഖ്യാ വര്‍ധനയ്ക്ക് കാരണമെന്ന് ഈ മേഖലയിലെ വിദഗ്ധനായ ബോബ് ബിറല്‍ പറയുന്നു. ഇതോടൊപ്പം വിക്ടോറിയക്കാര്‍ നഗരത്തിലേക്കു കുടിയേറുന്നതും പ്രശ്‌നമാണ്. വിക്ടോറിയയിലെ നാല് പേരെ എടുത്താല്‍ അതില്‍ മൂന്നുപേരും മെട്രോപോളിറ്റന്‍ മെല്‍ബണിലാണ് താമസിക്കുന്നത്. തലസ്ഥാനത്തെ ജനസംഖ്യ 4.4 മില്യന്‍ ആണ്. ഒരൊറ്റവര്‍ഷം കൊണ്ട് 2.2 ശതമാനത്തിന്റെ വര്‍ധന ഉണ്ടായി.

2050 ഓടെ ജനസംഖ്യയുടെ കാര്യത്തിൽ സിഡ്‌നിയെ മെല്‍ബണ്‍ മറികടക്കുമെന്നായിരുന്നു നേരത്തെ ചില വിദദ്ധര്‍ പ്രവചിച്ചിരുന്നത്. എന്നാല്‍ ഇപ്പോഴത്തെ നിരക്കില്‍ ജനസംഖ്യ ഉയര്‍ന്നാല്‍ 2050 വരെ കാത്തിരിക്കേണ്ടിവരില്ലെന്നാണ് പറയുന്നത്.

Comments

comments